ഗൗരി ലങ്കേഷ് കൊലപാതകം: നാല് പേര്‍ കൂടി പിടിയില്‍

  • പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു
  • കെ എസ് ഭഗവാനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിലും പ്രതികളാണ് ഇവര്‍
Posted on: June 2, 2018 6:09 am | Last updated: June 2, 2018 at 12:59 am
SHARE

ബെംഗളൂരു: മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പ്രതികള്‍ കൂടി പിടിയിലായി. ഇവരെ 12 ദിവസത്തേക്ക് കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി.

മഹാരാഷ്ട്രയിലെ അമോല്‍ കലേ (39), ഗോവയിലെ അമിത് ദഗ്വാക്കര്‍ എന്ന പ്രദീപ് (39), കര്‍ണാടകയിലെ മനോഹര്‍ ഏഡാവ് (28) എന്നിവരാണ് പിടിയിലായത്. തീവ്രഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്ത, ഹിന്ദു ജനജാഗ്രതി സമിതി എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് പിടിയിലായ മൂന്ന് പേരുമെന്ന് പോലീസ് വെളിപ്പെടുത്തി.

യുക്തിവാദ ചിന്തകനായ കെ എസ് ഭഗവാനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിലും പ്രതികളാണ് ഇവര്‍. ഇതേ കേസില്‍ അറസ്റ്റിലായ കര്‍ണാടക സ്വദേശിയായ സുജിത് കുമാറിനും ഗൗരി ലങ്കേഷ് കൊലപാതകത്തില്‍ പങ്കുണ്ട്. നാല് പേരെയും ബെംഗളൂരു എസ് ഐ ടി മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി.

കെ എസ് ഭഗവാന്‍ വധക്കേസിന്റെ അന്വേഷണത്തിനിടെയാണ് പ്രതികള്‍ക്ക് ഗൗരി ലങ്കേഷ് വധത്തില്‍ പങ്കുണ്ടെന്ന കാര്യം വ്യക്തമായതെന്ന് പോലീസ് കോടതിയില്‍ പറഞ്ഞു. ഇതോടെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുടെ എണ്ണം അഞ്ചായി. ഗൗരിയുടെ ഘാതകര്‍ക്ക് സഹായം ചെയ്ത് കൊടുത്തുവെന്ന കേസില്‍ ഹിന്ദു ജനജാഗ്രതി സമിതി പ്രവര്‍ത്തകന്‍ കര്‍ണാടക മഡ്ഡൂര്‍ സ്വദേശിയായ കെ ടി നവീന്‍ കുമാറി(37) നെ കഴിഞ്ഞ മാര്‍ച്ചില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

അതിനിടെ, ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 650 പേജുള്ള കുറ്റപത്രത്തില്‍ കള്ളത്തോക്ക് വില്‍പ്പനക്കാരനായ നവീന്‍ കുമാറിന് ഗൗരി വധത്തിലുള്ള പങ്കിനെക്കുറിച്ചാണ് പറയുന്നത്. 131 സാക്ഷികളെ കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഗൗരിയുടെ അമ്മ ഇന്ദിരാ ലങ്കേഷ്, സഹോദരന്‍ ഇന്ദ്രജിത്ത്, ഗൗരി ലങ്കേഷ് പത്രിക ജീവനക്കാര്‍ എന്നിവര്‍ സാക്ഷികളാണ്. ഗൗരിയെ വധിക്കാനെത്തിയവര്‍ക്ക് സഹായം നല്‍കിയത് നവീന്‍കുമാറാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഗൗരിയെ വധിച്ചവരെക്കുറിച്ചോ പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനകളെക്കുറിച്ചോ കുറ്റപത്രത്തില്‍ പരാമര്‍ശമില്ല. പ്രാഥമിക കുറ്റപത്രമാണ് സമര്‍പ്പിച്ചതെന്നും അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമം 120 ബി, 118, 35 എന്നീ വകുപ്പുകളാണ് ഇയാളുടെ പേരില്‍ ചുമത്തിയത്.

2017 സെപ്തംബര്‍ അഞ്ചിന് രാത്രി എട്ട് മണിയോടെയാണ് ഗൗരി ലങ്കേഷിനെ രാജരാജേശ്വരി നഗറിലെ വീട്ടിന് മുന്നില്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here