യുദ്ധത്തില്‍ വേര്‍പെട്ട കുടുംബങ്ങളെ യോജിപ്പിക്കാന്‍ കൊറിയന്‍ കരാര്‍

ഈ മാസം 14ന് സൈനികതല യോഗത്തിന് ധാരണയായി
Posted on: June 2, 2018 6:01 am | Last updated: June 1, 2018 at 11:13 pm
SHARE
പാന്‍മുന്‍ജിയോമില്‍ നടന്ന യോഗത്തില്‍ ഉത്തര കൊറിയന്‍ പ്രതിനിധി ഷോ മ്യുംഗ് ഗ്യോനും ദക്ഷിണ കൊറിയന്‍ പ്രതിനിധി റി സണ്‍ ഗൗണും ഹസ്തദാനം ചെയ്യുന്നു

സിയോള്‍: കൊറിയന്‍ യുദ്ധത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളിലേക്ക് വേര്‍പെട്ടുപോയ കുടുംബങ്ങളെ യോജിപ്പിക്കുന്നതിന്റെ ഭാഗമായി സൈനികതല ആശയവിനിമയത്തിനൊരുങ്ങി ഉത്തര- ദക്ഷിണ കൊറിയകള്‍.

ഈ മാസം 14ന് സൈനികതല ആശയവിനിമയം നടത്താനാണ് തീരുമാനം. ഈ മാസം 22ന് ഇത് സംബന്ധിച്ച് റെഡ് ക്രോസ് യോഗവും ചേരും. 1950- 53 കാലഘട്ടത്തിലെ യുദ്ധത്തെ തുടര്‍ന്ന് കൊറിയ വിഭജിക്കപ്പെട്ടപ്പോള്‍ ഇരു രാജ്യങ്ങളിലേക്ക് ചിതറിപ്പോയ കുടുംബാംഗങ്ങളെ യോജിപ്പിക്കുന്നതിനാണ് പുതിയ നീക്കം. അതിര്‍ത്തി ഗ്രാമമായ പാന്‍മുന്‍ജിയോമില്‍ നടന്ന നേതൃത്വ ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച് ഇരു കൊറിയകളും കരാറിലെത്തി. ഇരു രാജ്യങ്ങളും സൈനികമുക്തമായി പ്രഖ്യാപിച്ച പാന്‍മുന്‍ജിയോമിലെ പീസ് ഹൗസിലാണ് ചര്‍ച്ചകള്‍ നടന്നത്.

സൈനിക ഉച്ചകോടി സംബന്ധിച്ച് കഴിഞ്ഞ ഏപ്രിലില്‍ തന്നെ തീരുമാനിച്ചിരുന്നെങ്കിലും നടക്കാതെ പോകുകയായിരുന്നു. മെയ് 16നായിരുന്നു യോഗം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇതേ കാലയളവില്‍ അമേരിക്കയുമായി ചേര്‍ന്ന് ദക്ഷിണ കൊറിയ വ്യോമാഭ്യാസത്തിനുള്ള നീക്കങ്ങള്‍ നടത്തുകയായിരുന്നു. ഇതില്‍ പ്രകോപിതരായാണ് ഉത്തര കൊറിയ മുന്‍ നിശ്ചയിച്ച യോഗത്തില്‍ നിന്ന് പിന്മാറിയത്.

പരസ്പരം വിശ്വാസവും ബഹുമാനവുമായി മുന്നോട്ടുപോകുകയാണെങ്കില്‍ പരിഹരിക്കാവുന്ന പ്രശ്‌നം മാത്രമേ മുന്നിലുള്ളുവെന്ന് ഉത്തര കൊറിയയുടെ പുനരേകീകരണ മന്ത്രി ഷോ മ്യുംഗ് ഗ്യോനും ദക്ഷിണ കൊറിയയുടെ പ്രതിനിധി സംഘ മേധാവി റി സണ്‍ ഗൗണും പറഞ്ഞു.