Connect with us

Kerala

നിപ്പാ രണ്ടാം ഘട്ടത്തില്‍; അതീവ ജാഗ്രത

Published

|

Last Updated


നിപ്പാ ആശങ്ക പടര്‍ന്നതോടെ കോഴിക്കോട് മിഠായി തെരുവിലൂടെ മാസ്‌ക ധരിച്ച് പോകുന്ന ആളുകള്‍

കോഴിക്കോട്: നിപ്പാ ബാധിച്ച് രണ്ട് ദിവസത്തിനിടെ മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയില്‍. നിപ്പാ വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടമാണ് കഴിഞ്ഞ ദിവസത്തെ റിസിലിന്റെ മരണമെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി റിസിലിനെയും നേരത്തെ മരിച്ച ഇസ്മാഈലിനെയും ചികിത്സിച്ച ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവധി നല്‍കി. ഇവിടെ ഒ പി മാത്രമേ പ്രവര്‍ത്തിക്കൂ. വൈറസ് ബാധിതരുമായി ഇടപഴകിയവര്‍ നിപ്പാ സെല്ലുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.

പേരാമ്പ്രയിലെ സൂപ്പിക്കടയുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ട പതിനാറ് പേരും ഇതിനകം മരിച്ചിരുന്നു. എന്നാല്‍, നേരത്തെ മരിച്ച ഇസ്മാഈലില്‍ നിന്നാണ് റിസിലിന് വൈറസ് ബാധയേറ്റതെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. ഇസ്മാഈലും റിസിലും ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ അടുത്തടുത്തായി ചികിത്സയിലുണ്ടായിരുന്നു. ഈ രണ്ട് പേരെയും ചികിത്സിച്ച ഡോക്ടര്‍മാരും നഴ്‌സുമാരും ഇപ്പോള്‍ ആശങ്കയിലാണ്. ഈ സാഹചര്യത്തിലാണ് ആശുപത്രിയിലെ ആറ് ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവധി നല്‍കിയത്. ആശുപത്രിയിലെ ഫാര്‍മസിയും ലാബുകളും അടച്ചുപൂട്ടി.

നേരത്തെ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നുമായിരുന്നു നിപ്പാ സ്ഥിരീകരിച്ച രോഗികള്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ ബാലുശ്ശേരി താലൂക്കാശുപത്രിയിലേക്ക് കൂടി രോഗം വ്യാപിച്ചത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സിച്ച രണ്ട് രോഗികള്‍ മരിച്ച വാര്‍ത്ത വന്നതിന് പിന്നാലെ ബാലുശ്ശേരിയിലെ സ്വകാര്യ ആശുപത്രികളിലെ ഒ പിയും സ്വകാര്യ ഡോക്ടര്‍മാര്‍ പ്രാക്ടീസ് ചെയ്യുന്ന ക്ലിനിക്കുകളും പൂട്ടി.

കോടതി അടച്ചിടാന്‍ അനുമതി തേടി

കോഴിക്കോട് കോടതി ജീവനക്കാരന്‍ കഴിഞ്ഞ ദിവസം നിപ്പാ ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് കോടതി അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഹൈക്കോടതിയുടെ അനുമതി തേടി. ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ഈ ആവശ്യമുന്നയിച്ച് കഴിഞ്ഞ ദിവസം ജില്ലാ കലക്ടറെ കണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ആവശ്യപ്പെട്ട രേഖകള്‍ കലക്ടര്‍ ഇന്നലെ നല്‍കിയിട്ടുണ്ട്.

