Connect with us

National

രണ്ടാംഘട്ട കര്‍ഷക സമരം തുടങ്ങി; പ്രതിഷേധത്തിന് നൂതന മാര്‍ഗം

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തെ വിവിധ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ടാംഘട്ട കര്‍ഷക സമരം ആരംഭിച്ചു. കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഹരിയാന, ഗുജറാത്ത്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് സമരത്തിനിറങ്ങിയിരിക്കുന്നത്.

ഇതുവരെയുള്ള സമരങ്ങളില്‍ നിന്ന് വ്യത്യസ്തമായി കാര്‍ഷിക ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാതെയുള്ള സമരമാണ് കര്‍ഷകര്‍ നടത്തുന്നത്. പതിനേഴ് കര്‍ഷക സംഘടനകളുടെ സംയുക്ത കൂട്ടായമയായ രാഷ്ട്രീയ കിസാന്‍ സംഘ് നേതൃത്വത്തിലാണ് പത്ത് ദിവസത്തെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നത്. തൊട്ടുപിന്നാലെ മറ്റു കര്‍ഷക സംഘടനകളും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. നിലവില്‍ 150ല്‍ പരം കര്‍ഷക കൂട്ടായ്മകളാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തിലെ കര്‍ഷകരും സമരത്തില്‍ പങ്കാളികളാകുമെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ കിസാന്‍ മഹാസംഘ് നേതാക്കള്‍ അറിയിച്ചു. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത വിളകള്‍ക്കുള്ള കുറഞ്ഞ താങ്ങുവില നല്‍കുക, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, സോമനാഥ് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സമരം സമാധാനപരമായിരിക്കുമെന്നും വാഹനങ്ങള്‍ തടയുകയോ റോഡുകള്‍ ഉപരോധിക്കുകയോ ചെയ്യില്ലെന്നും സമരത്തിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ കിസാന്‍ മഹാസംഘ് അറിയിച്ചു.

അതേസമയം, ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ ഉത്പന്നങ്ങള്‍ റോഡില്‍ ഉപേക്ഷിച്ച് പ്രതിഷേധിച്ചു. പഞ്ചാബില്‍ ക്ഷീര കര്‍ഷകര്‍ ശേഖരിച്ച പാല്‍ റോഡിലൊഴുക്കിയാണ് പ്രതിഷേധിച്ചത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലും ക്ഷീര കര്‍ഷകര്‍ സമാനമായ രീതിയിലുള്ള പ്രതിഷേധമാണ് ആവിഷ്‌കരിച്ചത്. മുംബൈ നഗരത്തിലടക്കം വിവിധയിടങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ പാല്‍നിറച്ച് റോഡില്‍ ഒഴുക്കുകയായിരുന്നു. ഇന്നലെ മാത്രം ആയിരക്കണക്കിന് ലിറ്റര്‍ പാലുകള്‍ രാജ്യത്തെ ക്ഷീരകര്‍ഷകര്‍ റോഡിലൊഴുക്കിയിട്ടുണ്ട്. പച്ചക്കറി ഉത്പന്നങ്ങളും പഴവര്‍ഗ ഉത്പന്നങ്ങളും മാര്‍ക്കറ്റില്‍ കൊണ്ടുപോകുന്നതിന് പകരമായി കര്‍ഷകര്‍ റോഡില്‍ ഉപേക്ഷിക്കുകയോ വില്‍പ്പന നടത്താതിരിക്കുകയോ ചെയ്തു പ്രതിഷേധിച്ചു.

മധ്യപ്രദേശില്‍ കര്‍ഷകര്‍ മാര്‍ക്കറ്റുകള്‍ അടപ്പിച്ചു പ്രതിഷേധിച്ചു. അതേസമയം മധ്യപ്രദേശിലെ പ്രധാന സമര കേന്ദ്രങ്ങളിലൊന്നായ സന്‍സൊറയില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും പച്ചക്കറികളും പാല്‍ ഉത്പന്നങ്ങള്‍ക്കും ക്ഷാമം നേരിടുന്നില്ലെന്നും ജില്ലാ കലക്ടര്‍ ഒ പി ശ്രീനിവാസ്ഥവ പറഞ്ഞു. പ്രദേശത്ത് ഏതെങ്കിലും രീതിയിലുള്ള അത്യാഹിതങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ നേരിടാന്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി.

