Connect with us

Editorial

2019ലേക്കുള്ള ചൂണ്ടുപലക

Published

|

Last Updated

ബി ജെ പിയുടെ ഭൂരിപക്ഷ വര്‍ഗീയ ധ്രുവീകരണ തന്ത്രത്തെ മതേതര, ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിലൂടെ പ്രതിരോധിക്കാനാവുമെന്ന രാഷ്ട്രീയ പാഠം നല്‍കുന്നതാണ് തിങ്കളാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍. നാല് ലോക്‌സഭാ മണ്ഡലങ്ങളിലും 10 നിയമസഭാ മണ്ഡലങ്ങളിലുമായി നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ രണ്ട് ലോക്‌സഭാ മണ്ഡലത്തിലും ഒരുനിയമസഭാ മണ്ഡലത്തിലുമൊഴികെ മറ്റെല്ലായിടത്തും പ്രതിപക്ഷ പാര്‍ട്ടികളാണ് ജയിച്ചത്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ലോക്‌സഭാ മണ്ഡലവും ഉത്തരാഖണ്ഡിലെ ഥരാലി നിയമസഭാ മണ്ഡലവും മാത്രമാണ് ബി ജെ പി നിലനിര്‍ത്തിയത്. നാഗാലാന്‍ഡ് ലോക്‌സഭാ സീറ്റില്‍ എന്‍ ഡി എ സഖ്യത്തിന്റെ ഭാഗമായ പീപ്പിള്‍സ് ഡെമോക്രാറ്റിക് അലയന്‍സും വിജയിച്ചു. പാല്‍ഘറില്‍ ബി ജെ പി തോല്‍പ്പിച്ചത് സ്വന്തം സഖ്യകക്ഷിയായ ശിവസേനയെയാണെന്നത് ആ വിജയത്തിന്റെ മാറ്റു കുറക്കുകയും ചെയ്യുന്നു.

ബി ജെ പി നേതൃത്വത്തെ, പ്രത്യേകിച്ചും മോദിയെയും അമിത് ഷായെയും ഞെട്ടിച്ചിരിക്കയാണ് ഫലങ്ങള്‍. യു പിയിലെയും ബിഹാറിലെയും പരാജയങ്ങളാണ് അവരെ വല്ലാതെ അലോസരപ്പെടുത്തുന്നത്. യു പിയിലെ കൈരാന മണ്ഡലം അര ലക്ഷത്തോളം വോട്ടുകള്‍ക്കാണ് രാഷ്ട്രീയ ലോക് ദളിന്റെ (ആര്‍ എല്‍ ഡി) തബസും ഹസന്‍ ബി ജെ പിയില്‍ നിന്ന് പടിച്ചെടുത്തത്. 2014ല്‍ ബി ജെ പിയുടെ ഹുക്കുംസിഗ് 50.54 ശതമാനം വോട്ടു നേടി 2.30 ലക്ഷത്തിന്റെ ഭൂരിപക്ഷത്തിന്് വിജയിച്ച മണ്ഡലമാണിത്. യു പിയില്‍ സിറ്റിംഗ് സീറ്റായിരുന്ന നൂര്‍പുര്‍ നിയമസഭാമണ്ഡലവും ബി ജെ പിയെ കൈവിട്ടു. സമാജ്‌വാദി പാര്‍ട്ടി(എസ്പി) പ്രതിനിധി നഈമുല്‍ ഹസനാണ് ഇവിടെ വിജയി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലമായിരുന്ന ഗോരഖ്പൂരിലെയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായിരുന്ന ഫൂല്‍പൂരിലെയും ഉപതിരഞ്ഞെടുപ്പുകളിലെ തോല്‍വിയുടെ ചൂടാറും മുമ്പേയാണ് പുതിയ പ്രഹരങ്ങള്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടെ നിന്ന പല വിഭാഗങ്ങളും ബി ജെ പിയെ കൈവിട്ടുവെന്നാണ് നൂര്‍പുര്‍ ഫലം നല്‍കുന്ന സൂചന.