സ്ഥിരീകരിച്ചവരില്‍ പുരോഗതി

നേരത്തെ നിപ്പാ സ്ഥിരീകരിച്ച രണ്ട് രോഗികളില്‍ പുരോഗതിയുണ്ടായത് ആരോഗ്യ വകുപ്പിന് പ്രതീക്ഷ നല്‍കുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന നഴ്‌സും മലപ്പുറം സ്വദേശിയുമാണ് സുഖം പ്രാപിക്കുന്നത്. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവായതായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍ എല്‍ സരിത പറഞ്ഞു. എങ്കിലും ഇവരെ നിരീക്ഷിക്കുന്നത് തുടരും. ഇന്നലെ നിപ്പാ രോഗ ലക്ഷണങ്ങളോടെ ആറ് പേരെ കൂടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ മൊത്തം നിരീക്ഷണത്തിലുള്ളവരുടെ എണ്ണം പതിനേഴാണ്. 193 പരിശോധനാ ഫലങ്ങള്‍ ലഭിച്ചതില്‍ പതിനെട്ടണ്ണമാണ് പോസിറ്റീവുള്ളത്. നിലവില്‍ കോണ്ടാക്ട് ലിസ്റ്റ് 1949 ആണ്. ഇത് വിപുലീകരിക്കും.
ആസ്‌ത്രേലിയയില്‍ നിന്നുള്ള നിപ്പാ പ്രതിരോധ മരുന്ന് ഇന്ന് കേരളത്തിലെത്തും. ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി എം 102.4 എന്ന മരുന്നാണ് കൊണ്ടുവരുന്നത്. അമ്പത് ഡോസ് മരുന്നാണ് ഇന്നെത്തുക. ഇത് രോഗികള്‍ക്ക് നല്‍കുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ ഇന്നലെ പൂര്‍ത്തിയാക്കി. ജപ്പാനില്‍ നിന്നുള്ള പ്രത്യേക മരുന്നെത്തിക്കാനും നടപടി തുടങ്ങി. നേരത്തെ മലേഷ്യയില്‍ നിന്ന് കൊണ്ടുവന്ന റിബവൈറിന്‍ മരുന്നിനേക്കാളും ഇത് ഫലപ്രദമാകുമെന്നാണ് ആരോഗ്യ വകുപ്പ് കണക്കുകൂട്ടുന്നത്. ജപ്പാനില്‍ നിര്‍മിക്കുന്ന മരുന്ന് നിപ്പായെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്. ഫാവിപിരാവിര്‍ എന്ന മരുന്നാണ് ജപ്പാനില്‍ നിന്നെത്തിക്കാന്‍ ശ്രമിക്കുന്നത്. ഫ്യൂജി ഫിലിം ആരോഗ്യ വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള ടോയാചമ കെമിക്കല്‍സ് നിര്‍മിച്ച മരുന്ന് ജപ്പാനീസ് സര്‍ക്കാറിന്റെ അംഗീകാരം ലഭിച്ചതാണ്.

ചികിത്സക്കുള്ള മാര്‍ഗരേഖകള്‍ തയ്യാറാക്കി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയ ശേഷമായിരിക്കും ഇവ രോഗികള്‍ക്ക് നല്‍കുകയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ മരുന്ന് ക്വീന്‍സ് ലാന്‍ഡ് സര്‍വകലാശാലയില്‍ നിന്ന് കൊറിയര്‍ മാര്‍ഗം ഡല്‍ഹിയിലെത്തും. അവിടെ നിന്നാണ് കേരളത്തിലേക്ക് മരുന്നെത്തുക.

നിപ്പാ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നതോടെ സമ്പര്‍ക്ക പട്ടിക ആരോഗ്യ വകുപ്പ് വിപുലപ്പെടുത്തുകയാണ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന പഴുതടച്ച സുരക്ഷയുടെ ഭാഗമായാണ് പുതിയ നടപടി. ഇതുവരെ മരിച്ചവരും രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരെ കണ്ടെത്തിയായിരുന്നു ഇതുവരെ പട്ടിക വിപുലപ്പെടുത്തിയിരുന്നത്.

പി എസ് സി പരീക്ഷകള്‍ മാറ്റി

നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പി എസ് സി പരീക്ഷകള്‍ മാറ്റി. ഈ മാസം 16 വരെയുള്ള പരീക്ഷകളാണ് മുന്‍കരുതലെന്ന നിലയില്‍ മാറ്റിവെച്ചത്. ഓണ്‍ലൈന്‍ പരീക്ഷകളും മാറ്റിയിട്ടുണ്ട്. അഭിമുഖങ്ങളും സൂക്ഷ്മ പരിശോധനയും മാറ്റിവെക്കുന്ന കാര്യവും പി എസ് സി ആലോചിക്കുന്നുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest