Connect with us

Gulf

ശൈഖ് സായിദ് ലോകം മുഴുവന്‍ സമാധാനം പുലരാന്‍ ആഗ്രഹിച്ച നേതാവ്: കാന്തപുരം

Published

|

Last Updated

യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പേരില്‍ പത്ത് ലക്ഷം ഫാത്തിഹ ഹദിയ ചെയ്യുന്ന പദ്ധതി ഉദ്ഘാടന ചടങ്ങില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, എം എ യൂസുഫലി, സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ഡോ. ഫാറൂഖ് നഈമി, പി ബാവ ഹാജി തുടങ്ങിയവര്‍

അബുദാബി: യു എ ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ ലോകം മുഴുവനും സമാധാനം പുലരാന്‍ ആഗ്രഹിക്കുകയും അതിന്നായി പരിശ്രമിക്കുകയും ചെയ്ത നേതാവായിരുന്നുവെന്ന് അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. അബുദാബി നാഷനല്‍ തിയേറ്ററില്‍ റമസാന്‍ പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം മുറുകെപ്പിടിച്ച ശൈഖ് സായിദ് പരസ്പര സ്‌നേഹത്തോടെയും സഹവര്‍ത്തിത്വത്തോടെയും കഴിയേണ്ടതിന്റെ പ്രാധാന്യം അടിക്കടി ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു. യുദ്ധങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പരിണിതി അദ്ദേഹം നന്നായി മനസ്സിലാക്കിയിരുന്നു. പുരോഗതിക്കും വികസനത്തിനും എതിരാണതെന്നും രാജ്യപുരോഗതി ആഗ്രഹിക്കുന്നവര്‍ സമാധാനപൂര്‍ണമായ അന്തരീക്ഷം സൃഷ്ടിക്കുകയും ജനങ്ങളുടെ താല്പര്യം ഉള്‍ക്കൊള്ളണമെന്നും ഉണര്‍ത്തി.

ശൈഖ് സായിദിന്റെ നൂറാം ജന്മദിന വര്‍ഷത്തില്‍ രാജ്യം അവരുടെ സ്മരണ പുതുക്കുകയും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുന്നത് സന്തോഷം നല്‍കുന്ന കാഴ്ചയാണ്. പ്രാര്‍ഥനക്ക് ഏറ്റവും കുടതല്‍ ഉത്തരകിട്ടുന്ന ഈ വിശുദ്ധ റമസാനില്‍ ശൈഖ് സായിദിനായി പത്ത് ലക്ഷം ഫാത്തിഹ ഹദിയ ചെയ്യുന്ന പദ്ധതി മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ നേതൃത്വത്തില്‍ നടത്തുകയാണ്. വിദേശങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കായ ആളുകള്‍ക്ക് തൊഴില്‍ അവസരം നല്‍കുകയും ലോകത്തിനു എല്ലാ നിലയിലും സഹായവും നല്‍കുന്ന ഈ രാജ്യത്തിന്റെ നടപടികള്‍ ശ്ലാഘനീയമാണ്. നമ്മുടെ നാട്ടില്‍ വിദ്യാഭ്യാസ സാം സ്‌കാരിക വാണിജ്യ മേഖലയില്‍ ഉണ്ടായ ഉയര്‍ച്ചയില്‍ ഇമാറാത് നല്‍കുന്ന സഹായ സഹകരണം മഹത്തരമാണ്. കാന്തപുരം പറഞ്ഞു.

പുണ്യങ്ങള്‍ നിറഞ്ഞ ദിനരാത്രങ്ങളാണ് റമസാന്റേത്. അതിന്റെ ആദ്യ പത്ത് കഴിഞ്ഞു പോയി. പാപ മോചനത്തിന്റെയും നരകമോചനത്തിന്റെയും ദിനങ്ങളാണിനിയുള്ളത്. ഈ ദിനങ്ങള്‍ പൂര്‍ണമായി വിനിയോഗിക്കാന്‍ നമുക്ക് സാധിക്കണം. മനുഷ്യന്‍ ഏറ്റവുമധികം ആഗ്രഹിക്കേണ്ടത് നരകമുക്തിയാണ്. റമസാനില്‍ ഇതിനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. വിശ്വാസികള്‍ ഈ സുവര്‍ണ ദിനങ്ങള്‍ പരമാവധി വിനിയോഗിക്കണം. ഖുര്‍ആനുമായി കൂടുതല്‍ അടുക്കാന്‍ ഈ അവസരം വിനിയോഗിക്കണം. മനുഷ്യന്റെ മനസില്‍ സത്യവിശ്വാസത്തിന്റെയും കര്‍മങ്ങളില്‍ നന്‍മയുടെയും വെളിച്ചമാണ് ഖുര്‍ആന്‍. വിശുദ്ധ ഖുര്‍ആന്‍ തുറന്നുവെച്ച വെളിച്ചം അന്ധതയുടെ ഇരുട്ട് ബാധിച്ച ജനകോടികളുടെ മനസില്‍ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പ്രവാചകരെയും തുച്ഛം അനുയായികളെയും വധിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഉമര്‍ (റ) അപ്രതീക്ഷിതമായി കേട്ട ഖുര്‍ആന്‍ പാരായണത്തില്‍ ആകൃഷ്ടനായി മനം മാറിയത് മുതല്‍ ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും ഖുര്‍ആന്‍ വിതറിയ വെളിച്ചത്തിലൂടെ സത്യവിശ്വാസത്തിലേക്ക് കടന്നു വന്നു കൊണ്ടിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു.

