Connect with us

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് നേട്ടം; എല്‍ഡിഎഫ് -12, യുഡിഎഫ്-ഏഴ്‌

Published

|

Last Updated

തിരുവനന്തപുരം: ചെങ്ങന്നൂരിലെ തിളക്കമാര്‍ന്ന വിജയത്തിന് പിന്നാലെ സംസ്ഥാനത്തെ തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫിന് നേട്ടം. 19 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പന്ത്രണ്ടിടത്ത് എല്‍ഡിഎഫും ഏഴിടത്ത് യുഡിഎഫും വിജയിച്ചു.

തിരുവനന്തപുരം വിളപ്പില്‍ശാല പഞ്ചായത്തിലെ കരുവിലാഞ്ചി വാര്‍ഡ് എല്‍ഡിഎഫ് യുഡിഎഫില്‍നിന്നും പിടിച്ചെടുത്തു. 518 വോട്ടിന്റെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിലെ വിജയകുമാറിനെ സിപിഐ എമ്മിലെ ആര്‍ എസ് രതീഷ് പരാജയപ്പെടുത്തിയത്. 35 വര്‍ഷമായി കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരുന്ന വാര്‍ഡാണ് സിപിഐ എം പിടിച്ചെടുത്തത്. കോണ്‍ഗ്രസ് അംഗത്തിന്റെ മരണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

കൊല്ലം കോര്‍പ്പറേഷനിലെ അമ്മന്‍നട എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐ എമ്മിലെ ചന്ദ്രികാദേവി 242 വോട്ടിന് വിജയിച്ചു. കൊല്ലം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ ചാത്തന്നൂര്‍ വടക്ക് വാര്‍ഡില്‍ സിപിഐ എമ്മിലെ ആര്‍ എസ് ജയലക്ഷ്മി 1581 വോട്ടിന് വിജയിച്ചു.

പത്തനംതിട്ട ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് വാര്‍ഡില്‍ 3 ഇടത്തും എല്‍ഡിഎഫ് വിജയിച്ചു. രണ്ടിടത്ത് യുഡിഎഫ് വിജയിച്ചു. ശാലിനി അനില്‍കുമാര്‍(കുഴിക്കാല), എസ് ഉഷാകുമാരി(ഓന്തേക്കാട്), കൃഷ്ണകുമാര്‍ (പൊങ്ങലടി), എസ് ഉഷാകുമാരി(ഓന്തേക്കാട്), കൃഷ്ണകുമാര്‍ (പൊങ്ങലടി) എന്നിവരാണ് വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍. റാന്നി അങ്ങാടി കരിങ്കുറ്റിയ്ക്കല്‍ എട്ടാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ദീപാ സജി എട്ട് വോട്ടുകള്‍ക്ക് വിജയിച്ചു. ഓന്തേക്കാട് വടക്ക് വാര്‍ഡില്‍ യുഡിഎഫിലെ ടി കെ എബ്രഹാം വിജയിച്ചു.

ഇടുക്കി കട്ടപ്പന നഗരസഭയിലെ വെട്ടിക്കുഴക്കവല ഡിവിഷനില്‍ യുഡിഎഫ് വിജയിച്ചു.യുഡിഎഫിലെ സണ്ണിചെറിയാന്‍ 119 വോട്ടിന് വിജയിച്ചു. നിലവില്‍ എല്‍ഡിഎഫ് വാര്‍ഡായിരുന്നു. മരിച്ച എല്‍ഡിഎഫ് അംഗത്തിന്റെ സഹോദരനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി.

എറണാകുളം പള്ളിപ്പുറം സാമൂഹ്യ സേവാ സംഘം വാര്‍ഡില്‍ യുഡിഎഫിലെ ഷാരോണ്‍ വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ച വാര്‍ഡാണിത്.

പാലക്കാട് കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിലെ കോട്ടായി വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി: സിപിഐഎമ്മിലെ എം ആര്‍ ജയരാജ് 1403 വോട്ടിനാണ് വിജയിച്ചത്.

പാലക്കാട് ചെര്‍പ്പുളശ്ശേരി നഗരസഭയിലെ നിരപ്പറമ്പ് ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐ എമ്മിലെ ഷാജി പാറക്കല്‍ 263 വോട്ടിനാണ് വിജയിച്ചത്.

മലപ്പുറം പോത്തുകല്ല് പഞ്ചായത്തിലെ പോത്തുകല്ല് വാര്‍ഡില്‍ യുഡിഎഫിലെ സി എച്ച് സുലൈമാന്‍ ഹാജി വിജയിച്ചു. 167 വോട്ടിനാണ് വിജയിച്ചത്. സിപിഐ എം അംഗമായിരുന്ന സുലൈമാന്‍ ഹാജി രാജിവെച്ച് യുഡിഎഫിനൊപ്പം ചേര്‍ന്ന് വീണ്ടും മല്‍സരിക്കുകയായിരുന്നു.

മലപ്പുറം മഞ്ചേരി നഗരസഭയിലെ പാലക്കുളം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി . കെ വേലായുധന്‍ 119 വോട്ടിനാണ് വിജയിച്ചത്.

കോഴിക്കോട് ഉള്ള്യേരി പഞ്ചായത്തിലെ പുത്തഞ്ചേരി വാര്‍ഡില്‍ സിപിഐ എമ്മിലെ രമ കൊട്ടാരത്തില്‍ വിജയിച്ചു. 274 വോട്ടിന് വിജയിച്ച് വാര്‍ഡ് നിലനിര്‍ത്തി.

കൊയിലാണ്ടി നഗരസഭ പന്തലായിനി വാര്‍ഡില്‍ സിപിഐ എമ്മിലെ വി കെ രേഖ 351 വോട്ടിന് ജയിച്ചു വാര്‍ഡ് നിലനിര്‍ത്തി.

കണ്ണൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റുകളില്‍ രണ്ട് സീറ്റ് എല്‍ഡിഎഫും ഒരു സീറ്റ് യുഡിഎഫും നിലനിര്‍ത്തി. ഇരിട്ടി നഗരസഭയിലെ ആട്ട്യാലത്ത് സിപിഐ എമ്മിലെ കെ അനിത ആര്‍എസ്പിയിലെ രത്‌നാമണിയെ 253 വോട്ടിന് പരാജയപ്പെടുത്തി. പാപ്പിനിശേരി പഞ്ചായത്തിലെ ധര്‍മകിണര്‍ വാര്‍ഡില്‍ സിപിഐ എമ്മിലെ എം സീമ 478 വോട്ടിന് കോണ്‍ഗ്രസിലെ കെ കുട്ടികൃഷ്ണനെ തോല്‍പിച്ചു. ഉളിക്കല്‍ പഞ്ചായത്തിലെ കതുവാപറമ്പ് വാര്‍ഡാണ് യുഡിഎഫ് നിലനിര്‍ത്തിയത്. കോണ്‍ഗ്രസിലെ ജെസി ജയിംസാണ് വിജയിച്ചത്. എല്‍ഡിഎഫ് സ്വതന്ത്രയായ മറിയാമ്മ ബെന്നിയേക്കാള്‍ 288 വോട്ട് കൂടുതല്‍ ലഭിച്ചു.

Latest