കാലിന്‍മേല്‍ കാല്‍ കയറ്റിവെച്ചതിന് മൂന്ന് ദളിതരെ കൊന്നു; കച്ചത്താനം സംഘര്‍ഷഭരിതം

Posted on: June 2, 2018 6:08 am | Last updated: June 2, 2018 at 1:01 am
SHARE

മൂന്ന് ദളിതുകള്‍ കൊല്ലപ്പെട്ട കച്ചത്താനം ഗ്രാമത്തില്‍ പോലീസ് തിരച്ചില്‍ നടത്തുന്നു

ചെന്നൈ: പൊതു സ്ഥലത്ത് കാലിന്‍മേല്‍ കാല്‍ കയറ്റി വെച്ചിരുന്നതിന്റെ പേരില്‍ മൂന്ന് ദളിതരെ കൊന്ന തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയില്‍ സ്ഥിതി സംഘര്‍ഷഭരിതം. ദളിതര്‍ താമസിക്കുന്ന മേഖലയില്‍ സവര്‍ണ സംഘം വീണ്ടും ആക്രമണം അഴിച്ചു വിട്ടു.

തിങ്കളാഴ്ച രാത്രിയാണ് ജില്ലയിലെ കച്ചത്താനം ഗ്രാമത്തില്‍ 20 ഓളം വരുന്ന തേവര്‍ സംഘം ദളിതുകളെ ആക്രമിച്ചത്. തൈവെന്തിരന്‍, പ്രഭാകരന്‍ എന്നിവര്‍ കുറുപ്പുസ്വാമി അമ്പലത്തിന് മുന്നില്‍ കാലിന്മേല്‍ കാല്‍ കയറ്റി വെച്ചിരിക്കുകയായിരുന്നു. ഇതു കണ്ട ഉന്നത ജാതിയില്‍ പെട്ടവര്‍ തങ്ങളോട് മര്യാദകേട് കാണിച്ചു എന്നു പറഞ്ഞ് രണ്ട് പേരെയും അസഭ്യം പറഞ്ഞു. ഇതിന്റെ പേരില്‍ വാക്കേറ്റമുണ്ടാകുകയും പിന്നീട് അത് സംഘര്‍ഷമായി മാറുകയുമായിരുന്നു. ദേവേന്ദ്ര കുലത്തില്‍ പെട്ട ദളിതരും തേവര്‍ വിഭാഗത്തിലുള്ള ഉന്നതകുല ജാതരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

സംഘര്‍ഷത്തില്‍ കെ അറുമുഖന്‍, എ ഷണ്‍മുഖന്‍, ചന്ദ്രശേഖര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. അറുമുഖന്‍, ഷണ്‍മുഖന്‍ എന്നിവര്‍ തിങ്കളാഴ്ച രാത്രി ഗ്രാമത്തില്‍ വെച്ച് തന്നെ കൊല്ലപ്പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചന്ദ്രശേഖര്‍ വ്യാഴാഴ്ചയാണ് മരിച്ചത്.

ദളിതര്‍ പോലീസില്‍ പരാതി നല്‍കുകയും രണ്ട് പേരെ കസ്റ്റഡില്‍ എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്നും ഉന്നതജാതിയില്‍പെട്ടവര്‍ ദളിതരുടെ വീടുകളില്‍ അക്രമം അഴിച്ചുവിടുകയാണ്. വൈദ്യുതിബന്ധം വിച്ഛേദിച്ചാണ് പലയിടത്തും അക്രമം നടക്കുന്നത്. അക്രമികള്‍ക്ക് സൗകര്യമൊരുക്കി കൊടുക്കുന്നത് പോലീസുകാരാണെന്ന് ഗ്രാമവാസികള്‍ പറയുന്നു. പോലീസിന്റെ ഒത്താശയോടെ ദളിത് കേന്ദ്രങ്ങളില്‍ വന്ന് വീടുകള്‍ തകര്‍ക്കുകയും വ്യാപകമായ അക്രമം അഴിച്ചു വിടുകയുമാണ് തേവര്‍ വിഭാഗം.

കച്ചത്താനത്ത് 40 വീടുകളും ദളിതരുടേതാണ്. അഞ്ച് വീടുകള്‍ മാത്രമാണ് സവര്‍ണര്‍ക്കുള്ളത്. എന്നാല്‍ ചുറ്റുമുള്ള ഗ്രാമങ്ങള്‍ സവര്‍ണാധിപത്യമുള്ളവയാണ്. ഇവിടെ നിന്ന് വരുന്ന അക്രമികള്‍ കച്ചത്താനത്തെ തേവര്‍ വിഭാഗക്കാരെ മുന്‍നിര്‍ത്തി അഴിഞ്ഞാടുകയാണെന്ന് ഗ്രാമീണര്‍ പറയുന്നു. കച്ചത്താനവും പരിസര പ്രദേശങ്ങളും ജാതി സ്പര്‍ധാ പ്രദേശങ്ങളായി പ്രഖ്യാപിച്ച് സുരക്ഷ ശക്തമാക്കാന്‍ ജില്ലാ ഭരണകൂടത്തിന് ദേശീയ പട്ടിക ജാതി കമ്മീഷന്‍ നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here