ആത്മീയ ഉണര്‍വിലൂടെ വിജയം
വരിക്കുക: ഫാറൂഖ് നഈമി

അബുദാബി: ലോക മുസ്‌ലിംകള്‍ പുതിയകാലത്ത് അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമുള്ള പരിഹാരം ആത്മീയ ഉണര്‍വിലൂടെ മാത്രമാണെന്ന് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി പറഞ്ഞു. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ റമസാന്‍ അതിഥിയായെത്തിയ അദ്ദേഹം അബുദാബി നാഷനല്‍ തിയേറ്ററില്‍ നടന്ന പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു.

ഇസ്‌ലാമിക നിഷ്ഠയിലും ആത്മീയതയിലും അതിഷ്ഠിതമായ ജീവിതം നയിച്ച വേളകളിലൊക്കെ മുസ്‌ലിം സമൂഹത്തിനു വിജയം വരിക്കാന്‍ സാധിച്ചിട്ടുണ്ട്. മുന്‍കാല സലഫുകളുടെയും ആത്മജ്ഞാനികളുടെയും ജീവിതത്തില്‍ നിന്ന് അത്തരം ധാരാളം ഏടുകള്‍ വായിച്ചെടുക്കാനാവും. ലോകത്തിനു വെളിച്ചവും സന്മാര്‍ഗവും പ്രദാനം ചെയ്യുന്ന മതമാണു ഇസ്‌ലാം. എന്നാല്‍ അതിന്റെ വക്താക്കളായി പില്‍ക്കാലത്ത് വന്നവര്‍ ചെയ്തുവെക്കുന്ന തിന്മകള്‍ കാരണം സമൂഹത്തിനു ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുന്നു എന്നത് നിരവധി ചരിത്രങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാനാവും. തെറ്റുകളും കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നതിലൂടെ സമൂഹം ഇല്ലാതാവുന്നതിന്റെ കഥകള്‍ കാണാനാവും.

വിശുദ്ധ റമസാന്‍ അത്തരം തിന്മകളെയും പാപങ്ങളെയും മായ്ച്ചുകളയാണുള്ള അസുലഭാവസരമാണ്. ചെയ്തുപോയ തെറ്റുകളില്‍ നിന്ന് പാശ്ചാതപിച്ച് ശുദ്ധി കൈവരിക്കാനുള്ള സാഹചര്യം വിശുദ്ധ മാസം പ്രദാനം ചെയ്യുന്നു. ഒരു വ്യക്തിയെ ശുദ്ധീകരിക്കുന്നതിനോടോപ്പം തന്നെ സമൂഹത്തെ പാപമുക്തിയിലേക്ക് നയിക്കാന്‍ പര്യാപ്തമാണത്. സമൂഹം കുറ്റവാളികളാവുമ്പോള്‍ നാശത്തിലേക്ക് നയിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കി ഓരോരുത്തരെയും പാപമുക്തരാക്കാന്‍ ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെയും ആത്മീയ ജീവിതത്തിലൂടെയും സാധിക്കുന്നു.

