മ്യുളര്‍ക്കും ഹമ്മല്‍സിനും വിശ്രമം; ഒസില്‍ ടീമില്‍ നിന്ന് ഔട്ടാകുമോ ?

Posted on: June 2, 2018 6:06 am | Last updated: June 2, 2018 at 12:35 am
SHARE
ഒസിലും കോച്ച് ജോക്വം ലോയും സംഭാഷണത്തില്‍

വിയന്ന: ഇന്ന് ആസ്ത്രിയക്കെതിരായ സന്നാഹ മത്സരത്തില്‍ ജര്‍മന്‍ ടീമില്‍ തോമസ് മ്യൂളറും മാറ്റ്‌സ് ഹമ്മല്‍സും കളിക്കില്ല. കോച്ച് ജോക്വം ലോ രണ്ട് പേര്‍ക്കും വിശ്രമം അനുവദിച്ചിരിക്കുകയാണ്. ക്ലബ്ബ് സീസണില്‍ ധാരാളം മത്സരം കളിച്ചവരാണ് മ്യൂളറും ഹമ്മല്‍സും. അവര്‍ക്ക് വേണ്ടത്ര വിശ്രമം ആവശ്യമാണ് – ജോക്വം ലോ പറഞ്ഞു.

റഷ്യയിലേക്ക് പുറപ്പെടും മുമ്പ് രണ്ട് സന്നാഹ മത്സരങ്ങളാണ് ജര്‍മനിക്കുള്ളത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ആസ്ത്രിയക്കെതിരായത്. രണ്ടാം മത്സരം ഈ മാസം എട്ടിന് സഊദി അറേബ്യക്കെതിരെയാണ്.

മ്യുളറും ഹമ്മല്‍സും ബയേണ്‍ മ്യൂണിക് ടീം അംഗം ജെറോം ബോട്ടെംഗിനൊപ്പം ഇറ്റലിയിലെ ക്യാമ്പില്‍ തുടരും.
ബോട്ടെംഗ് പരിശീലനം ആരംഭിച്ചത് ജര്‍മന്‍ ടീമിന് പുത്തനുണര്‍വേകി. കാലിലെ മസിലിന് പരുക്കേറ്റതിനെ തുടര്‍ന്ന് ബോട്ടെംഗ് ക്ലബ്ബ് സീസണിന്റെ അവസാന കാലത്ത് പുറത്തായിരുന്നു.

അതേ സമയം, പുറം വേദനയില്‍ മുക്തനായ ആഴ്‌സണല്‍ മിഡ്ഫീല്‍ഡര്‍ മെസുറ്റ് ഒസിലിന്റെ പ്രകടനത്തില്‍ ജര്‍മന്‍ കോച്ച് നിരാശനാണ്. പരിശീലന സെഷനിലെ വര്‍ക്ക് റേറ്റില്‍ ഒസിലാണ് കോച്ചിന്റെ പ്രതീക്ഷക്കൊത്ത് ഉയരാതെ നില്‍ക്കുന്നത്.

യൂറോപലീഗ് സെമിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ആഴ്‌സണലിനായി ഒസില്‍ ഉഴപ്പിക്കളിച്ചതിനെ മുന്‍ ആഴ്‌സണല്‍ താരം മാര്‍ട്ടിന്‍ കിയോന്‍ വിമര്‍ശിച്ചിരുന്നു.

റയല്‍ മാഡ്രിഡിനൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതിന്റെ ആഹ്ലാദങ്ങള്‍ കഴിഞ്ഞ് മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസ് ഇറ്റലിയിലെ ക്യാമ്പിലെത്തിയിട്ടുണ്ട്. ബ്രസീല്‍ ലോകകപ്പില്‍ കളിച്ച മെസുറ്റ് ഒസില്‍, സമി ഖെദീറ എന്നിവര്‍ ആസ്ത്രിയക്കെതിരെ ഇന്ന് കളിക്കാനിറങ്ങുമെന്ന് ലോ വ്യക്തമാക്കി. രണ്ട് പേരും നേരിയ പരുക്കിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഫ്രീബര്‍ഗ് സ്‌ട്രൈക്കര്‍ നില്‍സ് പീറ്റേഴ്‌സന് ആസ്ത്രിയക്കെതിരെ ആദ്യ ഇലവനില്‍ ഇടം ലഭിച്ചേക്കും. മരിയോ ഗോമസ്, ടിമോ വെര്‍നര്‍ എന്നവരും ആദ്യ ഇലവനിലേക്ക് മത്സരിക്കുന്നുണ്ട്.

പീറ്റേഴ്‌സന്‍ കഠിനമായി അധ്വാനിക്കുന്നുണ്ട്. ഓരോ ദിവസം കഴിയുന്തോറം അയാള്‍ മെച്ചപ്പെട്ടു വരികയാണെന്ന് ജര്‍മന്‍ കോച്ച് സാക്ഷ്യപ്പെടുത്തുന്നു. ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യുവറിന്റെ വിധി തിങ്കളാഴ് അറിയാം. അന്നാണ് ജര്‍മനി ലോകകപ്പിനുള്ള അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here