അക്ഷരലോകത്തേക്ക് പിച്ചവെക്കാന്‍ മൂന്നര ലക്ഷം കുരുന്നുകള്‍

  • സ്‌കൂളുകള്‍ ഇന്ന് തുറക്കുന്നു
  • കോഴിക്കോട് അഞ്ചിനും മലപ്പുറത്ത് ആറിനും
Posted on: June 1, 2018 6:15 am | Last updated: June 1, 2018 at 12:02 am

തിരുവനന്തപുരം: മധ്യവേനല്‍ അവധി കഴിഞ്ഞ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ ഇന്ന് തുറക്കുന്നു. നിപ്പാ വൈറസ് ബാധയുടെ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ കോഴിക്കോട് അഞ്ചിനും മലപ്പുറത്ത് ആറിനുമാണ് സ്‌കൂളുകള്‍ തുറക്കുന്നത്. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലായി 34 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് എത്തുന്നത്. ഹയര്‍ സെക്കന്‍ഡറി കൂടി ചേര്‍ത്താല്‍ 43 ലക്ഷമാകും. ഒന്നാം ക്ലാസിലേക്ക് ഈ വര്‍ഷം മൂന്നര ലക്ഷത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 3,16,023 വിദ്യാര്‍ഥികളാണ് ഒന്നാം ക്ലാസില്‍ ചേര്‍ന്നത്. ആറാം പ്രവൃത്തി ദിവസമായ ജൂണ്‍ ഏഴിനായിരിക്കും കുട്ടികളുടെ കണക്ക് ശേഖരിക്കുക. തൊട്ടടുത്ത ദിവസം കുട്ടികളുടെ ഏറ്റക്കുറച്ചില്‍ സംബന്ധിച്ച കണക്കും പുറത്തുവരും.

അതേസമയം, വിദ്യാലയങ്ങളില്‍ ഹരിതനയം കര്‍ശനമായി പാലിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു. പ്രകൃതി സൗഹൃദ വിദ്യാലയ പരിസരം സൃഷ്ടിക്കുക, ജൈവവൈവിധ്യ ഉദ്യാനം നിര്‍മിക്കുക, മഴക്കുഴി നിര്‍മാണം, വൃക്ഷത്തൈ നടല്‍, കംപോസ്റ്റ് യൂനിറ്റ് സ്ഥാപിക്കല്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍ക്കു പകരം സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കുക, പ്ലാസ്റ്റിക് പേനകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുക, ഫഌക്‌സ് ബോര്‍ഡുകള്‍, പ്ലാസ്റ്റിക് തോരണങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ എല്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും ഹെഡ്മാസ്റ്റര്‍മാര്‍ക്കും നല്‍കിയിട്ടുണ്ട്.

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പായി തന്നെ പാഠപുസ്തകം, യൂനിഫോം വിതരണം നടത്താനായത് നേട്ടമാണ്. പൊതുവിദ്യാലയങ്ങളുടെ മുഖം മാറ്റുന്ന ഹൈടെക് സ്‌കൂള്‍ പദ്ധതി 34,500 ക്ലാസ്മുറികളില്‍ പൂര്‍ത്തിയായി. 45,000 ക്ലാസ് മുറികളാണ് ഹൈടെക് ആകുന്നത്.

അധ്യാപനത്തിനായുള്ള സമഗ്ര പോര്‍ട്ടലും ആപ്പും തയാറായിക്കഴിഞ്ഞു. അധ്യാപക പരിശീലനവും ഐ ടി പരിശീലനവും പൂര്‍ത്തിയായി. കാഴ്ച പരിമിതിയുള്ളവര്‍ക്ക് ബ്രെയില്‍ ലിപിയിലുള്ള പാഠപുസ്തകങ്ങളുടെ അച്ചടി വിതരണവും പൂര്‍ത്തിയായി. 200 അധ്യയന ദിവസങ്ങള്‍ ഉറപ്പാക്കിയുള്ള വിദ്യാഭ്യാസ കലണ്ടറും തയാറാക്കിയിട്ടുണ്ട്. ഓരോ സ്‌കൂളുകള്‍ക്കും അക്കാദമിക് മാസ്റ്റര്‍പ്ലാനും തയാറാക്കിയിട്ടുണ്ട്. ഹലോ ഇംഗ്ലീഷ്, ഗണിത വിജയം, മലയാളത്തിളക്കം തുടങ്ങിയ പഠനപദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ പ്രശ്‌നവും കുട്ടികള്‍ വര്‍ധിക്കുന്ന സ്‌കൂളുകളില്‍ മതിയായ അധ്യാപകരെ നിയമിക്കാന്‍ കഴിയാത്തതും പ്രശ്‌നമാണ്.