സോക്കറൂസിന്റെ ഗോള്‍ ദാരിദ്ര്യം മാറി!

ആസ്‌ത്രേലിയ 4-0 ദക്ഷിണകൊറിയ
Posted on: June 2, 2018 6:26 am | Last updated: June 2, 2018 at 12:32 am
SHARE
ആസ്‌ത്രേലിയന്‍ ടീം ആഹ്ലാദം പ്രകടിപ്പിക്കുന്നു

സിഡ്‌നി: ഫിഫ ലോകകപ്പ് സന്നാഹ മത്സരത്തില്‍ ആസ്‌ത്രേലിയ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയപ്പോള്‍ ദക്ഷിണകൊറിയ പരാജയപ്പെട്ടു. ചെക് റിപബ്ലിക്കിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് ആസ്‌ത്രേലിയ തുരത്തിയതെങ്കില്‍ ദക്ഷിണ കൊറിയ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബോസ്‌നിയ ഹെര്‍സെഗോവനക്ക് മുന്നില്‍ നിഷ്പ്രഭമായി.

ചെക്കിനെതിരെ ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ആസ്‌ത്രേലിയ രണ്ടാം പകുതിയിലാണ് വിളയാടിയത്. മുപ്പത്തിരണ്ടാം മിനുട്ടില്‍ ലെക്കിയാണ് ഗോള്‍ നേടിയത്.

രണ്ടാം പകുതിയില്‍ അമ്പത്തിനാലാം മിനുട്ടില്‍ നബോട്ടും എഴുപത്തിരണ്ടാം മിനുട്ടില്‍ ലെക്കിയും സ്‌കോര്‍ ചെയ്തതോടെ മത്സരം സമ്പൂര്‍ണായി സോക്കറൂസിന്റെ കരങ്ങളിലായി. എണ്‍പതാം മിനുട്ടില്‍ ചെക് താരം ജുഗാസിന്റെ സെല്‍ഫ് ഗോളില്‍ ആസ്‌ത്രേലിയ ചെക്കിനെതിരെ നാല് ഗോള്‍ വധം പൂര്‍ത്തിയാക്കി.

2016 സെപ്തംബറിന് ശേഷം ആദ്യമായാണ് ആസ്‌ത്രേലിയ വിദേശത്ത് ഒരു മത്സരം ജയിക്കുന്നത്. യു എ ഇയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചതായിരുന്നു ഇതിന് മുമ്പുള്ള ജയം.

യോഗ്യതാ റൗണ്ടില്‍ വേണ്ടത്ര ഗോളുകള്‍ നേടാന്‍ സാധിച്ചില്ലെന്നതാണ് ആസ്‌ത്രേലിയന്‍ ക്യാമ്പിനെ അലട്ടിയത്. എന്നാല്‍, അറ്റാക്കിംഗ് ഗെയിം കാഴ്ച വെച്ച് സോക്കറൂസ് നാല് ഗോളുകള്‍ അടിച്ച് കൂട്ടിയത് എതിരാളികള്‍ക്കുള്ള മുന്നറിയിപ്പാണ്.

ജര്‍മന്‍ ക്ലബ്ബ് ഹെര്‍തബെര്‍ലിന്റെ വിംഗറാണ് മാത്യു ലെക്കി. ഇരട്ട ഗോളുകളുമായി തിളങ്ങിയ ലെക്കി അഞ്ചാം ലോകകപ്പിനാണ് റഷ്യയിലെത്തുന്നത്. ലോകകപ്പ് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടവരാണ് ചെക് റിപബ്ലിക്. യോഗ്യതാ റൗണ്ടില്‍ വടക്കന്‍ അയര്ഡലന്‍ഡിന് പിറകിലായിട്ടാണ് ചെക് ഫിനിഷ് ചെയ്തത്.

കഴിഞ്ഞ മൂന്ന് ലോകകപ്പിലും കളിച്ച പരിചയ സമ്പന്നനായ മിഡ്ഫീല്‍ഡര്‍ ടിം കാഹില്‍ കളത്തിലിറങ്ങിയില്ല. തിങ്കളാഴ്ച ആസ്‌ത്രേലിയയുടെ അന്തിമ സ്‌ക്വാഡിനെകോച്ച് ബെര്‍ട് വാന്‍ മര്‍വിക് പ്രഖ്യാപിക്കും. മുന്‍ എവര്‍ട്ടന്‍, മില്‍വാല്‍ താരമായ ടിം കാഹിലിനെ കോച്ച് പുറത്തിരുത്തിയതിന്റെ കാരണം വ്യക്തമല്ല. അന്തിമ സ്‌ക്വാഡ് പ്രഖ്യാപനവേളയില്‍ ചിത്രം തെളിയും. ലോകകപ്പില്‍ ഫ്രാന്‍സ്, പെറു, ഡെന്‍മാര്‍ക്ക് ഉള്‍പ്പെടുന്ന ഗ്രൂപ്പ് സിയിലാണ് ആസ്‌ത്രേലിയ. ഈ മാസം ഒമ്പതിന് ഹംഗറിയുമായി സന്നാഹ മത്സരം കളിച്ചതിന് ശേഷം ആസ്‌ത്രേലിയ റഷ്യയിലേക്ക് പുറപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here