ബദ്ര്‍: വിശ്വാസത്തിന്റെ വിജയം

വിശ്വാസ വഴിയില്‍ അടിയുറച്ചുനില്‍ക്കുന്നവരെ അല്ലാഹു ഒരിക്കലും കൈവെടിയുകയില്ല എന്നതാണ് അതില്‍ ഏറ്റവും പ്രധാനം. വിശ്വാസ സംരക്ഷണത്തിന് വേണ്ടി കഠിന ത്യാഗം ചെയ്യാന്‍ ഒരുങ്ങിപ്പുറപ്പെട്ടവരാണ് ബദ്‌രീങ്ങള്‍. ശത്രുക്കളുടെ എണ്ണമോ വണ്ണമോ അവരെ ഭയപ്പെടുത്തുകയോ പിന്തിരിപ്പിക്കുകയോ ചെയ്തില്ല. അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ചു കൊണ്ട് ദീനിന്റെ മാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ സഹായമുണ്ടാകുക തന്നെ ചെയ്യും എന്ന് ബദ്ര്‍ പഠിപ്പിക്കുന്നു.
Posted on: June 2, 2018 6:00 am | Last updated: June 1, 2018 at 10:30 pm
SHARE

ഇസ്‌ലാമിക ചരിത്രത്തിലെ അതിപ്രധാനവും നിര്‍ണായകവുമായ യുദ്ധമാണ് ബദ്ര്‍. സത്യാസത്യ വിവേചന ദിനമെന്ന് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ച, ഇസ്‌ലാമിന്റെ നിലനില്‍പ്പിന് ഹേതുകമായ ഇസ്‌ലാമിക ചരിത്രത്തിലെ അവിസ്മരണീയമായ ചരിത്ര സംഭവം നടന്ന മദീനക്കടുത്ത സ്ഥലമാണ് ബദ്ര്‍. ഹിജ്‌റ രണ്ടാം വര്‍ഷം റമസാന്‍ 17 വെള്ളിയാഴ്ചയാണ് ബദ്ര്‍ യുദ്ധം നടന്നത്. ബദ്‌റില്‍ പങ്കെടുത്ത സ്വഹാബികള്‍ മുന്നൂറില്‍ പരം പേരാണ്. 313 എന്നും 319 എന്നും വ്യത്യസ്ത റിപ്പോര്‍ട്ടുകളില്‍ കാണാം. അതുകൂടാതെ 5,000 മലക്കുകളും ബദ്‌റില്‍ പങ്കെടുത്തിട്ടുണ്ട്.

ഇസ്‌ലാം സമാധാനത്തിന്റെ മതമാണ്, സന്ദേശമാണ്. അങ്ങോട്ട് യുദ്ധം ചെയ്യാന്‍ അത് പ്രേരിപ്പിച്ചിട്ടില്ല. പരമാവധി യുദ്ധം ഒഴിവാക്കുക എന്നതാണ് ഇസ്‌ലാമിന്റെ മാര്‍ഗം. യഥാര്‍ഥത്തില്‍ ബദ്‌റിലും നബി(സ) ഒരു യുദ്ധം ആഗ്രഹിച്ചിരുന്നില്ല. പ്രവാചകത്വ ലബ്ധിക്ക് ശേഷം 13 വര്‍ഷം നബി(സ) മക്കയില്‍ താമസിച്ച് ഇസ്‌ലാം മതപ്രബോധനം നടത്തി.

ആദ്യത്തെ മൂന്ന് വര്‍ഷം രഹസ്യമായി പ്രബോധനം നടത്തിയ ശേഷം പരസ്യ പ്രബോധന നിര്‍ദേശം ലഭിച്ചു. അതോടെ സ്വന്തം നാട്ടുകാരും കുടുംബക്കാരും ശത്രുക്കളായി മാറി. പലതരം മര്‍ദനങ്ങളും അവര്‍ അഴിച്ചുവിട്ടു. അതെല്ലാം ക്ഷമിച്ചും സഹിച്ചും നബി(സ) പ്രബോധന മാര്‍ഗത്തില്‍ ഉറച്ചുനിന്നു. ഗത്യന്തരമില്ലാതായപ്പോള്‍ മദീനയിലേക്ക് പലായനം ചെയ്യാന്‍ അല്ലാഹു അനുവാദം നല്‍കി.