ഇസ്‌ലാമിക വിജയങ്ങളുടെ നിദാനം പരിത്യാഗത്തിന്റെതാണ്. മദീനയില്‍ നിന്ന് ലോകത്തിന്റെ വിവിധ കോണുകളിലേക്ക് മതം പ്രചരിച്ചതിനു പിന്നില്‍ ആത്മീയത മുന്നിയ മനീഷികളുടെയും നേതൃത്വത്തിന്റെയും പാതിരാ നിസ്‌കാരങ്ങളടക്കമുള്ള വിശ്വാസ കര്‍മ നിഷ്ഠമായ ജീവിതത്തിന്റെ ശക്തിയാണുണ്ടായിരുന്നത്. ഇസ്‌ലാമിന്റെ പ്രഭാവം അതിലൂടെയാണു ലോകമാകെ പരക്കുന്നത്. ഉമര്‍ (റ) വിന്റെ വീരശൂരതയേക്കാളും അവിടുന്ന് നയിച്ച ആത്മീയ ജീവിതത്തിന്റെയും പരിത്യാഗത്തിന്റെയും ഏടുകളാണ് ശത്രുക്കളെ ഉറക്കം കെടുത്തിയത്. യുദ്ധവേളകളില്‍ പോലും തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനേക്കാളും അതിന്റെ രാവുകളെ ധന്യമാക്കിയത് അല്ലാഹുവിലേക്ക് കൈകളുയര്‍ത്തി ഖേദിച്ചു മടങ്ങുന്നതിലായിരുന്നു. യോദ്ധാക്കളില്‍ ആരൊക്കെ തഹജ്ജുദ് നിസ്‌കരിക്കുന്നു, ളുഹാ നിസ്‌കരിക്കുന്നു എന്ന് തിട്ടപ്പെടുത്താനും ഇന്നത്തെ വിജയം ഇവിടന്ന് തുടങ്ങുന്നുവെന്ന് പോലും ഉമര്‍ (റ)നെ പോലുള്ളവര്‍ പറയുമായിരുന്നു.

സാങ്കേതിക വിദ്യ വളരുന്നതിനനുസരിച്ച് നമ്മുടെ കര്‍മങ്ങളുടെ രീതികള്‍ മാറിവരികയാണ്. സമൂഹ മാധ്യമങ്ങളിലെ ഇടപെടലടക്കം നമുക്ക് സമ്മാനിക്കുന്നത് നന്മയുടെ വഴികളേക്കാളുപരി തെറ്റുകളുടേതാവുന്നു. പ്രലോഭനങ്ങളുടെ ഒരു പ്രവാഹം തന്നെ മനുഷ്യന് മുന്നിലുണ്ടാകും. അവിടങ്ങളിലൊക്കെ സമചിത്തതയോടെ തിന്മകളെ നിരാകരിക്കാനുള്ള ആര്‍ജവം കരസ്ഥമാക്കുകയും ആത്മീയ ദൗത്യങ്ങളും ആരാധനാ കര്‍മങ്ങളും സജീവമായി നിര്‍വഹിക്കുന്നവരുമാവണം നാം. ഇരുലോക വിജയം നല്‍കുന്നതാണ് നമ്മുടെ കാര്യങ്ങള്‍. വിശുദ്ധ റമസാനില്‍ നേടിയെടുക്കുന്ന ആത്മീയ ചൈതന്യവും ജീവിത വിശുദ്ധിയും തുടര്‍ ജീവിതത്തില്‍ പകര്‍ത്താന്‍ നാം ശ്രദ്ധിക്കണമെന്നും ഫാറൂഖ് നഈമി പറഞ്ഞു.

സന്തുഷ്ട കുടുംബം, ഇസ്ലാമിക അധ്യാപനങ്ങള്‍ ലോകത്തിന് മാതൃക: നൗഫല്‍ സഖാഫി കളസ

ദുബൈ: സന്തുഷ്ട കുടുംബത്തിന്റെ സൃഷ്ടിപ്പിനും നിലനില്‍പിനും ഇസ്ലാം വിഭാവനം ചെയ്യുന്ന നിര്‍ദേശങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാണെന്ന് നൗഫല്‍ സഖാഫി കളസ. ഇരുപത്തി രണ്ടാമത് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പരിപാടിയോടനുബന്ധിച്ച് ജാമിഅ: സഅദിയ്യ ഇന്ത്യന്‍ സെന്റര്‍ സംഘടിപ്പിച്ച പ്രഭാഷണ വേദിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സമൂഹ സംവിധാനത്തിലും പങ്കുവഹിക്കുന്ന മുഖ്യഘടകമാണ് കുടുംബം. സ്നേഹം, വാത്സല്യം, കരുണ, ദയ, അലിവ്, അനുകമ്പ, സഹാനുഭൂതി, ബഹുമാനം, ആദരവ്, ആര്‍ദ്രത തുടങ്ങിയ മഹത്തായ മൂല്യങ്ങള്‍ കണ്ടുംകേട്ടും അനുഭവിച്ചും വളരുന്ന സന്തതികളാണ് ശക്തവും ഭദ്രവുമായ സമൂഹത്തിന് അടിത്തറയായിത്തീരുന്നത്. മാനവികതയെ വിലമതിക്കുന്ന സിദ്ധാന്തങ്ങളുടെയെല്ലാം പിറവിയും വളര്‍ച്ചയും വികാസവും കുടുംബമെന്ന ബിന്ദുവില്‍ നിന്നാണ് ആരംഭിക്കുന്നത്.

