വര്‍ണങ്ങളില്‍ നിറഞ്ഞാടി സ്‌കൂള്‍ പ്രവേശനോത്സവം

കുരുന്നുകളെ വരവേറ്റ് വിദ്യാലയങ്ങള്‍
Posted on: June 2, 2018 6:03 am | Last updated: June 1, 2018 at 11:48 pm
SHARE
തിരുവനന്തപുരം നെടുമങ്ങാട് ജി എച്ച് എസ് എസില്‍ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാര്‍ഥിനിയോട് കുശലം പറയുന്നു

തിരുവനന്തപുരം: വര്‍ണാഭമായ പരിപാടികളോടെ സംസ്ഥാനത്ത് ഇന്നലെ പുതിയ അധ്യായന വര്‍ഷത്തിന് തുടക്കമായി. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലൊഴികെ ഇന്നലെ സംസ്ഥാന വ്യാപകമായി നടന്ന പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നെടുമങ്ങാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വിവിധ ജില്ലകളില്‍ ജില്ലാതല പ്രവേശനോത്സനവങ്ങളും സംഘടപ്പിച്ചിരുന്നു. വര്‍ണ ബലൂണുകളും, മധുര പലഹാരങ്ങളും സമ്മാനങ്ങളുമായാണ് വിദ്യാലയങ്ങള്‍ പുതിയ അതിഥികളായ കുരുന്നുകളെ വരവേറ്റത്.

കാലവര്‍ഷത്തിന്റെ അകമ്പടിയോടെ തുടക്കമായ പുതിയ അധ്യയന വര്‍ഷത്തെ ആദ്യ ദിനത്തില്‍ ഒന്നരലക്ഷം പുതിയ വിദ്യാര്‍ഥികളാണ് ഒന്നാം ക്ലാസില്‍ ആദ്യാക്ഷരം കുറക്കാനെത്തിയിരുന്നത്. പുതിയ അധ്യയന വര്‍ഷത്തിലെ ആദ്യത്തെ ആറ് പ്രവൃത്തി ദിവസങ്ങള്‍ കൂടി കഴിയുമ്പോള്‍ ഇതുകൂടി ഉള്‍പ്പെടുത്തിയാകും ഈ വര്‍ഷത്തെ വിദ്യാര്‍ഥികളുടെ കണക്കെടുക്കുക. ഇതിന്റെ നടപടികള്‍ നടന്നുവരികയാണ്. ഇതുവരെ 27.5 ലക്ഷം വിദ്യാര്‍ഥികളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.

അതേസമയം, നിപ്പാ വൈറസ് ബാധ കാരണം മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ സ്‌കൂളുകള്‍ തുറക്കുന്നത് മാറ്റിവെച്ചതിനാല്‍ ഇവിടങ്ങളില്‍ ആറു ദിവസം കൂടി കഴിഞ്ഞായിരിക്കും കണക്കെടുപ്പ് പൂര്‍ത്തിയാകുക. സംസ്ഥാന സര്‍ക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ നയത്തിന് ലഭിക്കുന്ന സ്വീകാര്യത പൊതുവിദ്യാലങ്ങളിലെ പ്രവേശനത്തെ നിര്‍ണായകമായി സ്വാധീനിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

സമൂഹത്തിലെ മതനിരപേക്ഷത സംരക്ഷിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് പറഞ്ഞു. ദരിദ്രരും സമ്പന്നരും തമ്മില്‍ വ്യത്യാസവുമില്ലാതെ സമത്വത്തിന്റെ സന്ദേശമാണ് പൊതുവിദ്യാലയങ്ങള്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥികള്‍ വെറും പുസ്തകപ്പുഴുക്കള്‍ മാത്രമാകരുതെന്നും സമൂഹത്തിനു കൂടി തങ്ങളുടെ ജീവിതം സമര്‍പ്പിക്കണമെന്നും അദ്ദേഹം കുട്ടികളോട് ഉപദേശച്ചു.

ഡെ. സ്പീക്കര്‍ വി ശശി മുഖ്യാതിഥിയായ ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ക്കായി എസ് സി ഇ ആര്‍ ടി തയ്യാറാക്കിയ ബോധവത്കരണ കൈപ്പുസ്തകം ‘നന്മ പൂക്കുന്ന നാളേക്ക്’ ഡോ. എ സമ്പത്ത് എം പി പ്രകാശനം ചെയ്തു. പഠനോപകരണങ്ങളുടെ വിതരണം സി ദിവാകരന്‍ എം എല്‍ എയും പുതിയ അക്കാദമിക കലണ്ടറിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവും നിര്‍വഹിച്ചു. ശിശു സൗഹൃദ ഫര്‍ണിച്ചറിന്റെ വിതരണോദ്ഘാടനം നെടുമങ്ങാട് നഗരസഭാ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവനും ‘ഗണിതവിജയം’ കൈപ്പുസ്തകത്തിന്റെ പ്രകാശനം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാറും നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍, സര്‍വശിക്ഷാ അഭിയാന്‍ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. എ പി കുട്ടികൃഷ്ണന്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here