അവിടെയും സമാധാനാന്തരീക്ഷം ലഭിച്ചില്ല. ഈമാന്‍ സംരക്ഷിക്കുന്നതിനായി സ്വന്തം നാടും കുടുംബവും സമ്പത്തും എല്ലാം ഉപേക്ഷിച്ച് മുസ്‌ലിംകള്‍ മദീനയിലേക്ക് പലായനം ചെയ്തപ്പോള്‍ മക്കയിലുള്ള അവരുടെ വീടുകളും സമ്പത്തും എല്ലാം മുശ്‌രിക്കുകള്‍ കൊള്ളയടിച്ചു സ്വന്തമാക്കി. അതെല്ലാം വന്‍ ലാഭത്തിന് വില്‍ക്കാനും അതുവഴി ലഭിക്കുന്ന ധനം നബി(സ)ക്കും ഇസ്‌ലാമിനും എതിരില്‍ ചെലവഴിക്കാനും അവര്‍ തീരുമാനിച്ചു.

അവരുടെ ഈ തീരുമാനം നബി(സ)അറിയുകയും ഈ ഘട്ടത്തില്‍ ശത്രുക്കളുടെ സാമ്പത്തിക ശക്തി കുറക്കണമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. അബൂ സുഫ്‌യാന്റെ നേതൃത്വത്തിലുള്ള മക്കാ ഖുറൈശികള്‍ തങ്ങളുടെ കച്ചവട ചരക്കുകള്‍ വിറ്റഴിച്ച് സിറിയയില്‍ നിന്ന് വന്‍ ലാഭവുമായി മടങ്ങിവരുന്നു എന്ന വാര്‍ത്തയും നബി(സ)ക്ക് ലഭിച്ചു. അബൂ സുഫ്‌യാനെയും സംഘത്തെയും തടയുക എന്ന ലക്ഷ്യത്തോടെ മദീനയില്‍ നിന്ന് നബി(സ) 313 അനുയായികള്‍ക്കൊപ്പം പുറപ്പെട്ടു. ഈ വിവരമറിഞ്ഞ അബൂ സുഫ്‌യാന്‍ രഹസ്യ ദൂതന്‍ വഴി മക്കക്കാര്‍ക്ക് വിവരം നല്‍കി. വിവരമറിഞ്ഞ ഖുറൈശികള്‍ ഇളകി മറിഞ്ഞു. അബൂജഹ്‌ലിന്റെ നേതൃത്വത്തില്‍ ആയിരത്തോളം വരുന്ന വന്‍ സൈന്യം മുസ്‌ലിംകളെ ലാക്കാക്കി പുറപ്പെട്ടു. പക്ഷേ, അബൂ സുഫ്‌യാന്‍ മറ്റൊരു വഴിയിലൂടെ തന്ത്രപരമായി മക്കയിലേക്ക് രക്ഷപ്പെട്ടു.

താന്‍ രക്ഷപ്പെട്ടുവെന്നും തിരികെ പോകണമെന്നും അദ്ദേഹം ഖുറൈശികളെ അറിയിച്ചെങ്കിലും അഹങ്കാരികളായ അബൂജഹ്ല്‍ അതിന് തയ്യാറാകാതെ മുന്നോട്ട് പോകുകയും ബദ്‌റില്‍ വെച്ച് മുസ്‌ലിംകളുമായി ഏറ്റുമുട്ടുകയും ചെയ്തു. ഇതാണ് യുദ്ധ പശ്ചാത്തലം.

ബദ്ര്‍ നമുക്ക് നല്‍കുന്ന പാഠങ്ങള്‍ പലതാണ്. വിശ്വാസ വഴിയില്‍ അടിയുറച്ചുനില്‍ക്കുന്നവരെ അല്ലാഹു ഒരിക്കലും കൈവെടിയുകയില്ല എന്നതാണ് അതില്‍ ഏറ്റവും പ്രധാനം.

വിശ്വാസ സംരക്ഷണത്തിന് വേണ്ടി കഠിന ത്യാഗം ചെയ്യാന്‍ ഒരുങ്ങിപ്പുറപ്പെട്ടവരാണ് ബദ്‌രീങ്ങള്‍. ശത്രുക്കളുടെ എണ്ണമോ വണ്ണമോ അവരെ ഭയപ്പെടുത്തുകയോ പിന്തിരിപ്പിക്കുകയോ ചെയ്തില്ല. അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ചു കൊണ്ട് ദീനിന്റെ മാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ സഹായമുണ്ടാകുക തന്നെ ചെയ്യും എന്ന് ബദ്ര്‍ പഠിപ്പിക്കുന്നു.

വ്രതവിശുദ്ധിയുടെ നാളുകളിലൂടെ കടന്നുപോകുന്ന മുസ്‌ലിം സമൂഹം ഈ പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും അല്ലാഹുവിന്റെ തൃപ്തിക്കായി ജീവിതത്തെ പരുവപ്പെടുത്താന്‍ തയ്യാറാകുകയും വേണം. അല്ലാഹു അനുഗ്രഹിക്കട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here