കുടുംബഘടനയുടെ ഭദ്രമായ നിലനില്‍പിന്നാധാരമായ വ്യവസ്ഥകള്‍ ഇസ്ലാമിക ശരീഅത്തിന്റെ അവിഭാജ്യ ഘടകമായിത്തീരുന്നതും ഈയടിസ്ഥാനത്തിലാണ്. കൂടുമ്പോള്‍ ഇമ്പമുള്ളത് അതാണ് കുടുംബം. വ്യക്തി, കുടുംബം, സമൂഹം, ദേശം, രാഷ്ട്രം എന്ന എന്നിങ്ങനെ സമഗ്രമായൊരു സംവിധാനമെന്ന നിലയില്‍ ജീവിതത്തെ നോക്കിക്കാണുന്ന ഇസ്ലാമിന്റെ അധ്യാപനങ്ങളില്‍ കുടുംബത്തിന് പ്രധാന സ്ഥാനം നല്‍കിയതായി കാണാം. കുടുംബത്തിന്റെ ഉത്ഭവം, ധര്‍മം, സ്വഭാവം, ഘടന ഇവയെക്കുറിച്ച് ഇസ്‌ലാമിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഖുര്‍ആനിന്റെ വ്യാവഹാരിക വിധികളില്‍ മൂന്നിലൊന്നോളം ഭാഗം കുടുംബത്തെയും അതിന്റെയും ക്രമീകരണത്തെയും സംബന്ധിച്ചാണ്. നന്മനിറഞ്ഞ വ്യക്തിയാണ് നല്ല കുടുംബത്തിന്റെ അടിത്തറ. കുടുംബത്തിന് രൂപം നല്‍കുന്ന വ്യക്തിയുടെ ചിന്തയും കര്‍മവും ദൈവഭയത്തില്‍ അധിഷ്ഠിത മാവണം എന്നതാണ് ഇസ്ലാമിന്റെ ആദ്യശാസന. നന്മയുടെ നിറവില്‍ ജീവിക്കുന്ന കുടുംബങ്ങളാണ് നല്ല സമൂഹത്തിന് പിറവി നല്‍കുന്നത്. സമൂഹത്തിന്റെ നിര്‍മിതിയില്‍ കുടുംബങ്ങള്‍ വഹിക്കുന്ന പങ്കിന്റെ പ്രാധാന്യം ഗ്രഹിച്ചതുകൊണ്ടാണ് ചിന്തകന്മാരും പണ്ഡിതന്മാരും ഗവേഷകരും സാമൂഹിക ശാസ്ത്രജ്ഞരും ധിഷണാപടുക്കളും കുടുംബത്തെക്കുറിച്ച് അഗാധമായി പഠിക്കുകയും പരിചിന്തനം നടത്തുകയും ചെയ്തത്.

സമൂഹത്തിന്റെ സംവിധാനത്തില്‍ കുടുംബഘടനയുടെ പ്രാധാന്യത്തിന് അടിവരയിടുന്നു ഇസ്ലാമിക ശരീഅത്ത്. കുടുംബത്തിന്റെ ആത്മീയവും ഭൗതികവും ധാര്‍മികവും സാമൂഹികവും സദാചാരപരവും വൈകാരികവുമായ വശങ്ങളിലേക്ക് വെളിച്ചം വീശുന്ന നിയമങ്ങളും ചട്ടങ്ങളും അത് ആവിഷ്‌കരിച്ചിട്ടുണ്ട്. കുടുംബ ജീവിതവുമായി ബന്ധപ്പെട്ട നാനാതരം പ്രശ്നങ്ങളെ സമഗ്രമായും വിശദമായും ഇസ്ലാം കൈകാര്യം ചെയ്യുന്നു എന്നതാണ് മറ്റു മതങ്ങളില്‍ നിന്ന് അതിനെ വേറിട്ടുനിര്‍ത്തുന്നത്. ദുബൈ അല്‍ജദാഫിലെ അല്‍-വസല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ രാത്രി പത്ത് മണിയോടെ ആരംഭിച്ച പ്രഭാഷണ പരിപാടിയില്‍ സംബന്ധിക്കുന്നതിനായി യു എ ഇ യുടെ വിവിധ എമിറേറ്റ്‌സുകളില്‍ നിന്നായി നൂറ് കണക്കിന് വിശ്വാസികളാണ് ഓഡിറ്റോറിയത്തിലെത്തിയത്. ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി പ്രതിനിധി അഹ്മദ് അബ്ദുര്‍റഹ്മാന്‍ അല്‍ മര്‍സൂഖി ഔപചാരിക ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. സയ്യിദ് ത്വഹാ ബാഫഖി സഖാഫി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇഷാം ഖലീല്‍ അല്‍ മുതവ്വ, അധ്യക്ഷം വഹിച്ച ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ മെമ്പറും സഅദിയ്യ ശരീഅത് കോളേജ് വൈസ് പ്രിന്‍സിപ്പാളുമായ ശൈഖുനാ ബക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍ മുഖ്യാതിഥിയായിരുന്നു.