എട്ടിക്കുളം തഖ്‌വ പള്ളിയില്‍ വീണ്ടും ഗുണ്ടാ വിളയാട്ടം

  • 300 പേര്‍ക്കെതിരെ കേസ്; 16 പേര്‍ അറസ്റ്റില്‍
  • കല്ലേറില്‍ എസ് ഐ ഉള്‍പ്പെടെ മൂന്ന് പോലീസുകാര്‍ക്ക് പരുക്ക്
  • പോലീസ് ജീപ്പും നിരവധി വാഹനങ്ങളും തകര്‍ത്തു
  • ആറ് സുന്നി പ്രവര്‍ത്തകര്‍ക്ക് പരുക്ക്
Posted on: June 2, 2018 6:21 am | Last updated: June 2, 2018 at 12:05 am
ഗുണ്ടകള്‍ തകര്‍ത്ത കാര്‍

പയ്യന്നൂര്‍: വിശുദ്ധ റമാസാനില്‍ പള്ളിയും പരിസരവും യുദ്ധക്കളമാക്കി സാമൂഹിക ദ്രോഹികളുടെ വിളയാട്ടം. എട്ടിക്കുളം താജുല്‍ ഉലമ എജ്യൂക്കേഷന്‍ സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തഖ്‌വ പള്ളി പരിസരത്താണ് തുടര്‍ച്ചയായി മൂന്നാം വെള്ളിയാഴ്ചയും രാഷ്ട്രീയ തിമിരം ബാധിച്ച സംഘം അഴിഞ്ഞാടിയത്. പള്ളിയില്‍ ജുമുഅ നിസ്‌കാരം തടസ്സപ്പെടുത്താന്‍ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ മുന്നൂറോളം വരുന്ന ലീഗ് പ്രവര്‍ത്തകര്‍ ഗ്രൂപ്പ് വിരോധത്തിന്റെ പേരില്‍ മണിക്കൂറുകളോളം അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമം തടയാനെത്തിയ പോലീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ എസ് ഐ ഉള്‍പ്പെടെ മൂന്ന് പോലീസുകാര്‍ക്ക് പരുക്കേറ്റു. ജുമുഅ നിസ്‌കരിക്കാനെത്തിയ ആറ് സുന്നി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പോലീസ് ജീപ്പടക്കം ആറോളം വാഹനങ്ങള്‍ തകര്‍ത്തു. കല്ലേറ് രൂക്ഷമായതോടെ പോലീസ് ലാത്തിച്ചാര്‍ജും ടിയര്‍ഗ്യാസും പ്രയോഗിച്ചാണ് അക്രമികളെ പിന്തിരിപ്പിച്ചത്. സംഭവ സ്ഥലത്ത് നിന്ന് 50ഓളം ഇരുചക്ര വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ എ ഒ പി ഹമീദ്, അമ്പലപ്പാറ ടി കെ അബ്ദുല്‍നാസര്‍, പി കെ മിസ്ഹബ്, എം കെ മുഹമ്മദ്കുഞ്ഞി, കെ എ റശീദ് തുടങ്ങി മുന്നൂറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇതില്‍ 16 പേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോലീസിനെ അക്രമിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പോലീസ് കാവലില്‍ പള്ളിയില്‍ ഇന്നലെയും ജുമുഅ നടത്തി. മഹല്ല് ജമാഅത്ത് പള്ളി ഒന്നര കിലോമീറ്ററിലധികം ദൂരത്തായതിനാല്‍ സുന്നി വിഭാഗം താജുല്‍ ഉലമ നിര്‍മിച്ച പള്ളിയില്‍ ജുമുഅ തുടങ്ങുകയായിരുന്നു. ഇതിനെതിരെ മഹല്ല് ജമാഅത്ത് ഭാരവാഹികളില്‍ ചിലരെ കൂട്ടുപിടിച്ചാണ് വിശുദ്ധ മാസത്തില്‍ മൂന്നാം തവണയും പ്രകോപനമൊന്നുമില്ലാതെ സംഘം അഴിഞ്ഞാടിയത്. ഇന്നലെ 11.30ഓടെയാണ് അക്രമത്തിന് തുടക്കമായത്. തഖ്‌വ പള്ളിയില്‍ ജുമുഅ നിസ്‌കരിക്കാനെത്തിയവരെ തടഞ്ഞ് ഭിഷണിപ്പെടുത്തിയാണ് ഇവര്‍ സംഘര്‍ഷത്തിന് തുടക്കമിട്ടത്. നിസ്‌കാരത്തിനെത്തിയവര്‍ സഞ്ചരിച്ച വാഹനത്തിന് നേരെയും അക്രമം തുടങ്ങി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പയ്യന്നൂര്‍ സി ഐ ആസാദിന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍, പഴയങ്ങാടി, പരിയാരം എസ് ഐമാര്‍ അടങ്ങിയ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.

