Connect with us

Kerala

ചെങ്ങന്നൂര്‍ തോല്‍വി: നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി നേതാക്കള്‍

Published

|

Last Updated

തിരുവനന്തപുരം: അനുകൂല ഘടകങ്ങള്‍ ഏറെയുണ്ടായിട്ടും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ദയനീയ പരാജയമേറ്റുവാങ്ങേണ്ടി വന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമാര്‍ശവുമായി നേതാക്കള്‍ രംഗത്തെത്തി. കെ പി സി സി ഉപാധ്യക്ഷന്‍ വി ഡി സതീശന്‍, മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍ എന്നിവരാണ് പരസ്യ വിമര്‍ശവുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെ വിദ്യാര്‍ഥി സംഘടനയായ കെ എസ് യുവും നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ ചെങ്ങന്നൂരിലെ പരാജയം വിലയിരുത്താന്‍ ഈ മാസം 11ന് കെ പി സി സി രാഷ്ട്രീയ കാര്യ സമിതി ചേരുന്നുണ്ട്.

പാര്‍ട്ടിയിലെ ഗ്രൂപ്പു കളിയാണ് പരാജയത്തിലേക്ക് നയിച്ചതെന്നും ഒപ്പം സംഘടനാ ദൗര്‍ബല്യവും പരാജയത്തിന്റെ ആഘാതം വര്‍ധിപ്പിച്ചുവെന്നും വിമര്‍ശിച്ച സുധീരന്‍ ഗ്രൂപ്പല്ല പാര്‍ട്ടിയാണ് വലുതെന്ന് നേതാക്കള്‍ തിരിച്ചറിയണമെന്നും ഉപദേശിച്ചു. പാര്‍ട്ടിയേക്കാള്‍ ഗ്രൂപ്പുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പ്രവണത അവസാനിപ്പിച്ച് അര്‍ഹതപ്പെട്ട പ്രവര്‍ത്തകരെ നേതൃത്വത്തിലേക്ക് പരിഗണിക്കണം. താഴേക്കിടയിലെ പ്രവര്‍ത്തകരുടെ വികാരം നേതാക്കള്‍ ഉള്‍ക്കൊള്ളണം. ഗ്രൂപ്പുണ്ടെങ്കിലേ പാര്‍ട്ടിക്ക് ചലിക്കാനാകൂ എന്ന കാഴ്ചപ്പാട് ഗ്രൂപ്പ് മാനേജര്‍മാര്‍ മാറ്റണം. ഇതിന് ചെങ്ങന്നൂരിലെ തോല്‍വി എല്ലാവര്‍ക്കും പാഠമാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അതേസമയം പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ തന്റെ നിലപാട് പാര്‍ട്ടി തലത്തില്‍ അറിയിക്കാമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് സുധീരന്‍ പ്രതികരിച്ചു.

അതേസമയം ചെങ്ങന്നൂര്‍ തോല്‍വിയുടെ പ്രധാന കാരണം കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യമാണെന്ന് വി ഡി സതീശന്‍ തുറന്നടിച്ചിരുന്നു. ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടതുപക്ഷത്തിനോടും സജിചെറിയാനോടുമൊപ്പമെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. സി പി എമ്മിന്റെ പ്രചാരണത്തെ പ്രതിരോധിക്കാനും സാധിച്ചിരുന്നില്ല.

തിരഞ്ഞെടുപ്പിന് ആവശ്യത്തിലേറെ സമയം ലഭിച്ചിട്ടും അവസാന ദിവസങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് പ്രചാരണത്തില്‍ സജീവമാകാന്‍ കഴിഞ്ഞത്. പക്ഷെ ഇത് ഇടതുപക്ഷത്തെ പ്രതിരോധിക്കാന്‍ പര്യാപ്തമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥിയായ ഡി വിജയകുമാറും നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസിന്റെ സംഘടനാപരമായ ദൗര്‍ബല്യമാണ് പ്രധാനമായും തിരിച്ചടിയായത്. ബൂത്തുകളില്‍ യു ഡി എഫിന്റെ ഏജന്റുമാരുടെ പ്രവര്‍ത്തനം ദയനീയമായിരുന്നു.

താത്പര്യമില്ലാത്ത ആളുകളെ എന്തിന് ബൂത്ത് ഏജന്റുമാരാക്കിയെന്നത് ഗൗരവമായി അന്വേഷിക്കണമെന്നും വിജയകുമാര്‍ ആവശ്യപ്പെട്ടു. 90 ശതമാനം ബൂത്തു പ്രസിഡന്റുമാരേയും തിരഞ്ഞെടുത്തെന്ന് കെ പി സി സി അധ്യക്ഷന്‍ എം എം ഹസന്‍ അവകാശപ്പെടുമ്പോഴും പല ബൂത്തുകളിലും ബൂത്ത് ഏജന്റുമാര്‍ പോലും ഇല്ലായിരുന്നു. ഇതിനപ്പുറം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിച്ച കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെന്നും പരസ്യമായി അത് പറയില്ലെന്നും വിജയകുമാര്‍ പറഞ്ഞു. പരാജയം സംബന്ധിച്ച് പാര്‍ട്ടി തല അന്വേഷണം നടത്തണമെന്നും വിജയകുമാര്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ചെങ്ങന്നൂര്‍ തോല്‍വിയില്‍ പാര്‍ട്ടി നേതൃത്വം മുഴുവന്‍ ഉത്തരവാദികളാണെന്നും ഒരു നേതാവിനും മറ്റൊരാളെ കുറ്റപ്പെടുത്താന്‍ അര്‍ഹതയില്ലെന്നും ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു. സ്വയം വിമര്‍ശനം നടത്തിയില്ലെങ്കില്‍ അതീവ ഗുരുതരമായ സ്ഥിതിയാണ് വരാനിരിക്കുന്നതെന്നും ഷാനിമോള്‍ ഉസ്മാന്‍ ഓര്‍മിപ്പിച്ചു. എന്നാല്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പു ഫലം പാര്‍ട്ടി നേതാക്കള്‍ക്കുള്ള ഓര്‍മപ്പെടുത്തലാണെന്ന് കെ എസ് യു സംസ്ഥാന ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. മത-സാമുദായിക അവസരവാദ രാഷ്ട്രീയകക്ഷികള്‍ക്ക് പിന്നാലെ ഓടാതെ ശക്തമായ നിലപാടെടുക്കണമെന്നാണ് ഉപതിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് കെ എസ് യു ഭാരവാഹികള്‍ വിമര്‍ശിച്ചു.

Latest