ത്യശൂരില്‍ ഒന്നരക്കോടിയുടെ നിരോധിത നോട്ടുമായി അഞ്ചംഗ സംഘം പിടിയില്‍

Posted on: June 1, 2018 1:49 pm | Last updated: June 1, 2018 at 2:36 pm
SHARE

ചാവക്കാട്: ഒന്നരകോടിയുടെ നിരോധിത നോട്ടുകളുമായി മലയാളികളുള്‍പ്പെടെ അഞ്ച് പേര്‍ പിടിയില്‍. പാലക്കാട് പറളി സ്വദേശി നാറ പറമ്പില്‍ ഹബീബ്, ത്യശൂര്‍ വടക്കാഞ്ചേരി സ്വദേശി പുത്തന്‍ പീടികയില്‍ ഷറഫുദ്ദീന്‍, കോയമ്പത്തൂര്‍ നഞ്ചുണ്ട പുരം സ്വദേശികളായ താജുദ്ദീന്‍, മുഹമ്മദ് ഇര്‍ഷാദ്, ഫിറോസ് ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ 6.10ന് ചാവാക്കാട് പോലീസ് സ്‌റ്റേഷന് മസീപം വടക്കെ ബൈപ്പാസില്‍വെച്ചാണ് ഇവര്‍ പിടിയിലാകുന്നത്.

നിരോധിച്ച 500,1000 നോട്ടിന്റെ ഒന്നരക്കോടി രൂപയും ഇവര്‍ സഞ്ചരിച്ച രണ്ട് കാറുകളും കണ്ടെടുത്തു. നിരോധിച്ച നോട്ടുകളുടെ ഒരു ലക്ഷത്തിന് പകരം പുതിയ 20,000 രൂപയുടെ നോട്ടുകള്‍ വാങ്ങാന്‍ എത്തിയതാണിവരെന്ന് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്ന സിഐ കെജി സുരേഷ് പറഞ്ഞു. രഹസ്യമാര്‍ഗത്തിലൂടെ ഇനിയും പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനാകുമെന്ന് വിശ്വസിപ്പിച്ചാണ് സംഘം ഇടപാട് നടത്തുന്നത്. കോയമ്പത്തൂരില്‍ വസ്ത്ര വ്യാപാരിയായ താജുദ്ദീന്‍ വഴിയാണ് നോട്ടുകള്‍ കേരളത്തിലെത്തിക്കുന്നത്. കേസില്‍ ചിലര്‍കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.