ചെങ്ങന്നൂര്‍: ബി ജെ പിയിലെ ആഭ്യന്തര കലാപത്തിന് ആക്കം കൂട്ടും

കേന്ദ്ര നേതൃത്വത്തിന് നിരാശ
Posted on: June 1, 2018 6:11 am | Last updated: May 31, 2018 at 11:33 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വിജയമുറപ്പിക്കാവുന്ന സീറ്റുകളുടെ പട്ടികയില്‍ എ ഗ്രേഡ് നല്‍കിയ മണ്ഡലമായ ചെങ്ങന്നൂരില്‍ ഏറ്റ കനത്ത തിരിച്ചടി ബി ജെ പിയിലെ ആഭ്യന്തര കലാപത്തിന് ആക്കം കൂട്ടുമെന്ന് ഉറപ്പായി. ദേശീയ നേതാക്കളെയുള്‍പ്പെടെ രംഗത്തിറക്കി പ്രചാരണം നടത്തിയെങ്കിലും കഴിഞ്ഞ തവണ നേടിയ വോട്ട് നിലനിര്‍ത്താന്‍ പോലും കഴിഞ്ഞില്ലായെന്നത് കേന്ദ്ര നേതൃത്വത്തെ കടുത്ത നിരാശയിലാക്കിയിരിക്കുകയാണ്. നിലവിലെ സംസ്ഥാന നേതൃത്വത്തിന്റെ ദൗര്‍ബല്യമാണ് ചെങ്ങന്നൂര്‍ എടുത്തുകാട്ടുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ മികച്ച പ്രകടനത്തിന് ശേഷമാണ് ബി ജെ പിയുടെ പട്ടികയില്‍ ചെങ്ങന്നൂരിന് എ ഗ്രേഡ് ലഭിക്കുന്നത്. അന്ന് എല്‍ ഡി എഫിന്റെ വിജയത്തിനും യു ഡി എഫിന്റെ പരാജയത്തിനുമപ്പുറം ബി ജെ പിയുടെ മുന്നേറ്റമായിരുന്നു ചര്‍ച്ചയായിരുന്നത്. 2011ലെ ആറായിരത്തോളം വോട്ടുകളെ 42,000ത്തിലേക്ക് ഉയര്‍ത്തിയാണ് ബി ജെ പി സ്ഥാനാര്‍ഥി പി എസ് ശ്രീധരന്‍ പിള്ള മണ്ഡലത്തെ ശ്രദ്ധേയമാക്കിയത്. ശക്തമായി മത്സര രംഗത്തിറങ്ങിയാല്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് ബി ജെ പി ഗോദയിലേക്കിറങ്ങിയത്. എന്നാല്‍, സ്വന്തം അക്കൗണ്ടിലുള്ള വോട്ടുകള്‍ പോലും പിടിച്ചു നിര്‍ത്താനാകാതെ കീഴടങ്ങേണ്ടി വന്ന അവസ്ഥ പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തറിയിലേക്കാണ് നയിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഗ്രൂപ്പ് വഴക്ക് നിലനില്‍ക്കുന്ന സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്ര നേതൃത്വം ശക്തമായ നടപടികളിലേക്ക് കടക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

ബാലികേറാ മലയായ പല സംസ്ഥാനങ്ങളിലും ബി ജെ പിക്ക് കാലുറപ്പിക്കാന്‍ കഴിഞ്ഞിട്ടും കേരളത്തില്‍ പച്ച പിടിക്കാന്‍ കഴിയാത്തത് കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തിക്കിരയാക്കിയിട്ടുണ്ട്.

ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രചാരണത്തില്‍ നിര്‍ജീവമായത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ സംസ്ഥാന നേതൃത്വത്തെ അറിയിക്കാതെ അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ഗവര്‍ണറാക്കിയതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പ് ഉയര്‍ന്നിരുന്നു. ഇതും തിരഞ്ഞെടുപ്പിനെ ബാധിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സംസ്ഥാനത്ത് പാര്‍ട്ടി നേതൃത്വം കാഴ്ച വെച്ച പ്രകടനം കേന്ദ്ര നേതൃത്വത്തെ ഒട്ടും തൃപ്തിപ്പെടുത്തിയിരുന്നില്ലെന്നാണ് വോട്ടെടുപ്പിന്റെ തലേ ദിവസത്തെ സ്ഥാനമാറ്റം വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെ കുമ്മനത്തിന് പകരക്കാരനെ കണ്ടെത്താനുള്ള നീക്കത്തിന് സംസ്ഥാനത്തിനകത്ത് നിന്ന് സമവായത്തിലെത്താന്‍ സാധ്യതയില്ലെന്നിരിക്കെ, കേന്ദ്ര നേതൃത്വം നേരിട്ട് ആവശ്യപ്പെടുന്ന പ്രസിഡന്റിനെ സംസ്ഥാന നേതൃത്വം അംഗീകരിക്കേണ്ടിവരും. നിലവില്‍ കെ സുരേന്ദ്രന്‍, എം ടി രമേശ്, പി എസ് ശ്രീധരന്‍പിള്ള തുടങ്ങിയവരുടെ പേരുകളാണ് പ്രധാനമായും പരിഗണിക്കപ്പെടുന്നത്.