കെവിന്‍ കൊലപാതക കേസ്: എസ് ഐ. ഷിബുകുമാറിനെ രക്ഷപ്പെടുത്താന്‍ പഴുതുകളൊരുക്കി ഐ ജിയുടെ റിപ്പോര്‍ട്ട്

Posted on: June 1, 2018 6:14 am | Last updated: June 1, 2018 at 12:00 am
SHARE

കോട്ടയം: കെവിന്റെ കൊലപാതക കേസില്‍ ഗാന്ധിനഗര്‍ എസ് ഐ. എം എസ് ഷിബുകുമാറിന് കേസില്‍ നിന്ന് ഊരിപ്പോകുന്നതിന് പഴുതുകളൊരുക്കി അന്വേഷണ ചുമതലയുള്ള ഐ ജി വിജയ് സാക്കറെ റിപ്പോര്‍ട്ട്. സംഭവമറിഞ്ഞിട്ടും എസ് ഐ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചില്ലെന്നാണ് ഐ ജിയുടെ റിപ്പോര്‍ട്ട്. എസ് ഐ ഗുരുതരമായ കൃത്യവിലോപം കാട്ടിയതായും കുറ്റകൃത്യം അറിഞ്ഞിട്ടും അത് മറച്ചുവെച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. ഐ ജിയുടെ കണ്ടെത്തല്‍ അടിസ്ഥാനമാക്കിയാണെങ്കില്‍ എസ് ഐക്ക് മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ക്ക് ഒരു സ്ഥലംമാറ്റത്തില്‍ ഒതുങ്ങുന്ന ശിക്ഷ മാത്രമാണ് ലഭിക്കുകയെന്ന്് വിലയിരുത്തപ്പെടുന്നു.

കെവിനെ തട്ടിക്കൊണ്ടുപോയ ശേഷം ഭാര്യ നീനു നല്‍കിയ പരാതിയും അച്ഛന്‍ ജോസഫിന്റെ പ്രതികളെക്കുറിച്ചുള്ള സൂചനകളും എസ് ഐ ഷിബു മുഖവിലക്കെടുത്തില്ലെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ളതിനാല്‍ പിന്നീട് പരിഗണിക്കാമെന്നായിരുന്നു എസ് ഐയുടെ മറുപടി. യഥാസമയം എസ്‌ഐ ഇടപെടുകയും വിഷയം ഉന്നത ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നുവെങ്കില്‍ കെവിനെ ജീവനോടെ കണ്ടെത്താമായിരുന്നുവെന്നാണ് കണക്കുകൂട്ടല്‍. ഈ സാഹചര്യത്തില്‍ എസ് ഐക്കെതിരെയും ശക്തമായ വകുപ്പുകള്‍ ചുമത്തണമെന്ന ആവശ്യം ശക്തമാണ്.

എന്നാല്‍, കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയെന്ന കുറ്റം ചാര്‍ത്തി വകുപ്പുതല അച്ചടക്കനടപടികളില്‍ ഒതുക്കാനാണ് നീക്കം നടക്കുന്നത്. എസ് ഐയുടെ ഭാഗത്ത് ഗുരുതരവീഴ്ചയുണ്ടായതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ സസ്‌പെ ന്‍ഡ് ചെയ്തത്. അതേസമയം, എ എസ് ഐ ബിജുവിനെതിരേയും പോലീസ് ഡ്രൈവര്‍ക്കെതിരേയും ശക്തമായ തെളിവുകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പട്രോളിംഗ് സംഘത്തിന് രക്ഷപ്പെടാന്‍ അവസരമൊരുക്കിയതും പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയതും എ എസ് ഐ ബിജുവും ഡ്രൈവര്‍ അജയകുമാറുമാണ്. കെവിനെ തട്ടിക്കൊണ്ടുപോകല്‍, മര്‍ദിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ക്കെല്ലാം ഒത്താശ ചെയ്തത് എ എസ് ഐ ബിജുവാണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇവര്‍ക്കെതിരേയും കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. കെവിന്‍ ഓടിരക്ഷപ്പെടുന്നതിനിടയില്‍ വെള്ളത്തില്‍ വീണ് മുങ്ങിമരിച്ചതാണെന്ന നിഗമനത്തിലേക്ക് കാര്യങ്ങളെത്തിക്കാനുള്ള ശ്രമങ്ങളും അണിയറയില്‍ സജീവമാണ്. കെവിന്‍ അക്രമിസംഘത്തിന്റെ കൈയില്‍ നിന്ന് ചാടിരക്ഷപ്പെട്ടതാണെന്ന പ്രതി ഷാനു ചാക്കോയും കെവിന്റെ ബന്ധു അനീഷും മൊഴി നല്‍കിയെന്ന വാദത്തില്‍ ഐ ജി ഉറച്ചുനില്‍ക്കുകയാണ്.

അതേസമയം, ഐ ജിയുടെ വാദം നിഷേധിച്ച് അനീഷ് രംഗത്തെത്തിയിരുന്നു. മര്‍ദനത്തില്‍ അവശനായ കെവിന്‍ ഓടിരക്ഷപ്പെടാനുള്ള യാതൊരു സാധ്യതയുമില്ലെന്നായിരുന്നു അനീഷിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍, ഐ ജി ഇന്നലെ മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും കെവിന്‍ രക്ഷപ്പെട്ടതാണെന്ന കാര്യം ആവര്‍ത്തിക്കുകയായിരുന്നു.