പെട്രോളിന് 1.10 രൂപയും ഡീസലിന് 1.07 രൂപയും കുറഞ്ഞു

Posted on: June 1, 2018 9:20 am | Last updated: June 1, 2018 at 10:30 am

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നികുതിയില്‍ കുറവ് വരുത്തിയതോടെ പെട്രോളിന് ലിറ്ററിന് 1.10 രൂപയും ഡീസലിന് 1.07 രൂപയും കുറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ ഒരു രൂപയുടെ നികുതി കുറവ് ഇന്നലെ അര്‍ധരാത്രി തന്നെ നിലവില്‍ വന്നു. ഇതിന് പുറമെ പെട്രോളിന് പത്ത് പെസയും ഡീസലിന് ഏഴ് പൈസയുമാണ് ഇന്ന് എണ്ണക്കമ്പനികള്‍ കുറച്ചത്. ഇന്നലെ പെട്രോളിന് ഏഴ് പൈസയും ഡീസലിന് ആറ് പൈസയുമാണ് കുറഞ്ഞത്.

സംസ്ഥാനത്ത് കിട്ടുന്ന അധിക നികുതി വരുമാനം ഒഴിവാക്കാനുള്ള മന്ത്രിസഭാ തീരുമാനം പ്രാബല്യത്തിലായതോടെയാണ് ഒരു രൂപയുടെ കുറവ് വന്നത്. ഇന്ധന വില അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം ചുമത്തുന്ന നികുതി കുറക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. ഇത് പ്രകാരം പെട്രോളിനും ഡീസലിനും ഒരു രൂപ വീതം കുറഞ്ഞത്. ഇതുവഴി പ്രതിവര്‍ഷം സംസ്ഥാനത്തിന് 509 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകും.

പെട്രോളിന്റെ നികുതിയില്‍ 1.69 ശതമാനവും ഡീസലിന് 1.75 ശതമാനവും കുറക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ 31.8 ശതമാനമാണ് കേരളത്തിന്റെ വില്‍പ്പന നികുതി. കേന്ദ്രത്തില്‍ ഇത് അടിസ്ഥാന വിലയുടെ 52.75 ശതമാനമാണ്. ഒരു ലിറ്റര്‍ ഡീസലിന് 24.52 ശതമാനം വില്‍പ്പന നികുതി ഈടാക്കുമ്പോള്‍ കേന്ദ്രത്തിന്റെ നികുതി 38.53 ശതമാനമാണ്.