തഖ്‌വാ മസ്ജിദിന് മുമ്പില്‍ നിലയുറപ്പിച്ച പോലീസ് സേന

നിസ്‌കാരത്തിനെത്തിയവര്‍ക്ക് നേരെ അക്രമം തുടങ്ങിയതോടെ പോലീസ് ഇടപെടുകയായിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ലത്വീഫ് സഅദി പഴശ്ശിയെ അക്രമികള്‍ തടയാന്‍ ശ്രമിച്ചു. പോലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചതോടെ ലീഗ് പ്രവര്‍ത്തകര്‍ കല്ലേറ് തുടങ്ങുകയായിരുന്നു. തുടര്‍ന്ന് പോലീസ് ലാത്തിവീശി. പഴയങ്ങാടി പോലീസിന്റെ ജിപ്പ് അക്രമികള്‍ തകര്‍ത്തു. കല്ലേറില്‍ പയ്യന്നൂര്‍ എസ് ഐ. കെ പി ഷൈന്‍, പഴയങ്ങാടി എസ് ഐ. വിനു മോഹന്‍, പഴയങ്ങാടി സ്റ്റേഷനിലെ സി പി ഒ അനില്‍കുമാര്‍ എന്നിവര്‍ക്ക് പരുക്കേറ്റു. തലക്ക് ഗുരുതരമായി പരുക്കേറ്റ അനില്‍കുമാറിനെ ഉടന്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അക്രമം രൂക്ഷമായതോടെയാണ് പോലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചത്. ഇതോടെ ലീഗ് പ്രവര്‍ത്തകര്‍ ചിതറിയോടി. ഓടുന്നതിനിടെ വഴിയില്‍ കണ്ട ജുമുഅ നിസ്‌കാരത്തിനെത്തിയവരുടെ ആറോളം വാഹനങ്ങളും ഇവര്‍ തകര്‍ത്തു. ഇതില്‍ ഒരു ഇന്നോവ കാര്‍ അടക്കം രണ്ട് കാറുകള്‍ പൂര്‍ണമായും തകര്‍ത്തു. പള്ളി പരസരത്ത് നിന്ന് കസ്റ്റഡിയിലെടുത്ത ഇരുചക്ര വാഹനങ്ങള്‍ ടിപ്പര്‍ ലോറിയില്‍ കയറ്റിയാണ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.

രണ്ട് മണിക്കൂറോളം നീണ്ടു നിന്ന സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ രണ്ട് മണിയോടെയാണ് പോലീസ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. ഇതിന് ശേഷവും അക്രമികള്‍ അമ്പലപ്പാറയില്‍ നിര്‍ത്തിയിട്ട സുന്നി പ്രവര്‍ത്തകന്റെ കാറും തഖ്‌വ പള്ളിയിലേക്ക് വെള്ളം എത്തുന്ന വാട്ടര്‍ ടാങ്കും പൈപ്പുകളും തകര്‍ത്തു. അബ്ദുര്‍റഹ്മാന്‍ സഖാഫി, എ ജബ്ബാര്‍, അബ്ദുല്‍ ജലീല്‍, മുഹമ്മദ് കുഞ്ഞി ഹാജി, അസ്‌ക്കറലി, അബ്ദുര്‍റഹ്മാന്‍ എന്നീ സുന്നി പ്രവര്‍ത്തകരാണ് പരുക്കേറ്റ് ആശുപത്രിയിലുള്ളത്. തളിപ്പറമ്പ് ഡി വൈ എസ് പി. കെ വി വേണുഗോപാല്‍ സ്ഥലത്തെത്തി പോലീസ് നടപടികള്‍ക്ക് നേതൃത്വം നല്‍കി.

