വിന്‍ഡീസ് ചുഴലിയില്‍ ലോക ടീം കടപുഴകി

അഫ്രീദി നയിച്ച ലോക ഇലവന്റെ തോല്‍വി 72 റണ്‍സിന്
Posted on: June 2, 2018 6:05 am | Last updated: June 2, 2018 at 12:38 am
SHARE
വിന്‍ഡീസ് ടീം വിജയാഹ്ലാദത്തില്‍

ലണ്ടന്‍: ലോര്‍ഡ്‌സില്‍ ഐ സി സി ലോക ഇലവനെതിരേ ട്വന്റി20 ലോക ചാമ്പ്യന്‍മാരായ വെസ്റ്റിന്‍ഡീസിന്റെ വിളയാട്ടം. പാകിസ്ഥാന്റെ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി നയിച്ച ലോക ഇലവനെ വിന്‍ഡീസ് 72 റണ്‍സിന് കശക്കിയെറിഞ്ഞു.

കരീബിയന്‍ ദ്വീപുകളില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റിനെ തുടര്‍ന്നു നാശനഷ്ടങ്ങള്‍ സംഭവിച്ച സ്‌റ്റേഡിയങ്ങളുടെ പുനര്‍നിര്‍മാണത്തിനു ധനശേഖരണാര്‍ഥമാണ് മത്സരം സംഘടിപ്പിച്ചിച്ചത്. ടോസ് ലഭിച്ച ലോക ഇലവന്‍ ക്യാപ്റ്റന്‍ അഫ്രീഡി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

എന്നാല്‍ അഫ്രീഡിയുടെ ഈ തീരുമാനം തെറ്റായിപ്പോയെന്നു തെളിയിക്കുന്ന പ്രകടനമാണ് വിന്‍ഡീസ് പുറത്തെടുത്തത്. നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിന്‍ഡീസ് 199 റണ്‍സ് അടിച്ചെടുത്തു.ലോക ഇലവന്‍ 127 റണ്‍സിന് ആള്‍ ഔട്ട് !

വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിനെ കാഴ്ചക്കാരനാക്കി തകര്‍ത്തടിച്ച എവിന്‍ ലൂയിസാണ് വിന്‍ഡീസിന്റെ ടോപ്‌സ്‌കോറര്‍. 26 പന്തില്‍ അഞ്ചു വീതം ബൗണ്ടറികളും സിക്‌സറുമടക്കം ലൂയിസ് 58 റണ്‍സെടുത്തു. ഗെയ്‌ലിന് 18 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. മധ്യനിര ബാറ്റ്‌സ്മാന്‍മാരുടെ വെടിക്കെട്ട് പ്രകടനമാണ് വിന്‍ഡീസിന് മാന്യമായ ടോട്ടല്‍ ഒരുക്കിയത്. ദിനേഷ് രാംദിന്‍ (44*), മര്‍ലോണ്‍ സാമുവല്‍സ് (43), ആന്ദ്രെ റസ്സല്‍ (21*) എന്നിവരെല്ലാം ചുഴലി പോലെ ആഞ്ഞടിച്ചു. 25 പന്തില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറുമുള്‍പ്പെട്ടതായിരുന്നു രാംദിന്റെ ഇന്നിംഗ്‌സെങ്കില്‍ സാമുവല്‍സ് 22 പന്തില്‍ നാലു സിക്‌സറും രണ്ടു ബൗണ്ടറിയും പായിച്ചു. വെറും 10 പന്തിലാണ് മൂന്നു സിക്‌സറുള്‍പ്പെടെ റസ്സല്‍ 21 റണ്‍സെടുത്തത്.

ലോക ഇലവനു വേണ്ടി അഫ്ഗാന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍ രണ്ടു വിക്കറ്റെടുത്തു. ലോക ഇലവന്‍ മുഴുവന്‍ ഓവര്‍ ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ പോലുമാകാതെ നാണംകെട്ടു. 16.4 ഓവറില്‍ 127 റണ്‍സിന് ലോക ഇലവന്‍ കൂടാരത്തില്‍ തിരിച്ചെത്തി. ലങ്കന്‍ താരം തിസാര പെരേരയുടെ (61) ഇന്നിംഗ്‌സാണ് എടുത്തു പറയാനുള്ളത്. ഇന്ത്യയില്‍ നിന്ന് ദിനേശ് കാര്‍ത്തിക്കാണ് ലോക ഇലനവില്‍ കളിച്ചത്.