അധ്യാപകര്‍ക്ക് വേതനമില്ലെങ്കിലും സകൂളുകളുടെ ഹൈടെക്‌വത്കരണം തകൃതി

Posted on: June 2, 2018 6:05 am | Last updated: June 2, 2018 at 12:07 am
SHARE

പെരിന്തല്‍മണ്ണ: പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി കോടികള്‍ മുടക്കി സ്‌കൂളുകള്‍ ഹൈടെക്കാക്കലും അധ്യാപക പരിശീലനവും നടത്തുമ്പോഴും നിയമനാംഗീകാരമാകാത്ത ഹയര്‍ സെക്കന്‍ഡറിയിലെയും മറ്റും 5000ഓളം അധ്യാപകര്‍ പരിശീലനവും വേതനവുമില്ലാതെ ദുരിതമനുഭവിക്കുന്നു. 2015-16 അധ്യയന വര്‍ഷത്തി ല്‍ അനുവദിച്ച ഹയര്‍ സെക്കന്‍ഡറി അധിക ബാച്ചുകളിലും പുതിയ അപ്‌ഗ്രേഡ് സ്‌കൂളുകളിലും കഴിഞ്ഞ മൂന്ന് വര്‍ഷമായി തസ്തിക നിര്‍ണയവും വേതനമില്ലാതെയുമാണ് ഇവര്‍ ജോലി ചെയ്യുന്നത്. 2014-15 ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി ബാച്ചുകളില്‍ തസ്തിക സൃഷ്ടിച്ചെങ്കിലും നിയമനാംഗീകാരം വൈകുകയാണ്.

ഇത് പരിഹരിക്കാതെയാണ് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത്. ഒരേ ഉത്തരവിലൂടെ ബാച്ചുകള്‍ക്ക് അംഗീകാരമായിട്ടുണ്ടെങ്കിലും വൈകി ലഭിച്ച അംഗീകാരമായതിനാല്‍ പല സ്‌കൂളുകളിലും 2014ല്‍ ക്ലാസുകള്‍ തുടങ്ങാന്‍ കഴിയാതിരിക്കുകയോ 2015ല്‍ ക്ലാസുകള്‍ തുടങ്ങുകയും ചെയ്ത ബാച്ചുകളിലെ അധ്യാപകരോടാണ് തസ്തിക സൃഷ്ടിക്കുക പോലും ചെയ്യാതെ വിവേചനം കാണിക്കുന്നത്. പുതിയ അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ തസ്തിക സൃഷ്ടിച്ച് നിയമനാംഗീകാരം നല്‍കണമെന്നാണ് അധ്യാപകരുടെ ആവശ്യം. ജൂലൈ മാസത്തില്‍ കാലാവധി അവസാനിക്കുന്ന പി എസ് സി ചുരുക്കപ്പട്ടികയിലുള്ള ഉദ്യോഗാര്‍ഥികളെയും തസ്തിക സൃഷ്ടിക്കുന്നത് വൈകിപ്പിക്കുന്നത് ബാധിക്കും.

സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ലക്ഷ്യം എല്ലാ അര്‍ഥത്തിലും സാധൂകരിക്കണമെന്ന് നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ കൂട്ടായ്മയായ കേരള നോണ്‍ അപ്രൂവ്ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ എന്‍ എച്ച് എസ് ടി എ) ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here