Connect with us

Gulf

ധോണിയുടെ നായകത്വം ലോകോത്തരം: ഷെയിന്‍ വാട്‌സണ്‍

Published

|

Last Updated

ദുബൈ: ഇന്ത്യന്‍ ക്രിക്കറ്റര്‍ മഹേന്ദ്ര സിംഗ് ധോണിയുടേത് ആഗോള തലത്തില്‍ മികച്ച നായകത്വമാണെന്ന് ആസ്‌ട്രേലിയന്‍ താരം ഷെയിന്‍ വാട്‌സണ്‍. മികച്ച രീതിയിലുള്ള തന്ത്രങ്ങളാണ് ധോണി തന്റെ സഹ കാളികാര്‍ക്കിടയില്‍ പ്രാവര്‍ത്തികമാക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ശക്തരായ ബോളര്‍മാരുടെ നിരയെ നേരിടുന്നതിന് ഓരോ ബോളര്‍മാരുടെയും സവിശേഷതകള്‍ മനസ്സിലാക്കി തന്റെ ടീമിനെ പ്രതിരോധത്തിന് പാകപ്പെടുത്തിയെടുക്കാന്‍ ധോണിയുടെ തന്ത്രങ്ങള്‍ക്കാകുമെന്ന് ഷെയ്ന്‍ വാട്ട്‌സണ്‍ പറഞ്ഞു.

ധോണി മികച്ച ഓള്‍ റൗണ്ടറാണ്. ടീം അംഗങ്ങളുടെ കഴിവുകള്‍ സസൂക്ഷ്മം നിരീക്ഷിച്ചു ഇടപെടലുകള്‍ ആവശ്യമാകുന്ന സമയത്തു വിവിധ ഭാഗങ്ങളില്‍ അംഗങ്ങളെ വിന്യസിച്ചു പഴുതടച്ച പ്രധിരോധ നിര കെട്ടിപ്പടുക്കുന്നതില്‍ ധോണിയുടെ കഴിവ് ലോകോത്തര താരങ്ങളെ വെല്ലുന്നതാണ്. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളാണ് ബോളര്‍മാരുടെ ബലഹീനത തിരിച്ചറിഞ്ഞു ഓരോ പന്തും നേരിടുന്നതിന് തന്നെ പ്രാപ്തമാക്കിയത്. ടീമംഗങ്ങളോടുള്ള ഇടപെടലുകളിലും ധോണി ഉന്നത സൗഹൃദം കാത്തു സൂക്ഷിക്കുന്നുണ്ടെന്നും വാട്‌സണ്‍ ചൂണ്ടിക്കാട്ടി. ലോകോത്തര കളിക്കാരുടെ മുന്‍നിരയില്‍ നില്‍ക്കുന്ന ധോണിക്ക് താര ജാടയും ഇല്ലെന്ന് വാട്‌സണ്‍ അടിവരയിടുന്നു.

ഇന്ത്യയിലെ കായിക രംഗത്തെ യുവത്വത്തിന് ക്രിക്കറ്റ് ലോകത്തെ അതികായരുടെ സാന്നിധ്യം ഏറെ പ്രോത്സാഹനം നല്‍കുന്നതാണ്. ക്രിക്കറ്റിന്റെ ക്രിയാത്മക സവിശേഷതകള്‍ സ്വായത്തമാക്കാന്‍ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളില്‍ നിന്ന് സാധിക്കുമെന്നതും ഇന്ത്യന്‍ യുവത്വങ്ങള്‍ക്ക് ഏറെ ഗുണകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐ പി എല്‍ മത്സരങ്ങള്‍ക്ക് ശേഷം ദുബൈയിലെത്തിയതായിരുന്നു താരം. മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വിജയ കിരീടം ചൂടിക്കുന്നതില്‍ ഷൈന്റെ പ്രകടനം അതീവ കരുത്താണ് ടീമിന് പകര്‍ന്നത്. 57 ബോളില്‍ 117 റണ്‍സുമായി നോട്ടൗട്ടായി വാട്‌സണ്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. കളിയില്‍ 51 പന്തില്‍ വാട്‌സണ്‍ സെഞ്ച്വറി നേടിയിരുന്നു. ടോസ് നേടിയ ചെന്നൈ ടീം ഹൈദ്രാബാദിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഹൈദ്രാബാദ് ഉയര്‍ത്തിയ 178 റണ്‍സ് വിജയ ലക്ഷ്യം എന്നത് വാട്‌സന്റെ മിന്നും പ്രകടനത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ നിഷ്പ്രയാസം മറികടക്കുകയായിരുന്നു.