Connect with us

National

ചര്‍ച്ചകള്‍ തുടങ്ങി; ബിജെപിയെ വീഴ്ത്താന്‍ കോണ്‍ഗ്രസ്- ആംആദ്മി സഖ്യം വരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചുകൊണ്ടിരിക്കുന്ന പ്രതിപക്ഷ ഐക്യം ഡല്‍ഹിയിലും വരുന്നു. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് ചര്‍ച്ചകള്‍ തുടങ്ങിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

2015ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുമായും അടുത്തിടെ കര്‍ണാടകയില്‍ ജനതാദള്‍ എസുമായും കോണ്‍ഗ്രസ് കൈകോര്‍ത്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഡല്‍ഹിയും ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ജയറാം രമേശും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് മാക്കനുമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. സഖ്യത്തിലേര്‍പ്പെടുന്ന പക്ഷം ഡല്‍ഹിയില്‍ ആകെയുള്ള ഏഴ് സീറ്റുകളില്‍ അഞ്ചെണ്ണം തങ്ങള്‍ക്ക് വേണമെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ നിലപാട്. എന്നാല്‍, മൂന്ന് സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്ന് കോണ്‍ഗ്രസ് പറയുന്നു. എന്നാല്‍, രണ്ടില്‍ സീറ്റുകളില്‍ കൂടുതല്‍ നല്‍കാനാകില്ലെന്ന നിലപാടിലാണ് ആംആദ്മി.

കോണ്‍ഗ്രസുമായി അടുക്കുന്നുവെന്ന സൂചനകള്‍ ശക്തമാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. മന്‍മോഹന്‍ സിംഗിനെപ്പോലെ വിദ്യാഭ്യാസമുള്ള പ്രധാനമന്ത്രിയെ ജനങ്ങള്‍ക്ക് “മിസ്” ചെയ്യുന്നുവെന്നായിരുന്നു കെജ്‌രിവാളിന്റെ വാക്കുകള്‍. അതേസമയം, ആംആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതിനെതിരെ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളില്‍ ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് എഎപി വന്‍ ഭൂരിപക്ഷത്തോടെ ഭരണത്തിലേറിയെങ്കിലും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏഴ് ലോക്‌സഭാ സീറ്റുകളിലും ബിജെപിയാണ് വിജയിച്ചത്. എന്നാല്‍, ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും കൈകോര്‍ത്താല്‍ നിലവിലെ വോട്ട് ഷെയര്‍ പ്രകാരം സഖ്യത്തിന് ഏഴ് സീറ്റുകളിലും അനായാസ ജയം ഉറപ്പാണ്.