ബിഹാറിലെ ജോക്കിഹാട്ട് നിയമസഭാ മണ്ഡലത്തിലെ ഫലവും ബി ജെ പിക്ക് രാഷ്ട്രീയമായി വെല്ലുവിളി ഉയര്‍ത്തുന്നതാണ്. എന്‍ ഡി എ സഖ്യകക്ഷിയായ ജെ ഡി യു സ്ഥാനാര്‍ഥിയെ 41,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ആര്‍ ജെ ഡി സ്ഥാനാര്‍ഥി ഷാനവാസ് ആലമാണ് അവിടെ ആധിപത്യം നേടിയത്. നേരത്തെ ആര്‍ ജെ ഡിയുമായി സഖ്യത്തിലായിരുന്നപ്പോള്‍ ജെ ഡി യുവാണ് ഇവിടെ വിജയിച്ചത്. 2014ലെ തിരഞ്ഞെടുപ്പില്‍ ഭിന്നിച്ചു നഷ്ടമായ യാദവ, ന്യൂനപക്ഷ വോട്ടുകള്‍ ആര്‍ ജെ ഡിയിലേക്കു തിരിച്ചുവരുന്നതിന്റെ സൂചനയായി നിരീക്ഷകര്‍ ഈ ഫലത്തെ കാണുന്നു. ബിഹാറിന് പ്രത്യേക പദവി അനുവാദിക്കാത്തതിനെ ചൊല്ലി ബി ജെ പിയുമായി ഇടഞ്ഞു നില്‍ക്കുന്ന നിതീഷ്‌കുമാറിന് ബി ജെ പി സഖ്യം തുടരുന്നതിനെക്കുറിച്ചു വീണ്ടു വിചാരത്തിന് ഫലം ഇടയാക്കിയേക്കുമോ എന്ന് ബി ജെ പി കേന്ദ്രങ്ങള്‍ക്ക് ആശങ്കയുണ്ട്.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന 27 ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ സിറ്റിംഗ് സീറ്റുകളിലടക്കം ഭൂരിഭാഗത്തിലും ബി ജെ പി തോല്‍ക്കുകയായിരുന്നു. ബി ജെ പിയുടെ 11 സിറ്റിംഗ് സീറ്റുകളില്‍ ആറെണ്ണവും അവരെ കൈവിട്ടു. മറുഭാഗത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ അവരുടെ സീറ്റുകള്‍ പിടിച്ചെടുത്തുകൊണ്ടിരിക്കുന്നു. ബി ജെ പി അധികാരത്തിലിക്കുന്ന രാജസ്ഥാനിലും യു പിയിലും മധ്യപ്രദേശിലുമെല്ലാം ഇതാണവസ്ഥ. ലോക്‌സഭയില്‍ ബി ജെ പിയുടെ ഒറ്റക്കുള്ള അംഗബലം ഇപ്പോള്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട 272 ആയി ചുരുങ്ങിയിട്ടുണ്ട്. 2014ല്‍ ഇത് 282 ആയിരുന്നു. രണ്ട് ബി ജെ പി എം പിമാര്‍ പാര്‍ട്ടിക്ക് അനഭിമതരാണ്. ശിവസേനയാണെങ്കില്‍ മോദിയെ വീഴ്ത്താന്‍ അവസരം പാര്‍ത്തിരിക്കുകയും ചെയ്യുന്നു.

പ്രതിപക്ഷ ഐക്യമാണ് ഉപതിരഞ്ഞെടുപ്പുകളിലെ അവരുടെ വിജയത്തിന്റെ മുഖ്യഘടകം. കഴിഞ്ഞ വര്‍ഷം നടന്ന യു പി നിയമസഭയിലേക്ക് ബി ജെ പി വന്‍വിജയം നേടിയതോടെയാണ് ഭിന്നിച്ചു നില്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിപ്പിന്റെ മേഖലയിലേക്ക് നീങ്ങിയത്. ഗോരഖ്പൂരിലും ഫൂല്‍പൂരിലുമാണ് ആദ്യമായി അത് പരീക്ഷിച്ചത്. അത് വന്‍വിജയമായി. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പിന് ശേഷമാണെങ്കിലും കോണ്‍ഗ്രസും ജെ ഡി എസും കൈകോര്‍ത്തപ്പോള്‍ വലിയ ഒറ്റകക്ഷിയായ ബി ജെ പിയില്‍ നിന്ന് ഭരണം പിടിച്ചെടുക്കാനായി. ഈ വിജയങ്ങള്‍ അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഒന്നിച്ചു നേരിടാന്‍ പ്രതിപക്ഷത്തിന് കൂടുതല്‍ പ്രചോദനമാകേണ്ടതാണ്. കടുത്ത ആശങ്കയോടെയാണ് അത്തരമൊരു നീക്കത്തെ ബി ജെ പി കാണുന്നത്. ഉത്തര്‍പ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളാണ് കേന്ദ്രത്തില്‍ ആര് വാഴണമെന്ന് തീരുമാനിക്കാറ്. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ബി ജെ പിയും കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് യു പിയിലാണ്. എന്നാല്‍ കഴിഞ്ഞ തവണത്തെ അനുകൂലമായ അന്തരീക്ഷമല്ല അവിടെയും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും പാര്‍ട്ടിയെ കാത്തിരിക്കുന്നതെന്നാണ് ഉപതിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യക്തമായ പാഠം. മോദിപ്രഭാവം മങ്ങിയിരിക്കുന്നു. കൈരാനയിലെ ഉപതിരഞ്ഞെടുപ്പിന് തലേദിവസം മോദി കൈരാനയുടെ തൊട്ടടുത്ത ബാഗ്പത്തില്‍ റാലി നടത്തി ഫലം സ്വാധീനിക്കാന്‍ ശ്രമിച്ചെങ്കിലും അത് ഏറ്റില്ല. അമിത് ഷായുടെ ചാണക്യ തന്ത്രങ്ങളും പഴയതു പോലെ ഏശുന്നില്ല. ജനാധിപത്യ മതേതര വിശ്വാസികള്‍ക്ക് ആശ്വാസം പകരുന്നതാണ് രാഷ്ട്രീയത്തിലെ ഈ നല്ല മാറ്റങ്ങള്‍.

Latest