ബദ്‌റിന്റെ വഴി

Posted on: June 1, 2018 6:13 am | Last updated: May 31, 2018 at 11:56 pm
SHARE

ഇസ്‌ലാമിക ചരിത്രത്തില്‍ സവിശേഷ സ്ഥാനമുള്ളവരാണ് ബദ്‌രീങ്ങള്‍. തങ്ങള്‍ ഹൃദയത്തില്‍ കാത്തുസൂക്ഷിച്ച വിശ്വാസദീപ്തിയെ ഊതിക്കെടുത്താന്‍ എത്തിയ ശത്രുവ്യൂഹത്തെ മനസ്സുകൊണ്ടും ശരീരം കൊണ്ടും നേരിട്ടവരാണവര്‍. കേവലമൊരു യുദ്ധവിജയം മാത്രമല്ല ബദ്‌രീങ്ങള്‍ ലോകത്തിന് സമ്മാനിച്ചത്. അധര്‍മത്തിന്റെ മുഴുവന്‍ പ്രതിനിധാനങ്ങളെയും എതിര്‍ത്തു തോല്‍പ്പിക്കാനുള്ള ആത്മധൈര്യം കൂടിയാണ് വിശ്വാസികള്‍ക്ക് ബദ്ര്‍ നല്‍കുന്നത്. പ്രതിസന്ധികള്‍ക്കും പരീക്ഷണങ്ങള്‍ക്കും മുമ്പില്‍ വീണുടയാനുള്ളതല്ല വിശ്വാസം. അധര്‍മം കൊടുക്കാറ്റ് കണക്കെ ആഞ്ഞടിച്ചാലും സത്യമതത്തിന്റെ വിളക്കുവെളിച്ചം അണയാതെ സൂക്ഷിക്കണം. ഉദാത്തമായ അത്തരം മൂല്യങ്ങളുയര്‍ത്തിപ്പിടിച്ച് അടര്‍ക്കളത്തില്‍ പതറാതെ പോരാടിയതോടെ ബദ്‌രീങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തിലെ താരകങ്ങളായി, അവരുടെ സ്മരണകള്‍ നിലനിര്‍ത്തല്‍ വിശ്വാസികളുടെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത കര്‍മവുമായി.

ബദ്‌രീങ്ങള്‍ സ്വര്‍ഗീയാവകാശികളാണെന്ന് നബി(സ) പലവുരു പ്രഖ്യാപിച്ചിട്ടുണ്ട്. അനസ്(റ) പറയുന്നു: ബദ്ര്‍ രക്തസാക്ഷികളിലൊരാളായ ഹാരിസത്തി(റ)ന്റെ മാതാവ് മുത്തുനബി(സ)യെ സമീപിച്ച് പറഞ്ഞു. തിരുദൂതരേ, ഹാരിസത്തിന് ഞാന്‍ നല്‍കുന്ന സ്‌നേഹവും പരിചരണവും അങ്ങേക്കറിയാമല്ലോ. അവന്‍ സ്വര്‍ഗത്തിലാണെങ്കില്‍ ഞാന്‍ ക്ഷമിക്കും. അല്ലെങ്കില്‍ കരഞ്ഞുകരഞ്ഞു ഞാന്‍ ശിഷ്ടകാലം തള്ളിനീക്കും.’ ഇതുകേട്ട് നബി(സ) പ്രതികരിച്ചു: ‘ഉമ്മാ, സ്വര്‍ഗീയ ആരാമത്തില്‍ നിരവധി പൂന്തോപ്പുകളുണ്ട്. നിങ്ങളുടെ മകന്‍ അവയില്‍ ഏറ്റവും പവിത്രമായ ജന്നാത്തുല്‍ ഫിര്‍ദൗസിലാണ്’ (ബുഖാരി). പുറത്ത് ശത്രുചലനങ്ങള്‍ നിരീക്ഷിക്കുകയെന്ന ദൗത്യമായിരുന്നു ഹാരിസത്തിനുണ്ടായിരുന്നത്. അതിനിടയില്‍ ദാഹജലം തേടി ഹൗളിനരികില്‍ എത്തിയപ്പോള്‍ നെഞ്ചില്‍ അമ്പ് തറച്ചാണ് അദ്ദേഹം ശഹീദായത്. എന്നിട്ടുപോലും അത്യുന്നത സ്ഥാനം അലങ്കരിക്കാന്‍ അദ്ദേഹത്തിന് സൗഭാഗ്യം ലഭിച്ചുവെങ്കില്‍ യുദ്ധക്കളത്തില്‍ പോരാടി ജീവന്‍ ത്യജിച്ചവരുടെ ഔന്നത്യം എത്ര വലുതായിരിക്കും. ബദ്‌റിലോ ഹുദൈബിയയിലോ പങ്കെടുത്ത ഒരാളും നരകാഗ്നിക്കിരയാകില്ലെന്ന പ്രവാചക വചനവും ഇതോടുകൂടെ ചേര്‍ത്തുവായിക്കാം.