രാജ്യത്തെ കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങളോട് സര്‍ക്കാര്‍ പ്രതികരിക്കണമെന്ന് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘടനകളിലൊന്നായ ആം കിസാന്‍ യൂനിയന്‍ അധ്യക്ഷന്‍ കേദാര്‍ സിരോഹി പറഞ്ഞു. ഈ മാസം ആറിന് കര്‍ഷകര്‍ ബ്ലാക്ക് ഡേയായി ആചരിക്കും. മധ്യപ്രദേശില്‍ കഴിഞ്ഞ വര്‍ഷം ഏഴ് കര്‍ഷകരെ വെടിവെച്ചുകൊന്നതിന്റെ ഓര്‍മ പുതുക്കല്‍ കൂടിയാകുമിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത പത്ത് ദിവസത്തേക്ക് ഗ്രാമങ്ങളില്‍ നിന്ന് ഒരു കാര്‍ഷിക ഉത്പന്നങ്ങളും നഗരത്തിലെത്തില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യത്തെ 30 പ്രധാന ദേശീയ പാതയോരങ്ങളില്‍ ധര്‍ണകള്‍ സംഘടിപ്പിക്കാനും കര്‍ഷക സംഘടനകള്‍ ആലോചിക്കുന്നുണ്ട്.

സമരത്തിന്റെ ആദ്യ ദിനത്തില്‍ പഞ്ചാബില്‍ അമൃതസറിലേക്കുള്ള വിതരണം ബാക്കി എല്ലാം നിലച്ചു. ഹരിയാനയില്‍ ഇന്നലെ 40-50 ശതമാനം വരെ വിതരണവും നിലച്ചു. രാജസ്ഥാനിലെ ശ്രീഗംഗാ നഗര്‍, ഹനുമങ്കര്‍, ജുന്ജുനു എന്നിവിടങ്ങില്‍ നിന്നുള്ള പാല്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പച്ചക്കറിയുടെ വില 400 ശതമാനം വരെ ഉയര്‍ന്നു. മഹാരാഷ്ട്രയിലെ നാസിക്കിലെ മാര്‍ക്കറ്റില്‍ ഇന്നലെ മൂന്ന് ട്രക്കുകള്‍ മാത്രമേ എത്തിയുള്ളൂ. ദിനംപ്രതി മൂന്നൂറില്‍ പരം ട്രക്കുകള്‍ എത്തുന്ന സ്ഥലമാണ് ഇവിടെ. ഡല്‍ഹി, മുംബൈ, ബെംഗളൂരു. ജയ്പൂര്‍ എന്നിവിടങ്ങളിലെ വന്‍ നഗരങ്ങളില്‍ കര്‍ഷകര്‍ പച്ചക്കറി, പാല്‍, ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതും നിര്‍ത്തി. കൂടാതെ ഭക്ഷ്യവസ്തുക്കള്‍, പാലുത്പന്നങ്ങള്‍ എന്നിവ സമീപ നഗരങ്ങളിലേക്ക് വിതരണം ചെയ്യുന്നത് നിര്‍ത്തിവെച്ചു. ഇവ ആവശ്യമുള്ളവര്‍ ഗ്രാമങ്ങളില്‍ വന്ന് വാങ്ങണമെന്നും സമരക്കാര്‍ പറഞ്ഞു.

ഇത് ഒരു രാജ്യവ്യാപക ബന്ദായി മാറിതീര്‍ന്നിട്ടുണ്ടെന്നും ഇത് ഒരു ഗ്രാമബന്ദായിട്ടാണ് തങ്ങള്‍ ആഹ്വാനം ചെയ്തതതെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് പ്രസിഡന്റ് ശിവ കുമാര്‍ പറഞ്ഞു. ജനങ്ങളുടെ ജീവിതം തടസപ്പെടുത്തി നഗരങ്ങളിലേക്ക് സമരത്തിന് പോകാന്‍ തങ്ങള്‍ക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 10ന് രണ്ട് മുതല്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നഗരങ്ങളിലെ എല്ലാ കച്ചവടക്കാരോടും സമരവുമായി സഹകരിച്ച് കടകളടച്ചിടാന്‍ തങ്ങള്‍ അഭ്യര്‍ഥിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വരും ദിനങ്ങളും ഇതേ രീതിയിലുള്ള സമരമാണ് കര്‍ഷകര്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ രാജ്യത്ത് പച്ചക്കറി, പല്‍ ഉള്‍പ്പെടെയുള്ള കടുത്ത ക്ഷാമം നേരിടുമെന്നും കയറ്റുമതി ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ പ്രധാന സമ്പദ് വ്യവസ്ഥയേയും ബാധിക്കുമെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ വ്യക്തമാക്കി. കര്‍ഷകസമരം കോണ്‍ഗ്രസ് തയ്യാറാക്കിയതാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജനാഥ് സിംഗ് പ്രതികരിച്ചത്. കര്‍ഷക സമരത്തെ ബി ജെ പി അനുയായികള്‍ നേരിടുന്നതായും വാര്‍ത്തകളുണ്ട്. അതേസമയം, അടുത്ത ദിവസങ്ങളിലും സമരം തുടരുമ്പോള്‍ സര്‍ക്കാര്‍ സമര നേതാക്കാളെ ചര്‍ച്ചക്ക് വിളിക്കാന്‍ സന്നദ്ധമായേക്കും.