ബോധ് ഗയ സ്‌ഫോടന പരമ്പര കേസ് : അഞ്ച് പ്രതികള്‍ക്കും ജീവപര്യന്തം

Posted on: June 1, 2018 4:33 pm | Last updated: June 1, 2018 at 4:33 pm
SHARE

പാറ്റ്‌ന: ബോധ് ഗയ സ്‌ഫോടന പരമ്പരക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി മനോജ് കുമാര്‍ സിന്‍ഹയാണ് ശിക്ഷ വിധിച്ചത്. പ്രതികളായ ഇംതിയാസ് അന്‍സാരി, ഹൈദര്‍ അലി, മുജീബ് ഉല്ല, ഒമിര്‍ സിദ്ദിഖി ,അസ്ഹറുദ്ദീന്‍ ഖുറേഷി എന്നിവര്‍ 50,000 രൂപ വീതം പിഴയുമൊടുക്കണം. കേസില്‍ മെയ് 25ന് ഇവരെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു.

2013 ജുലൈ ഏഴിനാണ് ബോധ് ഗയയില്‍ സ്‌ഫോടന പരമ്പരകള്‍ നടന്നത്. മ്യാന്‍മറില്‍ റോഹിംഗ്യാ മുസ്്‌ലിങ്ങള്‍ക്കെതിരെ സൈന്യം നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ്്്് ബുദ്ധമത കേന്ദ്രത്തില്‍ പ്രതികള്‍ സ്‌ഫോടനം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സ്‌ഫോടനങ്ങളില്‍ ഒരു ബുദ്ധസന്യാസിക്കും ഒരു വിദേശ ടൂറിസ്റ്റിനും പരുക്കേറ്റിരുന്നു.