Connect with us

Gulf

അന്താരാഷട്ര ഹോളി ഖുര്‍ആന്‍ മത്സരം; ശ്രീലങ്ക, യു കെ പ്രതിനിധികളുടെ പ്രകടനം ശ്രദ്ധേയമായി

Published

|

Last Updated

ദുബൈ: അന്താരാഷട്ര ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ ശ്രീലങ്കയുടെ മുഹമ്മദ് ഹനീഫയുടെ പ്രകടനം മികച്ചതായിരുന്നു. പതിനേഴുകാരനായ മുഹമ്മദ് പത്താം വയസ്സിലാണ് ഖുര്‍ആന്‍ പഠിക്കാന്‍ തുടങ്ങിയത്. ദിവസം ഏഴ്, എട്ട് പേജുകള്‍ മന:പ്പാഠമാക്കി കേവലം ഒന്‍പത് മാസം കൊണ്ട് ഖുര്‍ആന്‍ മുഴുവനും മന:പ്പാഠമാക്കി. ഹനീഫ-ജറീന ദമ്പതികളുടെ എട്ടു മക്കളില്‍ രണ്ടാമനാണ് മുഹമ്മദ്. ശ്രീലങ്കയില്‍ പ്രാദേശിക തലങ്ങളില്‍ നടന്ന ആറ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഈ മിടുക്കന്‍ ഖുര്‍ആനിന്റെ പത്ത് ശൈലി പാരായണവും ഇതിനിടെ കരസ്ഥമാക്കിയാണ് ദുബൈയിലെ മത്സരത്തിനെത്തിയത്. സ്‌കൂള്‍ അധ്യാപകനായ പിതാവിന്റെ പ്രേരണയിലൂടെ സ്വന്തം പ്രയത്‌നം കാരണമാണ് ഹാഫിളായതും അതിനോടൊപ്പം ശരീഅത്ത് പഠനം മുന്നോട്ട് കൊണ്ട് പോകുന്നതും. ഭാവിയില്‍ ഖുര്‍ആനിനെക്കുറിച്ച് ആഴത്തില്‍ പഠിച്ച് ദീനിയായ ആലിമാകുവാനാണ് ആഗ്രഹം. അന്താരാഷ്ട്ര മത്സരത്തിന് സഊദിയിലേക്ക് പോകാന്‍ ശ്രമം നടത്തി പരാജപ്പെട്ടപ്പോഴാണ് ദുബൈയിലേക്കുള്ള അവസരം തേടിയെത്തിയത്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ നല്ല ഈണത്തിലുള്ള പാരായണം നടത്തിയ ശ്രീലങ്കയിലെ മുഹമ്മദിന് ശേഷം യു കെയുടെ പ്രതിനിധി ഖാലിദ് അബ്ദുനാസിര്‍ മവാലീന്‍ അഹ്മദിന്റെ പാരായണവും ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നു. ജൂറികളെപ്പോലും അമ്പരപ്പിക്കുന്ന തരത്തില്‍ പതിനഞ്ചുകാരനായ ഖാലിദിന്റെ പ്രകടനം വേറിട്ടതായിരുന്നു. ഹോട്ടലില്‍ നടന്ന ജൂറികളുടെ ചോദ്യങ്ങള്‍ക്കും സ്റ്റേജില്‍ വെച്ചുള്ള വാശിയേറിയ മത്സരത്തിലും ഒരു തെറ്റ് പോലും ഇല്ലാതെയായിരുന്നു പാരായണവും ശബ്ദ മാധുര്യവും. ഖാലിദിന്റെ പിതാവ് സോമാലി വംശജനാണ്.

വര്‍ഷങ്ങളോളം കുടുംബ സമേതം യു കെയില്‍ താമസമാക്കിയതിനാല്‍ പൗരത്വം ലഭിച്ചു. സ്വന്തം പിതാവില്‍ നിന്ന് ഖാലിദ് അഞ്ചാം വയസിലാണ് ഖുര്‍ആന്‍ പഠിക്കാന്‍ തുടങ്ങയത്. പന്ത്രണ്ട് വയസിലാണ് പൂര്‍ണമാക്കിയത്. ഈജിപ്തിലെ അസ്ഹറില്‍ കുറച്ച് കാലം പഠിച്ചതിനാല്‍ ഇംഗ്ലീഷിനൊപ്പം അറബിയും നന്നായി സംസാരിക്കുന്നുണ്ട്. യു കെയിലും ഈജിപ്തിലും പ്രാദേശി തലങ്ങളില്‍ ആറോളം മത്സരത്തില്‍ മാറ്റുരച്ചിട്ടുണ്ട്.