ഉഗാണ്ടയില്‍ സാമൂഹിക മാധ്യമം ഉപയോഗിച്ചാല്‍ നികുതി

Posted on: June 2, 2018 6:02 am | Last updated: June 1, 2018 at 11:20 pm
SHARE

കമ്പാല: ഉഗാണ്ടയില്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് നികുതി ചുമത്തി. ട്വിറ്ററും ഫേസ്ബുക്കും വാട്‌സ്ആപ്പും പോലുള്ള നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ പ്രതിദിനം 200 ഷില്ലിംഗ് (ഏകദേശം 130 രൂപ) പ്രതിദിനം നികുതിയായി നല്‍കേണ്ടിവരും. ഒരാള്‍ തന്നെ ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രവേശിക്കുന്നുണ്ടെങ്കില്‍ അതിനെല്ലാം വെവ്വേറെ നികുതി നല്‍കേണ്ടിവരുമെന്ന് ഉപധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്നാണ് ഇത് സംബന്ധിച്ച ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ച് സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍, സര്‍ക്കാറിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നുവരുന്ന വിമര്‍ശങ്ങള്‍ക്ക് തടയിടാനാണ് നടപടിയെന്ന് പ്രതിപക്ഷം ആരോപിച്ചു.
തീരുമാനത്തിനെതിരെ സെല്‍ഫോണ്‍ ഓപറേറ്റര്‍മാരോ സാമൂഹിക മാധ്യമ കമ്പനികളോ രംഗത്ത് വന്നിട്ടില്ലെങ്കിലും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്ത് തുടങ്ങിയിട്ടുണ്ട്. 40 കോടിയോളം വരുന്ന ഉഗാണ്ടന്‍ ജനസംഖ്യയില്‍ 40 ശതമാനത്തോളം ആളുകളും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് സാമൂഹിക മാധ്യമങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here