അക്രമികളെ ഒറ്റപ്പെടുത്താന്‍ പൊതുസമൂഹം
രംഗത്തുവരണം: കേരള മുസ്‌ലിം ജമാഅത്ത്

കോഴിക്കോട്: പരിശുദ്ധ റമസാനിലെ മൂന്ന് വെള്ളിയാഴ്ചകളിലും ജുമുഅ നിസ്‌കാരം മുടക്കാന്‍ ശ്രമിക്കുകയും പ്രാര്‍ഥനക്കെത്തിയ വിശ്വാസികളെ അക്രമിക്കുകയും പള്ളിയില്‍ അഴിഞ്ഞാടുകയും ചെയ്ത സാമൂഹിക ദ്രോഹികളുടെ നടപടിയെ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് അപലപിച്ചു. സമുദായത്തിന് പേരുദോഷമുണ്ടാക്കി നാട്ടില്‍ ഛിദ്രതയും കുഴപ്പവും ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്താന്‍ പൊതുസമൂഹവും ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മഹല്ല് ജമാഅത്ത് പള്ളി ഒന്നര കിലോമീറ്ററിലധികം ദൂരത്തായിരിക്കെ താജുല്‍ ഉലമ നിര്‍മിച്ച പള്ളിയില്‍ ജുമുഅ മുടക്കാന്‍ രണ്ട് തവണ ശ്രമം നടന്നപ്പോഴും ഉത്തരവാദപ്പെട്ടവര്‍ ഇടപെട്ട് അക്രമികളെ പിന്തിരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഗ്രൂപ്പ് വിരോധത്തിന്റെ പേരില്‍ മാത്രം മൂന്നാം തവണയും അഴിഞ്ഞാടുകയും പള്ളിയും പരിസരവും യുദ്ധക്കളമാക്കുകയും ചെയ്തപ്പോഴാണ് പ്രതിഷേധിക്കാന്‍ നിര്‍ബന്ധിതരായത്. രണ്ടാമത്തെ വെള്ളിയാഴ്ച കേരള ചരിത്രത്തിലാദ്യമായി സ്ത്രീകളെ രംഗത്തിറക്കിയായിരുന്നു ജുമുഅ മുടക്കാന്‍ ശ്രമം നടത്തിയത്. ഇതും വിഫലമായപ്പോള്‍ നിസ്‌കരിക്കാനെത്തുന്നവരെ വഴിയില്‍ തടഞ്ഞും അക്രമം അഴിച്ചുവിട്ടുമാണ് പ്രകോപനം സൃഷ്ടിച്ചത്.

സമാധാനം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ കുഴപ്പമുണ്ടാക്കുകയും അരാജകത്വം സൃഷ്ടിക്കുകയും ചെയ്യുന്ന സാമൂഹിക ദ്രോഹികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അക്രമികളെ ഒറ്റപ്പെടുത്താന്‍ സമാധാന കാംക്ഷികള്‍ മുന്നോട്ട് വരണം. സംഘടനാ വ്യത്യാസങ്ങള്‍ അന്ധമാകരുത്. എല്ലാ പ്രദേശങ്ങളിലും സംഘടനകളുടെ നേതൃത്വത്തില്‍ ജുമുഅകള്‍ നടക്കുന്നുണ്ട്. എല്ലാവരും അനുഭവിച്ചുവരുന്ന സംഘടനാ സ്വാതന്ത്ര്യം സുന്നികള്‍ക്ക് മാത്രം നിഷേധിക്കുന്നത് ദുരൂഹമാണ്. സമുദായ സംഘടനകള്‍ മൗനം വെടിയണമെന്നും അക്രമികളെ ഒറ്റപ്പെടുത്തണമെന്നും മുസ്‌ലിം ജമാഅത്ത് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

പട്ടുവം കെ പി അബൂബക്കര്‍ മൗലവി, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ എന്‍ അലി അബ്ദുല്ല, പ്രൊഫ. കെ എം എ റഹീം, അഡ്വ. എ കെ ഇസ്മാഈല്‍ വഫ, പ്രൊഫ. യു സി അബ്ദുല്‍ മജീദ് സംബന്ധിച്ചു.