മര്‍കസിന്റെ കാരുണ്യക്കൈനീട്ടം സ്വീകരിച്ച് ഒരു ഗ്രാമം

Posted on: June 1, 2018 6:14 am | Last updated: May 31, 2018 at 11:58 pm
SHARE
മര്‍കസ് മിഷന്‍ സ്മാര്‍ട്ട് വില്ലേജിന്റെ ഭാഗമായി പരപ്പങ്ങാടി ഒട്ടുങ്ങല്‍ ബീച്ചില്‍ മത്സ്യബന്ധന വള്ളം വിതരണോദ്ഘാടനം സി മുഹമ്മദ് ഫൈസി നിര്‍വഹിക്കുന്നു

കോഴിക്കോട്: പുണ്യമാസത്തില്‍ മര്‍കസിന്റെ നേതൃത്വത്തില്‍ നല്‍കിയ വിവിധ സാമഗ്രികള്‍ സന്തോഷാശ്രുക്കളോടെ പരപ്പനങ്ങാടി ഒട്ടുങ്ങല്‍ ബീച്ചുകാര്‍ ഏറ്റുവാങ്ങി. സാമൂഹിക ജീവിത മുന്നേറ്റം സാധ്യമാക്കാനും തൊഴിലുറപ്പ് കൈവരിക്കാനും സഹായിക്കുന്ന വിവിധ ഉപകരണങ്ങളാണ് മര്‍കസ് നേതൃത്വം വിതരണം ചെ യ്തത്. മര്‍കസ് സ്ഥാപകദിനത്തില്‍ പ്രഖ്യാപിച്ച രാജ്യത്തെ നൂറ് ഗ്രാമങ്ങളെ ഏറ്റെടുക്കുന്ന പദ്ധതിയുടെ ഭാഗമായി ദക്ഷിണേന്ത്യയില്‍ നടപ്പാക്കുന്ന സാമൂഹിക മുന്നേറ്റ പരിപാടികളുടെ രണ്ടാം ഘട്ട വിതരണമാണ് പരപ്പനങ്ങാടിയില്‍ നടന്നത്.

മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പലപ്പോഴും സര്‍ക്കാറുകളെ പോലും അതിശയിപ്പിക്കുന്ന വിദ്യാഭ്യാസസേവന പ്രവര്‍ത്തനങ്ങളാണ് മര്‍കസ് നടത്തിവരുന്നതെന്നും കഷ്ടത അനുഭവിക്കുന്ന ആളുകളുടെ കൂടെ നിന്ന് പ്രയാസം മാറ്റാനും സാമൂഹിക മുന്നേറ്റം ക്രമേണ സാധ്യമാക്കാനുമാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സ്ഥാപനം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സാമൂഹിക പിന്നാക്കം നില്‍ക്കുന്ന കടലോര മേഖലകളും കോളനികളും കേന്ദ്രീകരിച്ചാണ് സ്മാര്‍ട്ട് മിഷന്‍ പദ്ധതി നടപ്പാക്കുന്നത്. നേരത്തെ പാലക്കാട് ജില്ലയിലെ ദാരിദ്ര്യമനുഭവിക്കുന്ന കുഗ്രാമങ്ങളുടെ മുന്നേറ്റത്തിന് വിവിധ പദ്ധതികള്‍ നടപ്പാക്കിയിരുന്നു. മുസ്‌ലിംകള്‍ അടക്കമുള്ള പിന്നാക്ക വിഭാഗക്കാര്‍ സാമൂഹികമായും സാമ്പത്തികമായും അവശതയനുഭവിക്കുന്ന ഉത്തരേന്ത്യയിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുത്ത ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഈ പദ്ധതി പുരോഗമിക്കുന്നത്. കുടിവെള്ള സൗകര്യങ്ങള്‍, വിദ്യാലയ നിര്‍മാണം, അനാഥകളെ ഏറ്റെടുക്കല്‍, സ്വയം തൊഴില്‍ സംരംഭങ്ങള്‍ തയ്യാറാക്കിനല്‍കല്‍, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള സഹായോപകരണ വിതരണം തുടങ്ങിയ പദ്ധതികളാണ് നൂറുകണക്കിന് സന്നദ്ധ സേവകരുടെ നേതൃത്വത്തില്‍ മര്‍കസ് നടത്തിക്കൊണ്ടിരിക്കുന്നത്. കര്‍ണാടക, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഒറീസ, പശ്ചിമബംഗാള്‍, ഗുജറാത്ത് സംസ്ഥാങ്ങളില്‍ ദീര്‍ഘവീക്ഷണത്തോടെയും ശാസ്ത്രീയമായും ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ മര്‍കസിന്റെ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നു.

ട്രോളിംഗ് നിരോധം നിലനില്‍ക്കുന്ന ഈ ഘട്ടത്തില്‍ പരപ്പനങ്ങാടി ബീച്ചില്‍ മത്സ്യ ത്തൊഴിലാളികള്‍ക്ക് വറുതിയുടെ കാലമാണ്. രണ്ട് കുടുംബങ്ങള്‍ക്കാണ് വള്ളം കൈമാറിയത്. അവശതയനുഭവിക്കുന്നവര്‍ക്ക് മുച്ചക്രവാഹനം, ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് ടൈലറിംഗ് മെഷീനുകള്‍, കാര്‍ഷിക കുടുംബത്തിന് കറവപ്പശു എന്നിവയും വിതരണം ചെയ്തു.

വള്ളത്തിന്റെ വിതരണത്തിന് സി മുഹമ്മദ് ഫൈസിയും മറ്റു സാധങ്ങളുടെ വിതരണത്തിന് ആര്‍ സി എഫ് ഐ റീജ്യനല്‍ മാനേജര്‍ റഷീദ് പുന്നശ്ശേരി, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ യൂസുഫ് നൂറാനി, പരപ്പനങ്ങാടി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ഹനീഫ, ഹംസ, ദേവന്‍ ആലുങ്ങല്‍, കെ പി എം കോയ, ശിഫാ കെ സി അലി, സയ്യിദ് ജസീല്‍ സഖാഫി ഇര്‍ഫാനിയും നേതൃത്വം നല്‍കി.