Connect with us

Kerala

സാങ്കേതിക വിദ്യയുടെ ആകാശത്തേക്ക് 60,000 'കുട്ടിപ്പട്ടങ്ങള്‍'

Published

|

Last Updated

കൊച്ചി: പുതിയ അധ്യയന വര്‍ഷം ഇന്ന് ആരംഭിക്കുമ്പോള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ 60,000 കുട്ടികള്‍ പുതിയ ആകാശത്തേക്ക് പറന്നുയരാനുള്ള ചിറകുകളുമായിട്ടാണ് വീട്ടില്‍ നിന്ന് ഇറങ്ങുക. വിവര വിനിമയ സാങ്കേതിക വിദ്യയുടെ ലോകത്തേക്ക് സ്വകാര്യസ്‌കൂളുകളിലെ കുട്ടികള്‍ക്കൊപ്പം ഇനി സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികളും ചുവടുവെക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേയും ഹൈടെക് സ്‌കൂള്‍ പദ്ധതിയുടേയും ഭാഗമായാണ് “ലിറ്റില്‍ കൈറ്റ്‌സ്” എന്ന പേരില്‍ സര്‍ക്കാര്‍ പുതിയ ലോകം കുട്ടികള്‍ക്കായി തുറന്നിട്ടിരിക്കുന്നത്. “ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം” എന്ന പേരില്‍ തുടങ്ങിയ പദ്ധതി പിന്നീട് “ലിറ്റില്‍ കൈറ്റ്‌സ്” എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു. കേരളാ ഇന്‍ഫ്രാസ്ട്രകചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യുക്കേഷന്‍(കൈറ്റ്‌സ്) ആണ് പദ്ധതി നടപ്പാക്കുന്നത്.

സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ ഐ ടിയില്‍ മികവ് കാണിക്കുന്ന ഒമ്പതാം ക്ലാസിലെ കുട്ടികള്‍ക്കാണ് ലിറ്റില്‍ കൈറ്റ്‌സ് പദ്ധതി നടപ്പാക്കുന്നത്. എട്ടാം ക്ലാസില്‍ അധ്യയന വര്‍ഷത്തിന്റെ അവസാനത്തില്‍ നടത്തുന്ന അഭിരുചി പരീക്ഷ മുഖേനെയണ് ലിറ്റില്‍ കൈറ്റ്‌സ് പദ്ധതിയിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നത്. പദ്ധതിയുടെ ഭാഗമായിട്ടുള്ള ആദ്യ ബാച്ചിന്റെ പരിശീലനം ഈ അധ്യയന വര്‍ഷം മുതല്‍ ആരംഭിക്കും. ബുധനാഴ്ചകളില്‍ വൈകീട്ട് നാല് മുതല്‍ അഞ്ച് വരെ കുട്ടികള്‍ക്ക് പരിശീലനം നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ആനിമേഷന്‍,വെബ് ഡെവലപിംഗ്, ഹാര്‍ഡ്‌വെയര്‍, പ്രോഗ്രാമിംഗ് എന്നിവയിലാണ് കുട്ടികള്‍ക്ക് മികച്ച പരിശീലനം നല്‍കുക. മാസത്തില്‍ നാല് മണിക്കൂറാണ് കുട്ടികള്‍ക്ക് ട്രെയിനിംഗ് നല്‍കുന്നത്.

ഫീല്‍ഡ് വിസിറ്റുകളും ജില്ല, സബ്ജില്ല, സംസ്ഥാന ക്യാമ്പുകളും ഇതിനോടൊപ്പമുണ്ടാകും. പത്താം ക്ലാസില്‍ അധ്യയനം അവസാനിക്കുമ്പോള്‍ കുട്ടികള്‍ പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കി സമര്‍പ്പിക്കണം. പദ്ധതിക്ക് വേണ്ടിയുള്ള “കൈറ്റ് മാസ്റ്റേഴ്‌സി”ന്റെ പരിശീലനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്.

പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് 1990 സ്‌കൂളുകളെയാണ് യോഗ്യതയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്തത്. പത്ത് കമ്പ്യൂട്ടറുകള്‍, കൈറ്റ് മാസ്റ്റേഴ്‌സ് ആകാന്‍ സന്നദ്ധരായ അധ്യാപകര്‍ എന്നിവയുള്ള സ്‌കൂളുകളെയാണ് ലിറ്റില്‍ കൈറ്റ്‌സ് പദ്ധതിക്ക് വേണ്ടി തിരഞ്ഞെടുത്തത്.

കൈറ്റ് മാസ്റ്ററാകാന്‍ സന്നദ്ധരായ അധ്യാപകരുടെ സമ്മതപത്രവും സ്‌കൂളുകള്‍ അപേക്ഷക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. മിക്‌സ്ഡ് സ്‌കൂളുകളില്‍ രണ്ട് കൈറ്റ് മാസ്റ്റര്‍മാരില്‍ ഒരാള്‍ വനിതയായിരിക്കണമെന്ന് കര്‍ശന നിബന്ധനയുമുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്‌കൂളുകള്‍ രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരം(188) ജില്ലയിലാണ്. രണ്ടാം സ്ഥാനം എറണാകുളം(187) ജില്ലക്കാണ്. കൊല്ലം(181)പത്തനംതിട്ട (110),ആലപ്പുഴ (136), കോട്ടയം (133), ഇടുക്കി (99), തൃശൂര്‍ (161), പാലക്കാട് (125), മലപ്പുറം (169), കോഴിക്കോട് (158), വയനാട് (75), കണ്ണൂര്‍ (151), കാസര്‍കോട് (117) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍. ഓരോ സ്‌കൂളില്‍ നിന്നും 20 മുതല്‍ 40 വരെ കുട്ടികളെയാണ് “ലിറ്റില്‍ കൈറ്റ്‌സി”ലേക്ക് തിരഞ്ഞെടുക്കുന്നത്. ഇത്തരത്തില്‍ സംസ്ഥാനത്തെ വിവിധ സ്‌കൂളില്‍ നിന്നായി 60,000 കുട്ടിളെയാണ് തിരഞ്ഞടുത്തിരിക്കുന്നത്.

sijukm707@gmail.com

Latest