Connect with us

National

മോദി സര്‍ക്കാറിന്റെ ജനദ്രോഹ നടപടി തുറന്നുകാട്ടി സി പി എം ലഘുലേഖ

Published

|

Last Updated

ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്റെ നാലു വര്‍ഷത്തെ ജനദ്രോഹ നടപടികള്‍ വിവരിക്കുന്ന ലഘുലേഖകങ്ങളുമായി സി പി എം. തറുമാറായ സാമ്പത്തിക രംഗം, അപകടത്തിലായ ജീവിതവും ഭാവിയും, ഭരണഘടനനിഷേധം വെള്ളംചേര്‍ക്കല്‍, പൊളിച്ചടുക്കല്‍, ലംഘിക്കപ്പെട്ട വാഗ്ദാനങ്ങളും വഞ്ചിക്കപ്പെട്ട ജനങ്ങളും എന്നിങ്ങനെ മോദി സര്‍ക്കാരിന്റെ നാലു വര്‍ഷത്തെ ഭരണത്തെ തുറന്നു കാണിക്കുന്ന നാലു ലഘുലേഖകളാണു സിപിഎം ഇന്നലെ പുറത്തിറക്കിയത്.

മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ രാജ്യത്ത് സര്‍വനാശം വിതച്ചാണ് ഭരിക്കുന്നതെന്ന് ലേഘുലേഖകളുടെ പ്രകാശനം നിര്‍വഹിച്ച് സിപിഎം ജനറല്‍ സെക്രട്ടരി സീതാറാം യെച്ചൂരി പറഞ്ഞു. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കിയും അഴിമതിയും അധികാര ദുര്‍വിനിയോഗവും നടത്തി ജനജീവിതം അങ്ങേയറ്റം ക്ലേശകരമാക്കി മാറ്റിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാലുവര്‍ഷത്തെ മോദി ഭരണം രാജ്യത്തെ ജനജീവിതം ദുസ്സഹമാക്കി. കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ചു. യുവാക്കള്‍ക്കു തൊഴിലവസരം ഉണ്ടാക്കും എന്ന വാഗ്ദാനം പാടേ ലംഘിക്കപ്പെട്ടു. അവശ്യ സാധനങ്ങളുടെ വില വര്‍ധിച്ചു. ലോകത്തു തന്നെ ഇന്ധന വില ഇത്രയും ഉയര്‍ന്ന വേറൊരു രാജ്യമില്ല. ഇപ്പോള്‍ പാചക വാതക വിലയും വര്‍ധിപ്പിച്ചിരിക്കുന്നു. ദളിത് വിഭാഗങ്ങള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചു വരുന്നു.

ജനക്കൂട്ടത്തിന്റെ ആക്രമണങ്ങളും പശു സംരക്ഷണത്തിന്റെയും സദാചാര സംരക്ഷണത്തിന്റെയും പേരില്‍ സ്വകാര്യ സേനകള്‍ അഴിഞ്ഞാടുന്നു.ജനാധിപത്യം തന്നെ അട്ടിമറിക്കപ്പെടുന്നു. ഇന്ത്യയുടെ ചരിത്രം തന്നെ തിരുത്തിയെഴുതി പകരം ഹിന്ദു ആശയങ്ങള്‍ കുത്തിത്തിരുകാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൈയടക്കി പ്രഖ്യാപത അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു. നോട്ടു നിരോധനവും ജിഎസ്ടിയും കൊട്ടിഘോഷിച്ച ഫലങ്ങളുണ്ടാക്കിയില്ലെന്നും യെച്ചൂരി പറഞ്ഞു. ഇന്ത്യയെ അമേരിക്കയുടെ ഏത് നിര്‍ദേശവും അനുസരിക്കുന്ന അടിമയാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest