തൂത്തുക്കുടി: മലിനീകരണത്തിന്റെയും മരണത്തിന്റെയും തലസ്ഥാനം

ആധാറും മറ്റു രേഖകളുമുണ്ടെങ്കില്‍, പാചകവാതക സബ്‌സിഡിയോ സബ്‌സിഡി കിട്ടുകയോ കിട്ടാനര്‍ഹതയില്ലെന്ന അറിയിപ്പോ ലഭിക്കുമെന്നതിലവസാനിക്കുന്ന ഒന്നാണോ പൗരത്വം? ജീവിതം മെച്ചപ്പെടുത്താനും നേടിയ അവകാശങ്ങളും സൗകര്യങ്ങളും നിലനിര്‍ത്താനും വേണ്ടി സമരം ചെയ്യാന്‍ കൂടിയുള്ളതാണ് പൗരത്വമെന്നു പറയുന്നത്. അല്ലാത്തത് വെറും അടിമത്തം മാത്രം. അതായത് ഇന്ത്യയിലുള്ളത് പൗരന്മാരല്ലെന്നും അധീന ജനതയാണെന്നും ഉള്ള യാഥാര്‍ഥ്യത്തിന്റെ സമ്പൂര്‍ണ സ്ഥാപനത്തിലേക്കാണോ നാം സഞ്ചരിച്ചെത്തുന്നത്? കോര്‍പ്പറേറ്റുകള്‍ രാഷ്ട്രവും മനുഷ്യര്‍ വെറും എണ്ണങ്ങളും ആയി പിളരുന്ന സ്ഥിതിയാണ് ഇന്ത്യയിലും സംജാതമായിരിക്കുന്നത്.
Posted on: June 2, 2018 6:00 am | Last updated: June 1, 2018 at 10:25 pm
SHARE

ആഗോളകോര്‍പറേറ്റ് ഭീമനായ വേദാന്ത ഗ്രൂപ്പിന്റെ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ എന്ന സ്ഥാപനം നടത്തുന്ന അതിരൂക്ഷമായ മലിനീകരണത്തിനെതിരായി തൂത്തുക്കുടിയില്‍ നടന്ന സമരത്തിനു നേരെ പോലീസ് നിറയൊഴിച്ചതിനെ തുടര്‍ന്ന് പന്ത്രണ്ടു പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ നൂറ് ദിവസമായി ഇവിടെ ജനങ്ങളുടെസമരം നടന്നു വരികയായിരുന്നു. സമരത്തിന്റെ നൂറാം ദിവസം പ്രമാണിച്ച് ജില്ലാ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയ പ്രക്ഷോഭകര്‍ക്കെതിരെയാണ് പോലീസ് വെടിവെച്ചത്. വെടിവെപ്പ് ആസൂത്രിതമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തൂത്തുക്കുടിയിലെ കുമാരറെഡ്ഡ്യപുരം എന്ന ഗ്രാമത്തിനു തൊട്ടടുത്തുള്ള സിപ്‌കോട്ട് (സ്‌റ്റേറ്റ് ഇന്‍ഡസ്ട്രീസ് പ്രൊമോഷന്‍ കോര്‍പ്പറേഷന്‍ ഓഫ് തമിഴ്‌നാട് ലിമിറ്റഡ്) കോംപ്ലക്‌സില്‍ 3,500 കോടി രൂപ മുടക്കിയുള്ള സംരംഭ വികസന നടപടിക്കാണ് വേദാന്തക്കാര്‍ ശ്രമങ്ങളാരംഭിച്ചിരുന്നത്. നൂറോളം ഗ്രാമവാസികളാണ് ആദ്യ ഘട്ടത്തില്‍ സമരമാരംഭിച്ചത്. പിന്നീട് സമീപ പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി ജനങ്ങള്‍ സമരത്തിലണിചേരുകയായിരുന്നു. സമരം 60 ദിവസം പിന്നിട്ട മാര്‍ച്ച് 24ന് തന്നെ കടകള്‍ അടച്ചും എട്ടു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഉപരോധം നടത്തിയും സമരം കൂടുതല്‍ രൂക്ഷസ്വഭാവം കൈവരിച്ചിരുന്നു. എന്നാല്‍, ചില പ്രാദേശിക പത്രങ്ങളൊഴിച്ച് ആരും സമര വാര്‍ത്തകള്‍ക്ക് പ്രാധാന്യം കൊടുത്തില്ല. എന്നാല്‍ 2017ല്‍ മറീന ബീച്ചില്‍ നടന്ന ജെല്ലിക്കെട്ട് സമരം പോലെ, തൂത്തുക്കുടി സമരവും പെട്ടെന്ന് വളരുകയായിരുന്നു. ഇത്രയും പെട്ടെന്ന് സമരത്തിന് വമ്പിച്ച പിന്തുണ ആര്‍ജിക്കാന്‍ കഴിയുമെന്ന് ആരും വിചാരിച്ചിരുന്നില്ല.

ശ്വസിക്കാന്‍ ശുദ്ധമായ വായുവോ കുടിക്കാന്‍ മാലിന്യമില്ലാത്ത വെള്ളമോ ലഭ്യമല്ലാത്ത സ്ഥിതിയിലേക്ക് ഈ ഗ്രാമം എത്തിച്ചേര്‍ന്നിരുന്നു. മഴ കുറവുള്ള സ്ഥലമായിരുന്നെങ്കിലും അത്യാവശ്യംകൃഷികളൊക്കെ നടത്തി ജീവിച്ചു പോരുകയായിരുന്നു ഗ്രാമീണര്‍. അതും സാധ്യമല്ലാത്ത സ്ഥിതിയിലേക്ക് അവര്‍ വലിച്ചെറിയപ്പെട്ടു. ഇതിനും പുറമെ ശ്വാസകോശ രോഗങ്ങളും ത്വക് രോഗങ്ങളും ക്യാന്‍സറും അവര്‍ക്കിടയില്‍ വര്‍ദ്ധിച്ചു.

1994 ഒക്ടോബര്‍ 31ന് അന്നത്തെ തമിഴ് നാട്മുഖ്യമന്ത്രി ജെ ജയലളിതയാണ് വേദാന്തയുടെ കോപ്പര്‍ സ്‌മെല്‍ട്ടര്‍ കമ്പനിക്ക് തറക്കല്ലിട്ടത്. അന്നു തന്നെ വിവാദങ്ങളുമാരംഭിച്ചിരുന്നു. സംസ്ഥാനത്തെ സമ്പൂര്‍ണമായി വ്യവസായവത്കരിക്കാനുള്ള സ്വപ്‌ന പദ്ധതികളിലൊന്നാണ് സ്റ്റെര്‍ലൈറ്റ് എന്നായിരുന്നു അന്ന് ജയലളിത ഈ സംരംഭത്തെ വിശേഷിപ്പിച്ചത്. ഗോവയിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും തദ്ദേശീയരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അവിടങ്ങള്‍ വിട്ടുവന്നിട്ടാണ് വേദാന്ത തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെത്തിയത് എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. സ്‌മെല്‍ട്ടര്‍, റിഫൈനറി, ഫോസ്‌ഫോറിക് ആസിഡ് പ്ലാന്റ്, സള്‍ഫ്യൂറിക് ആസിഡ് പ്ലാന്റ്, കോപ്പര്‍ റോഡ് പ്ലാന്റ് എന്നിവക്കു പുറമെ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള മൂന്ന് പവര്‍ പ്ലാന്റുകളും കമ്പനിക്കുണ്ട്. നാല് ലക്ഷം ടണ്‍ കോപ്പര്‍ കാത്തോഡുകളാണ് പ്രവര്‍ത്തനാരംഭത്തോടെ കമ്പനിക്ക് പ്രതിവര്‍ഷം ഉത്പാദിപ്പിക്കാനായത്. ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തിലെ ഏഴാമത്തേതുമാണ് ഈ ചെമ്പുത്പാദന ഫാക്ടറി. തമിഴ് നാട്ടിലെ അഞ്ചാമത്തെ വലിയ വ്യവസായ ശാലയുമാണിത്.

എന്നാല്‍, ആരംഭിച്ചതിനു ശേഷമുള്ള ഇരുപത്തി നാല് വര്‍ഷത്തിനിടെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും കോടതികളുടെയും ഉത്തരവുകളെതുടര്‍ന്ന് പല വട്ടം കമ്പനിക്ക് അടച്ചിടേണ്ടിവന്നിട്ടുണ്ട്. നിരവധി അപകടങ്ങളാണ് കമ്പനിക്കുള്ളില്‍ നടന്നത്. പല ഏജന്‍സികളുടേതായി വിവിധ തരത്തിലുള്ള അന്വേഷണങ്ങളും അവിടെ നടന്നു വരുന്നുണ്ട്. സുപ്രീം കോടതി നൂറ് കോടി രൂപ പിഴ ഒടുക്കാനുത്തരവിട്ടുകൊണ്ടുള്ള നിരവധി വിധികളും കമ്പനിക്കെതിരെ പുറപ്പെടുവിക്കപ്പെട്ടിട്ടുണ്ട്.

തൂത്തുക്കുടിയെ സംസ്ഥാനത്തെ മലിനീകരണ തലസ്ഥാനമായാണ് സമരക്കാര്‍ വിശേഷിപ്പിക്കുന്നത്. ഈ കമ്പനി കൂടാതെ തന്നെ നിരവധി രാസഫാക്ടറികള്‍ ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. സമരക്കാരോട് ജനാധിപത്യപരമായി പ്രതികരിക്കുന്നതിനു പകരം സമരത്തെ വഴിതിരിച്ചു വിടാനുള്ള കുതന്ത്രങ്ങള്‍ പ്രയോഗിക്കുന്ന സമീപനമാണ് വേദാന്തക്കാര്‍ കൈക്കൊണ്ടത്. 1994 മുതല്‍ 1999 വരെ നീണ്ടു നിന്ന ഒരു സമരവും കമ്പനിക്കെതിരെതദ്ദേശീയ ജനത സംഘടിപ്പിച്ചിരുന്നു. ഇപ്പോള്‍, 2013 മാര്‍ച്ച് 23ന് നടന്ന ഒരുവാതകച്ചോര്‍ച്ചയെ തുടര്‍ന്നാണ് സമരം വീണ്ടും ശക്തമായത്. 1994ലെ സമരത്തില്‍, പരിസ്ഥിതിവാദികളും അക്കാദമിക്കുകളും കച്ചവടക്കാരും മീന്‍പിടുത്തക്കാരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും മറ്റുചില സംഘടനകളും ആണുണ്ടായിരുന്നത്. ആന്റിസ്റ്റെര്‍ലൈറ്റ് മൂവ്‌മെന്റ് (എ എസ് എം) എന്ന കൊടിക്കീഴിലാണവര്‍ അണിചേര്‍ന്നത്. സി പി ഐയുടെ ജില്ലാ സെക്രട്ടറി എം അപ്പദുരൈ അടക്കമുള്ള നേതാക്കളാണ്‌സമരം നയിച്ചത്. പുന്നക്കായല്‍ മീന്‍പിടുത്ത ഗ്രാമത്തിലെ അന്തരിച്ച ആന്റണ്‍ ഗോമസും സമരത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്നു. ജോര്‍ജ് ഫെര്‍ണാണ്ടസ്, മേധാ പട്ക്കര്‍, രശ്മി മയൂര്‍, ഫാദര്‍ തോമസ് കോച്ചേരി എന്നിവരും സമരത്തിന് പിന്തുണയുമായിതൂത്തുക്കുടിയിലെത്തിയിരുന്നു. തമിഴ് രാഷ്ട്രീയ നേതാക്കളായ വൈകോ (മറുമലര്‍ച്ചി തിമുക), ഡോ. കെ കൃഷ്ണ സ്വാമി(പുതിയ തമിഴകം) എന്നിവരും സമരത്തെ അനുകൂലിച്ച് സംസാരിച്ചിട്ടുണ്ട്. പൂവുലകിന്‍ നന്‍പര്‍കള്‍, പീപ്പീള്‍സ് വാച്ച്, തമിഴ്‌നാട് എന്‍വിറോണ്‍മെന്റ് അസോസിയേഷന്‍ എന്നീ സംഘടനകളും സമരത്തിന് നേതൃത്വം നല്‍കി. സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞു കയറി ഐക്യത്തെ തകര്‍ക്കുന്ന കുതന്ത്രങ്ങളുംസ്‌റ്റെര്‍ലൈറ്റുകാര്‍ പ്രയോഗിച്ചിട്ടുണ്ട്.

തൂത്തുക്കുടിയിലെ കൂട്ടക്കൊലക്കിരയായവരും രക്ഷപ്പെട്ടവരുമായ പ്രതിഷേധക്കാര്‍ ഇന്ത്യന്‍ പൗരന്മാരല്ലെന്നു വരെ സംശയിക്കുന്ന തരത്തിലാണ് ഔദ്യോഗിക നിലപാടുകാര്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ രാജ്യദ്രോഹികളും മാവോയിസ്റ്റുകളും തീവ്രവാദികളും മറ്റും മറ്റുമാണ് എന്നാണാരോപിക്കപ്പെടുന്നത്. അവര്‍ വെറും വസ്തുക്കള്‍ മാത്രമാണ്. ജീവനുള്ളവരാകാം. പക്ഷേ, രാജ്യപുരോഗതിയില്‍ തത്പരരോ അതിനായിഎല്ലാം വിട്ടുകൊടുക്കുന്നവരോ അല്ലഎന്നാണ് ഭാഷ്യം. അതായത്, രാജ്യ പുരോഗതി എന്നാല്‍ കോര്‍പറേറ്റുകളുടെ പുരോഗതി മാത്രമാണ്. കോര്‍പറേറ്റുകള്‍ക്ക് കൊടുത്ത ലക്ഷക്കണക്കിന് കോടി രൂപകള്‍ വരുന്ന വായ്പകള്‍ കിട്ടാക്കടമെന്ന് കണക്കാക്കി എഴുതിത്തള്ളിയതിലൂടെ ബേങ്കുകള്‍ നഷ്ടത്തിലാണെന്ന് കണക്കുകള്‍ വരുന്നു. കോര്‍പറേറ്റുകള്‍ക്ക് വായ്പകള്‍ തിരിച്ചടക്കേണ്ടതില്ലെന്നു ചുരുക്കം. അവര്‍ക്ക് രാജ്യം വിട്ട് ഉല്ലസിക്കുകയും അവിടെയിരുന്ന് ഇന്ത്യയുടെ പ്രാചീന നന്മയും ഭാവി പുരോഗതിയും സൈബറിടത്തിലൂടെ പ്രചരിപ്പിച്ച് സായൂജ്യമടയുകയുംചെയ്യാം.

