Connect with us

Kerala

രാജ്യസഭാ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ തുടങ്ങി

Published

|

Last Updated

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ പ്രധാന കക്ഷികളെല്ലാം രാജ്യസഭാ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ ചര്‍ച്ച തുടങ്ങി. കേരളത്തില്‍ നിന്ന് ഒഴിവ് വരുന്ന മൂന്ന് സീറ്റുകളിലേക്ക് ജൂണ്‍ 21നാണ് തിരഞ്ഞെടുപ്പ്. ജൂണ്‍ 11ന് മുമ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടതിനാല്‍ അടുത്തയാഴ്ച തന്നെ സ്ഥാനാര്‍ഥികളെ തീരുമാനിക്കും. ഈ മാസം നാലിനാണ് വിജ്ഞാപനം. മൂന്ന് ഒഴിവുകളില്‍ രണ്ട് പേരെ എല്‍ ഡി എഫിനും ഒരാളെ യു ഡി എഫിനും ജയിപ്പിക്കാന്‍ കഴിയും. പി ജെ കുര്യന്‍ (കോണ്‍ഗ്രസ്), ജോയ് എബ്രഹാം (കേരളാ കോണ്‍.) സി പി നാരായണന്‍ (സി പി എം) എന്നിവരാണ് കാലാവധി പൂര്‍ത്തിയാക്കുന്നത്. എല്‍ ഡി എഫിന് ജയിക്കാവുന്ന രണ്ട് സീറ്റുകള്‍ സി പി എമ്മും സി പി ഐയും പങ്കിട്ടെടുക്കും. യു ഡി എഫിലേക്ക് മടങ്ങുന്നതിനുള്ള ഉപാധിയായി കേരളാ കോണ്‍ഗ്രസ് എം രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ല.

രാജ്യസഭാ ഉപാധ്യക്ഷന്‍ കൂടിയായ പി ജെ കുര്യന്‍, തനിക്ക് ഒരു ടേം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം തുടരുകയാണ്. 2005ല്‍ രാജ്യസഭയിലെത്തിയ കുര്യന്‍ ഇതിനകം മൂന്ന് ടേം പൂര്‍ത്തിയാക്കി കഴിഞ്ഞു. കോണ്‍ഗ്രസിന്റെ കാര്യത്തില്‍ രാജ്യസഭാ സീറ്റ് ആര്‍ക്കെന്നതില്‍ ഹൈക്കമാന്‍ഡിന്റേതാണ് അന്തിമ തീരുമാനം. കേരളത്തില്‍ സാധാരണഗതിയില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച പതിവില്ല. കെ പി സി സിയുടെ രാഷ്ട്രീയകാര്യ സമിതി ഇനി യോഗം ചേരുന്നത് തന്നെ ജൂണ്‍ 11നാണ്. എന്നാല്‍, സ്ഥാനാര്‍ഥി നിര്‍ണയത്തിന് മുമ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, എ കെ ആന്റണി എന്നിവരുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തും.

സ്ഥാനാര്‍ഥികളെ തീരുമാനിക്കുമ്പോള്‍ മുസ്‌ലിം പ്രാതിനിധ്യം വേണമെന്ന ആവശ്യം പലകോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. തലേക്കുന്നില്‍ ബഷീറിന് ശേഷം കോണ്‍ഗ്രസിനെ പ്രതിനിധാനം ചെയ്ത് മുസ്‌ലിം വിഭാഗത്തില്‍ നിന്ന് ആരും രാജ്യസഭയിലെത്തിയിട്ടില്ല. എല്‍ ഡി എഫിലെ സ്ഥിതിയും ഇത് തന്നെ. കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒമ്പത് അംഗങ്ങളില്‍ നിലവില്‍ പി വി അബ്ദുല്‍ വഹാബ് മാത്രമാണ് മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ളത്. യു ഡി എഫിന്റെ വോട്ട് ബേങ്ക് ആയിരുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ എല്‍ ഡി എഫുമായി അടുക്കുന്ന സാഹചര്യത്തില്‍ ഈ ജനവിഭാഗങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ ആ വിഭാഗത്തോട് പ്രതിബദ്ധതയുള്ള ഒരാളെ രാജ്യസഭയിലേക്ക് അയക്കണമെന്ന ആവശ്യം കോണ്‍ഗ്രസിനുള്ളില്‍ ശക്തമാണ്.

കാലാവധി കഴിയുന്നവരുടെ കൂട്ടത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ ജോയ് എബ്രഹാമും ഉള്‍പ്പെടുന്നതിനാല്‍ യു ഡി എഫിന് ജയിക്കാവുന്ന സീറ്റ് കേരളാ കോണ്‍ഗ്രസിന് തന്നെ നല്‍കണമെന്ന ആവശ്യമാണ് കെ എം മാണി മുന്നോട്ടുവെച്ചത്. മാണിയെ യു ഡി എഫിലേക്ക് മടക്കികൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്ത പി കെ കുഞ്ഞാലിക്കുട്ടിയോടാണ് മാണി ഇക്കാര്യം ആവശ്യപ്പെട്ടത്.

കുര്യനെ വീണ്ടും പരിഗണിക്കരുതെന്ന ആവശ്യം കോണ്‍ഗ്രസിനുള്ളില്‍ ശക്തമാണ്. മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി തന്നെ ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നാണ് വിവരം. എന്‍ എസ് എസിന്റെ പിന്തുണയോടെയാണ് എല്ലാകാലത്തും കുര്യന്‍ രാജ്യസഭാ സീറ്റ് സ്വന്തമാക്കിയിരുന്നത്. കോണ്‍ഗ്രസുമായി അത്രനല്ല ബന്ധം ഇപ്പോഴില്ലാത്തതിനാല്‍ എന്‍ എന്‍ എസ് ഇത്തവണ ഇടപെടാന്‍ ഇടയില്ല.

ഇത്തവണയും യുവാക്കള്‍ വരട്ടെ എന്ന് സി പി എം തീരുമാനിച്ചാല്‍ ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് കൂടിയായ പി എ മുഹമ്മദ് റിയാസിന് അവസരം ലഭിക്കും. എളമരം കരീം, ചെറിയാന്‍ ഫിലിപ്പ് തുടങ്ങിയ പേരുകളും പരിഗണിക്കുന്നു. പാര്‍ട്ടി ദേശീയ നേതാക്കളെ പരിഗണിക്കാനാണ് തീരുമാനമെങ്കില്‍ പി ബി അംഗം വൃന്ദ കാരാട്ട് കേരളത്തില്‍ നിന്ന് രാജ്യസഭയിലെത്തും. ഇതിന് വിദൂര സാധ്യത മാത്രമേയുള്ളൂവെന്നാണ് സി പി എം കേന്ദ്രങ്ങള്‍ പറയുന്നത്.

സി പി ഐക്ക് ലഭിക്കുന്ന ഒരു സീറ്റില്‍ അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കില്‍ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബിനോയ് വിശ്വം രാജ്യസഭയിലെത്തും.