നിപ്പ: കൈത്താങ്ങായി ഡോ. ഷംസീര്‍ വയലില്‍; ഒന്നേമുക്കാല്‍ കോടിയുടെ സുരക്ഷാ ഉപകരണങ്ങള്‍ കേരളത്തിലെത്തിച്ചു

Posted on: June 2, 2018 3:52 pm | Last updated: June 2, 2018 at 3:58 pm

അബൂദബി: നിപ്പ വൈറസ് പ്രതിരോധത്തിനുള്ള ഒന്നേമുക്കാല്‍ കോടി രൂപയുടെ സുരക്ഷാ ഉപകരണങ്ങള്‍ കേരളത്തില്‍ എത്തിച്ച് വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഷംസീര്‍ വയലില്‍. അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപിഎസ് ഹെല്‍ത്ത് കെയറില്‍ നിന്ന് സ്വന്തം വിമാനത്തിലാണ് അദ്ദേഹം സുരക്ഷാ ഉപകരണങ്ങള്‍ എത്തിച്ചത്.

പി പി ഇ കിറ്റ്, എന്‍ 95 മാസ്‌കുകള്‍, ബോഡി ബാഗുകള്‍, ത്രീ ലയര്‍ മാസ്‌കുകള്‍ തുടങ്ങിയ ഉപകരണങ്ങളാണ് എത്തിച്ചത്. ഇവ ആരോഗ്യമന്ത്രി കെ കെ ശൈലജ ഏറ്റുവാങ്ങി. ഫേസ്ബുക്കിലൂടെ മന്ത്രിയാണ് ഇക്കാര്യമറിയിച്ചത്.

കാര്‍ഗോ വഴി അയക്കുന്നത് കാലതാമസം നേരിടും എന്നതിനാലാണ് വിമാനത്തില്‍ ഉപകരണങ്ങള്‍ എത്തിച്ചത്. ഷംഷീറിന്റെ ഈ ഉദ്യമം പ്രശംസനയീയമാണെന്ന് മന്ത്രി പറഞ്ഞു.