വിരാട് പരിശീലനം ആരംഭിച്ചു ; 15ന് ഫിറ്റ്‌നെസ് ടെസ്റ്റ്

Posted on: June 1, 2018 6:16 am | Last updated: June 1, 2018 at 12:07 am

മുംബൈ: പരിക്കിനെത്തുടര്‍ന്നു വിശ്രമിക്കുകയായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി പരിശീലനം പുനരാരംഭിച്ചു. മുംബൈയിലെ ബാന്ദ്ര കുര്‍ല കോംപ്ലക്‌സിലാണ് കോലി ചെറിയ തോതില്‍ അല്‍പ്പസമയം പരിശീലനത്തിലേര്‍പ്പെട്ടത്. ദേശീയ ടീമിന്റെ അസിസ്റ്റന്റ് കോച്ചായ സഞ്ജയ് ബാംഗറിനൊപ്പമെത്തിയാണ് അദ്ദേഹം പരിശീലനം നടത്തിയത്.

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി കളിക്കുന്നതിനിടെയാണ് താരത്തിന്റെ കഴുത്തിനു പരിക്കേല്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്നു ജൂണില്‍ ഇംഗ്ലീഷ് കൗണ്ടി ടീമായ സറേയക്കു വേണ്ടി കളിക്കാനുള്ള തീരുമാനത്തില്‍ നിന്നും കോലി പിന്‍മാറുകയും ചെയ്തിരുന്നു. ഇംഗ്ലണ്ട് പര്യടനം മുന്നില്‍ കണ്ടാണ് തയ്യാറെടുപ്പിന്റെ ഭാഗമായി അദ്ദേഹം സറേയുമായി കരാര്‍ ഒപ്പുവച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി പരിക്ക് പിടികൂടിയതോടെ കോലി പിന്‍മാറുകയായിരുന്നു.

ജൂണ്‍ 15ന് ബെംഗളൂരുവില്‍ ഫിറ്റ്‌നസ് ടെസ്റ്റിനു അദ്ദേഹം വിധേയനാവുന്നുണ്ട്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കോലിക്കു പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

അഫ്ഗാനിസ്താനെതിരേ ബെംഗളൂരുവില്‍ നടക്കാനിരിക്കുന്ന ടെസ്റ്റില്‍ കോലി കളിക്കുന്നില്ല. ഈ ടെസ്റ്റിനു ശേഷം ടീം ഇന്ത്യ ജൂണ്‍ 23ന് ഇംഗ്ലണ്ട് പര്യടനനത്തിനായി യാത്ര തിരിക്കും. പര്യടനത്തിലെ മുഴുവന്‍ മല്‍സരങ്ങളിലും കോലിക്കു കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.