ബദ്ര്‍ സ്മരണ സ്വഹാബികള്‍ വിശുദ്ധ കര്‍മമായാണ് കണ്ടിരുന്നത്. ഒരു ദിവസം അവര്‍ ബദ്‌രീങ്ങളെ അനുസ്മരിച്ചു കൊണ്ട് കവിതകള്‍ ആലപിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ നബി(സ) അവിടേക്ക് കടന്നുവരുന്നു. അതോടെ അവര്‍ നബിയെ കുറിച്ചുള്ള പ്രകീര്‍ത്തനങ്ങള്‍ പാടാന്‍ തുടങ്ങി. അവിടുന്ന് പറഞ്ഞു: ‘നിങ്ങള്‍ ഇതുവരെ മഹത്വം പറഞ്ഞവരെക്കുറിച്ചു തന്നെ പറയുക’ (ബുഖാരി, മുസ്‌ലിം).

പ്രവാചക കാലഘട്ടത്തിലും ശേഷവും മദീനയില്‍ നടക്കാറുണ്ടായിരുന്ന മുഴുവന്‍ സദസ്സുകളിലും ബദ്‌രീങ്ങള്‍ക്ക് പ്രത്യേക പരിഗണനയാണ് ലഭിച്ചിരുന്നത്. വിശ്വാസികള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ ലഭിച്ചിരുന്ന ധനത്തില്‍ നിന്ന് ഒരു പ്രത്യേക വിഹിതം തന്നെ മാറ്റിവെക്കുക ഉമര്‍ (റ)ന്റെ പതിവായിരുന്നു. ഒരിക്കല്‍ അബൂബക്കര്‍ (റ)വും ഉമര്‍(റ)വും അന്‍സാരികളെ സന്ദര്‍ശിക്കാനുള്ള യാത്രയിലാണ്. വഴിമധ്യേ അവര്‍ രണ്ട് സ്വഹാബികളെ കണ്ടുമുട്ടി. ബദ്‌റില്‍ പങ്കെടുത്ത രണ്ട് പേരെ ഞങ്ങള്‍ കണ്ടു എന്നാണ് ഈ അനുഭവം നിവേദനം ചെയ്ത അവസരത്തില്‍ ഉമര്‍(റ) വിശദീകരിച്ചത്. ഇതേപ്രകാരം മറ്റു സ്വഹാബികളും താബിഉകളുമെല്ലാം ബദ്‌രീങ്ങളെ പ്രത്യേക ബഹുമാനത്തോടെയാണ് അഭിമുഖീകരിച്ചിരുന്നതും വിശേഷിപ്പിച്ചിരുന്നതും.

