Connect with us

Gulf

ദുബൈയില്‍ മസ്തിഷ്‌കാഘാതം സംഭവിച്ചയാളെ തുടര്‍ പരിചരണത്തിന് ശാന്തി ഗ്രാമത്തിലേക്കെത്തിച്ചു

Published

|

Last Updated

നസീര്‍ വാടാനപ്പള്ളിയും നിസാര്‍ പട്ടാമ്പിയും റാശിദ് ആശുപത്രിയില്‍ ബൈജുനാഥിനരികില്‍

ദുബൈ: രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ജോലി സ്ഥലത്ത് വെച്ച് ഹൃദയത്തിന് സ്‌ട്രോക്ക് സംഭവിച്ചതിനെ തുടര്‍ന്ന് ശരീരം തളര്‍ന്ന് റാശിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉത്തര്‍പ്രദേശുകാരന്‍ ബൈജുനാഥിനെ കൂടുതല്‍ പരിചരണങ്ങള്‍ക്കായി കേരളത്തിലേക്കെത്തിച്ചു. സാമൂഹിക പ്രവര്‍ത്തക ഉമാ പ്രേമന്‍ നേതൃത്വം നല്‍കുന്ന ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന് കീഴിലുള്ള അട്ടപ്പാടിയിലെ ശാന്തി ഗ്രാമത്തിലെ റീഹാബിലിറ്റേഷന്‍ സെന്ററിലേക്കാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബൈജ് നാഥിനെ എത്തിച്ചത്. സ്‌ട്രോക്ക് വന്ന് ചികിത്സയില്‍ തുടരുന്നതിനിടെ ബൈജ് നാഥിന് മസ്തിഷ്‌കാഘാതം സംഭവിക്കുകയായിരുന്നു. റാശിദ് ഹോസ്പിറ്റലിലെ ചികിത്സാ ചെലവുകള്‍ കമ്പനി ഏറ്റെടുത്തിരുന്നു.

തുടര്‍ ചികിത്സക്ക് നാട്ടിലെ വിവിധ ആശുപത്രികളെ ബന്ധപ്പെട്ടുവെങ്കിലും യു പിയിലെ ആശുപത്രികള്‍ ഇവരെ കയ്യൊഴിയുകയായിരുന്നു. ഫിസിയോതൊറാപ്പിയും അനുബന്ധ ചികിത്സക്കും ചെലവ് വര്‍ധിക്കുന്നതിനാല്‍ ഇതിനെ തുടര്‍ന്ന് കമ്പനി അധികൃതരും നാട്ടില്‍ നിന്ന് കുടുംബവും സാമൂഹിക പ്രവര്‍ത്തകരായ നസീര്‍ വാടാനപ്പള്ളി, നിസാര്‍ പട്ടാമ്പി എന്നിവരിലൂടെ ഉമാ പ്രേമനെ ബന്ധപ്പെടുകയായിരുന്നു. അതിനിടെ, ഉമാ പ്രേമന്‍ ദുബൈയില്‍ എത്തുകയും ആശുപത്രിയില്‍ ഇയാളെ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ദുബൈ ഇന്ത്യന്‍ കോസുലേറ്റിന്റെ സഹായത്തോടെ ഇവരെ നാട്ടിലേക്കയച്ചത്. ബൈജ് നാഥിന്റെ ഒപ്പം യാത്ര ചെയ്യേണ്ട മെഡിക്കല്‍ സംഘത്തിന്റെയടക്കം മുഴുവന്‍ യാത്ര ചിലവുകളും ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ വഹിച്ചു.

എന്റെ പ്രിയ സഹോദരനെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയാണ് സ്വീകരിക്കുന്നത്. 38 വയസ്സുള്ള ബൈജ് നാഥിന് 6 മക്കള്‍ ഉണ്ട്. ഉത്തര്‍ പ്രദേശിലെ ഗ്രാമീണ മേഖലയിലെ ഒരു നിര്‍ദ്ധന കുടുംബമാണ്. തുടര്‍ ചികിത്സ എന്നത് ആ കുടുംബത്തിന് ചിന്തിക്കാന്‍ പറ്റുന്നതിനും അപ്പുറത്താണ്. തന്റെ 48-ാം ജന്മ ദിനത്തില്‍ ദൈവം ഒരിക്കല്‍ കൂടി ഒരു പ്രവാസി സഹോദരനെ എന്നിലേക്കെത്തിച്ചു തന്നു. സഹൃദയരായ പ്രവാസി സുഹൃത്തുക്കളുടെ സഹകരണം മുന്നില്‍ കണ്ടാണ് ബൈജു നാഥിനെ ശാന്തിയിലേക്കെത്തിച്ചത്. വൈകാതെ ബൈജുവിന്റെ കുടുംബത്തിനും ശാന്തി ഗ്രാമത്തിന് അടുത്തായി താമസ സൗകര്യം ഒരുക്കുമെന്നും ഉമാ പ്രേമന്‍ പറഞ്ഞു.