ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് പിറകേ യു പിയില്‍ യോഗിവിരുദ്ധ കലാപം

ആക്ഷേപഹാസ്യ കവിതയുമായി ബി ജെ പി എം എല്‍ എ
Posted on: June 2, 2018 6:06 am | Last updated: June 2, 2018 at 12:57 am
SHARE

ലക്‌നോ: യു പിയിലെ കൈരാനാ ഉപതിരഞ്ഞെടുപ്പിലും ബി ജെ പി പരാജയപ്പെട്ടതിന് പിറകേ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കലാപക്കൊടിയുയര്‍ത്തി കൂടുതല്‍ ബി ജെ പി നേതാക്കള്‍. യോഗി മന്ത്രിസഭയിലെ ചില മന്ത്രിമാരെ നീക്കം ചെയ്തില്ലെങ്കില്‍ യു പിയില്‍ പാര്‍ട്ടിയുടെ അന്ത്യം സുനിശ്ചിതമാണെന്ന് ബാലിയ ജില്ലയിലെ ബെയിരാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ട്ടി എം എല്‍ എ സുരേന്ദ്ര സിംഗ് പറഞ്ഞു. ഇക്കാര്യത്തില്‍ കുറച്ച് കൂടി ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‘ഉപതിരഞ്ഞെടുപ്പിലെ പരാജയത്തില്‍ യോഗി ആദിത്യനാഥിന് ഉത്തരവാദിത്വമുണ്ട്. എന്നാല്‍ അതിനേക്കാള്‍ ഉത്തരവാദിത്വമുള്ളത് ഏതാനും മന്ത്രിമാര്‍ക്കാണ്. അമ്പത് ശതമാനം മന്ത്രിമാരുടെ പ്രവര്‍ത്തനം ശരിയായ ദിശയിലല്ല. അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വാക്കുകള്‍ക്ക് ചെവികൊടുക്കുന്നില്ല. ഇവര്‍ തുടര്‍ന്നാല്‍ ഇത് തന്നെയായിരിക്കും ഗതി’- സുരേന്ദ്ര സിംഗ് പറഞ്ഞു.

ഹര്‍ദോയി ജില്ലയില്‍ നിന്നുള്ള എം എല്‍ എയായ ശ്യാം പ്രകാശ് ഫേസ്ബുക്കില്‍ ആക്ഷേപഹാസ്യ കവിത കുറിച്ചാണ് യോഗിയെ വിമര്‍ശിച്ചത്. ഹിന്ദിയിലാണ് കവിത. ‘മോദി നാം സേ പാ ഗായേ രാജ്, കര്‍ നാ സാകേ ജന്‍താ മാന്‍ കാജ്’ – ഇങ്ങനെ പോകുന്നു പ്രാസമൊപ്പിച്ചുള്ള ആക്ഷേപ ഹാസ്യം. മോദിയുടെ പേരില്‍ നമ്മള്‍ അധികാരത്തിലെത്തി. പക്ഷേ ജനങ്ങളെ സേവിച്ചില്ല. അധികാര കസേരകള്‍ സംഘ്പരിവാര്‍ സംഘടനകള്‍ കൈയടക്കി. പാവം മുഖ്യമന്ത്രി അസന്തുഷ്ടനാണെന്ന് തോന്നുന്നു. ജനങ്ങളും എം എല്‍ എമാരും തമ്മില്‍ അങ്ങേയറ്റത്തെ മോശം ബന്ധം. ബ്യൂറോക്രാറ്റുകളും പ്രസിഡന്റും കൈക്കൂലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.’ എന്ന് കവിത മൊഴിമാറ്റാം.

അതിനിടെ, തന്റെ കവിത മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ളതല്ലെന്ന് ശ്യാം പിന്നീട് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ആഗ്രഹമനുസരിച്ച് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പറയാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. പോലീസ് സ്റ്റേഷനില്‍ കയറിച്ചെല്ലുന്ന സാധാരണക്കാരന് നീതി കിട്ടുന്നില്ല. മനസ്സില്‍ തോന്നിയത് കവിതയായി എഴുതി. അത് ഇങ്ങനെ വൈറലാകുമെന്ന് കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരാന ഉപതിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് ബി ജെ പി സ്ഥാനാര്‍ഥിക്ക് നേരിടേണ്ടിവന്നത്. യു പിയില്‍ യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയശേഷം നടന്ന നിര്‍ണായക ഉപതിരഞ്ഞെടുപ്പിലെല്ലാം ബി ജെ പിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ഉപതിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും പ്രധാന പ്രചാരകന്‍ യോഗി തന്നെ ആയിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിനാണ് പരാജയത്തിന്റെ ഉത്തരവാദിത്വമെന്നാണ് പാര്‍ട്ടി നേതാവ് പരസ്യമായി പറഞ്ഞത്.

കൈരാനയില്‍ സമാജ്‌വാദി പാര്‍ട്ടി, രാഷ്ട്രീയ ലോക്ദള്‍ സഖ്യത്തിന്റെ സംയുക്ത സ്ഥാനാര്‍ഥി തബസ്സും ഹസനാണ് വിജയിച്ചത്. രാജ്യത്താകെ ബി ജെ പിയുടെ ഗ്രാഫ് കുത്തനെ താഴോട്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ഉപ തിരഞ്ഞെടുപ്പ് ഫലം. പൊതു തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ ബി ജെ പിയുടെ ആത്മവിശ്വാസം ഇടിയുന്നുവെന്നും മോദി പ്രഭാവം മങ്ങുന്നുവെന്നുമാണ് ഈ ഫലം വ്യക്തമാക്കിയത്.
സ്വന്തം കൈയിലുണ്ടായിരുന്ന രണ്ട് ലോക്‌സഭാ മണ്ഡലങ്ങള്‍ ബി ജെ പിക്ക് നഷ്ടമായി. 11 നിയമസഭാ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ 10 ഇടത്തും ബി ജെ പി തോറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here