പ്ലസ്‌വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചത് 5.10 ലക്ഷം പേര്‍

കൂടുതല്‍ അപേക്ഷകര്‍ മലപ്പുറത്ത്
Posted on: June 1, 2018 6:28 am | Last updated: June 1, 2018 at 12:30 am

തിരുവനന്തപുരം: ഈ അധ്യായ വര്‍ഷത്തെ പ്ലസ്‌വണ്‍ പ്രവേശനത്തിന് ഏകജാലക സംവിധാനം വഴിയുള്ള അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയായി. ഇന്നലെ വൈകുന്നേരം 5,10,666 വിദ്യാര്‍ഥികളാണ് പ്ലസ്‌വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കിയിരിക്കുന്നത്. സമര്‍പ്പിക്കപ്പെട്ടവയില്‍ 4,69,552 അപേക്ഷകളുടെ വെരിഫിക്കേഷന്‍ നടപടികള്‍ ബന്ധപ്പെട്ട സ്‌കൂളുകള്‍ പൂര്‍ത്തിയാക്കി.

സസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പ്ലസ്‌വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചിരിക്കുന്നത് മലപ്പുറം ജില്ലയിലാണ് 84,003 പേരാണ് മലപ്പുറത്ത് നിന്നുള്ള അപേക്ഷകര്‍. ഈ മാസം അഞ്ചിന് ട്രയല്‍ അലോട്ട്‌മെന്റ് നടത്തും. തുടര്‍ന്ന് ജൂണ്‍ 12ന് ആദ്യ അലോട്ട്‌മെന്റ് നടക്കും. ജൂണ്‍ 20ന് മുഖ്യ അലോട്ട്‌മെന്റ് അവസാനിക്കും. ജൂണ്‍ 21ന് പ്ലസ്‌വണ്‍ ക്ലാസുകള്‍ തുടങ്ങും.

പ്ലസ്‌വണ്‍ പ്രവേശനത്തിനായി അപേക്ഷിച്ചവരുടെ എണ്ണം ജില്ല തിരിച്ച്: തിരുവനന്തപുരം-41511 , കൊല്ലം-38205 , പത്തനംതിട്ട-17533, ആലപ്പുഴ-30461, കോട്ടയം-27342, ഇടുക്കി-15338, എറണാകുളം-43639, തൃശൂര്‍ -44025, പാലക്കാട് -47976 , മലപ്പുറം-84003, കോഴിക്കോട്-50280, വയനാട് -12701 , കണ്ണൂര്‍ -37748 , കാസര്‍കോട് -19704 .

രണ്ട് അലോട്ട്‌മെന്റുകള്‍ക്കുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റ് നടത്തും. ഇതിനുമുമ്പ് ഒഴിവുകളുടെ വിശദാംശം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. മുഖ്യ അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിക്കാത്തവര്‍ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ ലഭ്യമായ സീറ്റുകളുടെ അടിസ്ഥാനത്തില്‍ ഓപ്ഷന്‍ പുതുക്കി നല്‍കണം. സ്‌പോര്‍ട്ടസ് ക്വോട്ട പ്രവേശനം രണ്ടുഘട്ടങ്ങളില്‍ ഓണ്‍ലൈനായി നടത്തും. ഏകജാലകസംവിധാനത്തിന്റെ മുഖ്യ ഘട്ടത്തിലെ അവസാന അലോട്ട്‌മെന്റിന് മുമ്പായി രണ്ട് പ്രത്യേക അലോട്ട്‌മെന്റുകള്‍ സ്‌പോര്‍ട്‌സ് ക്വോട്ട പ്രവേശനത്തിന് വേണ്ടി നടത്തും. നിലവില്‍ സംസ്ഥാനത്താകെ 4,22,853 പ്ലസ്‌വണ്‍ സീറ്റുകളാണ് ഉള്ളത്. അതേസമയം സര്‍ക്കാര്‍ അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളിലും പ്ലസ് വണ്‍ പ്രവേശനവും ഏകജാലക സംവിധാനത്തിന് കീഴില്‍ കൊണ്ടുവന്നു. അപക്ഷകള്‍ ഓണ്‍ലൈന്‍ വഴി. 40 ശതമാനം സീറ്റുകള്‍ പൊതുവിഭാഗത്തിലും, 12 ശതമാനം പട്ടികജാതി വിദ്യാര്‍ഥികള്‍ക്കും എട്ടു ശതമാനം പട്ടിക വര്‍ഗ്ഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്കുമാണ് സീറ്റുകളുടെ സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

നേരത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ മുഴുവന്‍ സീറ്റുകളും എയ്ഡഡ് സ്‌കൂളുകളിലെ ജനറല്‍ സീറ്റുകളും മാത്രമാണ് നിലവില്‍ ഏകജാലകത്തിന്റെ പരിധിയില്‍ ഉണ്ടായിരുന്നത്. സംവരണ വ്യവസ്ഥ കൃത്യമായി പാലിച്ചാണ് ഈ സീറ്റുകളില്‍ പ്രവേശനം അനുവദിക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനൊപ്പം താത്പര്യമുള്ളവര്‍ക്ക് അണ്‍ എയ്ഡഡ് സ്‌കൂളുകളിലേക്കും അപേക്ഷിക്കാം. ആകെ സീറ്റുകളില്‍ 60 ശതമാനത്തില്‍ മാത്രമായിരിക്കും ഓണ്‍ലൈനായി പ്രവേശനം. ബാക്കി സീറ്റുകളില്‍ മാനേജ്‌മെന്റിന് നേരിട്ട് പ്രവേശനം നല്‍കാം. സംസ്ഥാനത്ത് 362 അണ്‍ എയ്ഡഡ് സ്‌കൂളുകളിലാണ് പ്ലസ്ടു ബാച്ചുകളിലായി 46,850 സീറ്റുകളാണ് നിലവിലുള്ളത്.