ഒരിക്കല്‍ ഹാത്വിബ്(റ)ന്റെ അടിമ പ്രവാചക സന്നിധിയിലെത്തി യജമാനനെ കുറിച്ച് ചില പരാതികള്‍ ബോധിപ്പിച്ചു. നിശ്ചയം, ഹാത്വിബ് നരകാവകാശിയാണ് എന്ന പരാമര്‍ശവും കൂട്ടത്തില്‍ അയാള്‍ നടത്തി. ‘ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തവര്‍ നരകത്തില്‍ പ്രവേശിക്കുകയോ? ഇല്ല ഹാത്വിബ് ഒരിക്കലും നരകത്തില്‍ പ്രവേശിക്കുകയില്ല’ എന്നായിരുന്നു നബി(സ)യുടെ മറുപടി.

മഹാനായ ഇബ്‌നു ഹജര്‍(റ) പറയുന്നു. എന്റെ പിതൃസഹോദര പുത്രനെ റോമുകാര്‍ തടവിലാക്കി. മോചനദ്രവ്യമായി അവര്‍ കുറേ ധനവും ആവശ്യപ്പെട്ടു. ഞങ്ങളാണെങ്കിലോ പരമദരിദ്രരും. കാശ് കൊടുക്കാന്‍ കഴിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് ഒരു ആശയം ഞങ്ങള്‍ക്ക് തോന്നിയത്. പെട്ടെന്ന് തന്നെ ബദ്‌രീങ്ങളുടെ പേരുകള്‍ എഴുതിയ കത്ത് അദ്ദേഹത്തിനയച്ചു കൊടുക്കുകയും അത് പതിവായി പാരായണം ചെയ്ത് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ക്കകം അദ്ദേഹം തടവില്‍ നിന്ന് മോചിതനായി വീട്ടിലെത്തി. അത്ഭുതത്തോടെ ഞങ്ങള്‍ അദ്ദേഹത്തോട് കാര്യങ്ങളന്വേഷിച്ചു. കത്തിലെ നിര്‍ദേശപ്രകാരം ബദ്‌രീങ്ങളെ തവസ്സുലാക്കി അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ തുടങ്ങിയതോടെയാണ് എനിക്ക് മുമ്പില്‍ മോചനത്തിന്റെ കവാടങ്ങള്‍ തുറന്നുകിട്ടിയത്. എന്നെ അടിമയായി വാങ്ങിയവര്‍ക്കെല്ലാം ഓരോ ദുരന്തങ്ങള്‍ ജീവിതത്തില്‍ ഉണ്ടായി. എന്റെ സാന്നിധ്യമാണ് അതിന് കാരണമെന്നായിരുന്നു അവരുടെ ധാരണ. അവസാനം മടക്കയാത്രക്കാവശ്യമായ നൂറ് ദീനാര്‍ നല്‍കി അവര്‍ ബന്ധനത്തില്‍ നിന്ന് എന്നെ അഴിച്ചുവിട്ടതായി അദ്ദേഹം പറഞ്ഞു.

ഇതുപോലെ മഹാന്മാരായ ബദ്‌രീങ്ങളോട് സഹായാഭ്യര്‍ഥന നടത്തി ലക്ഷ്യപൂര്‍ത്തീകരണം കരഗതമാക്കിയ നിരവധി ചരിത്രസംഭവങ്ങള്‍ പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയതായി കാണാം. പ്രത്യേകിച്ചും അസ്മാഉല്‍ ബദ്ര്‍ പാരായണം ചെയ്ത് പ്രാര്‍ഥന നിര്‍വഹിച്ചാല്‍ ഉദ്ദേശ്യ പൂര്‍ത്തീകരണം ഉറപ്പാണെന്ന് ഇമാം ദാറാനി(റ)യുടെ അഭിപ്രായം ഏറെ പ്രസക്തമാണ്. നിരവധി ഔലിയാക്കള്‍ക്ക് വിലായത്തിന്റെ പദവി ലഭിക്കാനും അസ്മാഉല്‍ ബദ്ര്‍ കാരണമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ബദ്‌രീങ്ങളുടെ മഹിത സ്മരണ എന്നെന്നും നിലനിര്‍ത്തേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here