എന്‍ സി അസ്താന ഒഴിഞ്ഞു; ശേഖ് ദര്‍വേശ് വിജിലന്‍സ് ഡയറക്ടര്‍

Posted on: June 1, 2018 6:13 am | Last updated: May 31, 2018 at 11:43 pm
SHARE

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ എന്‍ സി അസ്താന സ്ഥാനം ഒഴിഞ്ഞു. താത്കാലിക ചുമതല ശേഖ് ദര്‍വേശ് സാഹിബിന്. ഡി ജി പി പദവിയിലുള്ള എന്‍ സി അസ്താന ബി എസ് എഫ് അഡീഷനല്‍ ഡയറക്ടര്‍ ജനറലായാണ് കേന്ദ്ര സര്‍വീസിലേക്ക് പോകുന്നത്.

നേരത്തെ കേന്ദ്ര സര്‍വീസില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയ അസ്താന പ്രത്യേക അനുമതി വാങ്ങി ഡല്‍ഹിയില്‍ തന്നെ തുടരുകയായിരുന്നു. കുടുംബപരമായി പ്രശ്‌നങ്ങള്‍ ഉളളതിനാല്‍ ഡല്‍ഹിയില്‍ തന്നെ തുടരണമെന്ന പ്രത്യേക അപേക്ഷയെ തുടര്‍ന്ന് കേരള ഹൗസില്‍ ഓഫീസര്‍ ഓഫ് സ്‌പെഷ്യല്‍ ഡ്യൂട്ടിയും പോലീസ് നവീകരണ വിഭാഗത്തിന്റെ ചുമതലയും നല്‍കി. ഇതിനിടയിലാണ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തെ ചൊല്ലി വിവാദമുണ്ടായത്. കോടതി ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്ന് മുഖം രക്ഷിക്കാനാണ് സര്‍ക്കാര്‍ കേഡര്‍ പോസ്റ്റായ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് എന്‍ സി അസ്താനയെ കൊണ്ടുവന്നത്.

ആദ്യം മുതലെ പദവിയില്‍ താത്പര്യക്കുറവ് പ്രകടിപ്പിച്ച അസ്താന ഡല്‍ഹിയില്‍ നിന്ന് സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയെങ്കിലും സര്‍ക്കാറുമായി നല്ല ബന്ധത്തിലായിരുന്നില്ല. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ഒരു മാസം പിന്നിട്ടിപ്പോള്‍ തന്നെ കേന്ദ്ര സര്‍വീസിലേക്ക് പോകാനുള്ള ശ്രമം തുടങ്ങിയിരുന്നു. ഇതിന് കേന്ദ്രവും പച്ചക്കൊടി കാട്ടിയതോടെ വിജിലന്‍സ് ഡയറക്ടര്‍ പദവി സര്‍ക്കാറിന് തലവേദനയാകുമെന്നുറപ്പായി. അസ്താന കേന്ദ്രത്തിലേക്ക് മടങ്ങിപ്പോകുന്നതോടെ സീനിയറായ എ ഹേമചന്ദ്രന് കൂടി ഡി ജി പി പദവി ലഭിക്കും.

ഡി ജി പി പദവിയിലുളള എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിഗും കേന്ദ്ര സര്‍വീസിലേക്ക് പോകുന്നുവെന്നാണ് അറിയുന്നത്. വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് സര്‍ക്കാറിന് തലവേദനയായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ മാറ്റിയത്. തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവി കൂടിയായ ലോക്‌നാഥ് ബെഹ്‌റക്ക് വിജിലന്‍സ് ഡയറക്ടറുടെ അധിക ചുമതല നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍വീസിലുണ്ടായിരുന്ന എന്‍ സി അസ്താനയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത്. അതിനിടെ, വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം എ ഡി ജി പി റാങ്കിലേക്ക് താഴ്ത്തുന്നത്  സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here