Connect with us

Kerala

ഒന്നര കോടിയുടെ അസാധു നോട്ടുകളുമായി അഞ്ചംഗ സംഘം അറസ്റ്റില്‍

Published

|

Last Updated

ഒന്നര കോടിയുടെ അസാധു നോട്ടുകളുമായി അറസ്റ്റിലായ പ്രതികള്‍

ചാവക്കാട്: ഒന്നരകോടിയുടെ അസാധു നോട്ടുകളുമായി രണ്ട് മലയാളികളുള്‍പ്പെടെ അഞ്ചംഗ സംഘത്തെ ചാവക്കാട് പോലീസ് പിടികൂടി. ഇവര്‍ സഞ്ചരിച്ച രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് മങ്കര പറളി നാരാപറമ്പില്‍ ഹബീബ് (58), വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനടുത്ത് പുത്തന്‍പീടികയില്‍ ശറഫദ്ദീന്‍(40), കോയമ്പത്തൂര്‍ പോതന്നൂര്‍ താജുദ്ദീന്‍ (37), കോയമ്പത്തൂര്‍ കരുമ്പുകടൈ പള്ളി സ്ട്രീറ്റില്‍ ഫിറോസ് ഖാന്‍ (33), കോയമ്പത്തൂര്‍ കരുമ്പുകടൈ ആസാദ് നഗറില്‍ മുഹമ്മദ് റിഷാദ് (29) എന്നിവരെയാണ് ചാവക്കാട് സ്‌റ്റേഷന്‍ ഓഫീസര്‍ കെ ജി സുരേഷ്, എസ് ഐമാരായ പി ആര്‍ രാജീവ്, കെ വി മാധവന്‍, എ എസ് ഐ മാരായ അനില്‍ മാത്യു, സുനില്‍, സ്‌ക്വാഡ് അംഗങ്ങളായ സുദേവ്, രാഗേഷ്, എം എ ജിജി, ഷജീര്‍, സന്ദീപ് സുമേഷ്, ജിജില്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ ആറിന് വടക്കെ ബൈപാസില്‍ നടത്തിയ വാഹന പരിശോധയിലാണ് സംഘം പിടിയിലായത്. തമിഴ്‌നാട്്, കേരള രജിസ്‌ട്രേഷനുകളിലുള്ള കാറുകളില്‍ സഞ്ചരിച്ചിരുന്ന സംഘം 500, 1000 രൂപയുടെ നോട്ടുകള്‍ ഒരു കാറില്‍ ബാഗിലായാണ് സൂക്ഷിച്ചിരുന്നത്. കോയമ്പത്തൂരിലുള്ള ഒരാളാണ് പണം നല്‍കിയതെന്ന് താജുദ്ദീന്‍ പോലീസിനോട് പറഞ്ഞു. താജുദ്ദീന് കോയമ്പത്തൂരില്‍ വസ്ത്ര വ്യാപാരമാണ്. അതേസമയം താജുദ്ദീന്റേത് തന്നെയാണ് പണമെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.