വോട്ട് ചെയ്യുന്നവരെന്ന കാര്യം കഴിഞ്ഞാല്‍ ഇന്ത്യന്‍ പൗരന് പൗരത്വം തന്നെയില്ലാതാകുന്ന അവസ്ഥയാണിതിലൂടെയൊക്കെ സംജാതമായിരിക്കുന്നത്. വോട്ട് ചെയ്യുന്നതവരാണെങ്കിലും അതിലും ജാതിയും മതവും പണവും മറ്റ് സ്വാധീനങ്ങളും പ്രവര്‍ത്തിക്കുന്നതിനാല്‍ അതും പൗരബോധം പ്രകടിപ്പിക്കലായി വ്യാഖ്യാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. പൗരത്വം എന്നത് അവകാശങ്ങള്‍ പിടിച്ചു പറിക്കുമ്പോള്‍ പ്രവര്‍ത്തനക്ഷമമല്ലാതാകുന്ന കേവലമൊരു ഐഡന്റിറ്റി മാത്രമായി പരിമിതപ്പെടുത്തുന്നു. അതുകൊണ്ടാണ് വെടിവെപ്പിലൂടെയും ബലാത്സംഗത്തിലൂടെയും ഭീഷണിയിലൂടെയും, കോര്‍പറേറ്റുകള്‍ക്കനുകൂലമായ ഭരണകൂടം അവരെകൊന്നൊടുക്കുകയും സ്ഥിരഭീതിയില്‍ നിലനിര്‍ത്തുകയും ചെയ്യുന്നത്. ശുദ്ധജലത്തിനും ഭക്ഷണത്തിനും ശുദ്ധവായുവിനും വീടിനും അവകാശമുന്നയിക്കുന്നവരെ വെടിവെച്ചു കൊല്ലുന്ന ഒരുവ്യവസ്ഥയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു. അവരവരുടെ ജീവിതം അല്‍പ്പം കൂടിമെച്ചപ്പെടുത്താനുള്ള ആഗ്രഹമാണ് മനുഷ്യരെ ലക്ഷ്യബോധമുള്ളവരും വ്യക്തിത്വമുള്ളവരും ഭാവനാശാലികളുമാക്കുന്നത്. അതാണിവിടെ നിഷേധിക്കപ്പെട്ടിരിക്കുന്നത്. സ്വന്തം സ്വത്തുവഹകള്‍ സംരക്ഷിക്കാനും യാത്ര ചെയ്യാനും ഉള്ള അവകാശങ്ങളും പരിമിതപ്പെട്ടുകൊണ്ടിരിക്കുന്നു. പൊതുമൈതാനങ്ങളും നിരത്തുകളും സ്വാതന്ത്ര്യബോധത്തിന്റെ ഭൗതിക ലക്ഷണങ്ങള്‍ കൂടിയായിരിക്കെ അതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ആധാറും മറ്റു രേഖകളുമുണ്ടെങ്കില്‍, പാചകവാതക സബ്‌സിഡിയോ സബ്‌സിഡി കിട്ടുകയോ കിട്ടാനര്‍ഹതയില്ലെന്ന അറിയിപ്പോ ലഭിക്കുമെന്നതിലവസാനിക്കുന്ന ഒന്നാണോ പൗരത്വം? ജീവിതം മെച്ചപ്പെടുത്താനും നേടിയ അവകാശങ്ങളും സൗകര്യങ്ങളും നിലനിര്‍ത്താനും വേണ്ടി സമരം ചെയ്യാന്‍ കൂടിയുള്ളതാണ് പൗരത്വമെന്നു പറയുന്നത്. അല്ലാത്തത് വെറും അടിമത്തം മാത്രം. അതായത് ഇന്ത്യയിലുള്ളത് പൗരന്മാരല്ലെന്നും അധീന ജനതയാണെന്നും ഉള്ള യാഥാര്‍ഥ്യത്തിന്റെ സമ്പൂര്‍ണ സ്ഥാപനത്തിലേക്കാണോ നാം സഞ്ചരിച്ചെത്തുന്നത്?

വികസനത്തിന്റെ വഴിമുടക്കുന്നവരെന്ന നിലക്ക് വെടിവെച്ചൊഴിവാക്കപ്പെടേണ്ടവരാണോ ഒരു ജനത? ആ ജനതയെ പ്രതിനിധീകരിക്കുന്നു എന്നവകാശപ്പെടുന്ന ഭരണകൂടം ഏതുതരത്തിലുള്ള ഒന്നാണ്? അവരെ ഇരുട്ടില്‍ നിര്‍ത്താനായി ഇന്‍ര്‍നെറ്റ് സൗകര്യം പോലും മൂന്നു ജില്ലകളില്‍- തൂത്തുക്കുടി, തിരുനെല്‍വേലി, കന്യാകുമാരി – ഏതാനും ദിവസം ഇല്ലാതാക്കുകയുണ്ടായി. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് തൂത്തുക്കുടിയില്‍ നടപ്പിലായിരിക്കുന്നത്.

ആഫ്രിക്കയിലെ സാംബിയയിലും ഒഡീഷയിലെ കോര്‍ബയിലും കടുത്ത പരിസ്ഥിതി നാശവും മനുഷ്യാവകാശലംഘനവും നടത്തിയതിന്റെ പേരില്‍കുപ്രസിദ്ധമായ കമ്പനിയാണ് വേദാന്ത. കുപ്രസിദ്ധമായതാണെങ്കിലും അല്ലെങ്കിലും ശരി, കോര്‍പറേറ്റുകള്‍ രാഷ്ട്രവും മനുഷ്യര്‍ വെറും എണ്ണങ്ങളും ആയി പിളരുന്ന സ്ഥിതിയാണ് മറ്റു പലയിടത്തുമെന്നതു പോലെ ഇന്ത്യയിലും സംജാതമായിരിക്കുന്നത്.