കരുത്തനായി പിണറായി; ഭരണത്തിന് ഗ്രീന്‍സിഗ്നല്‍

സര്‍ക്കാറിന് ജന്മദിന സമ്മാനം
Posted on: June 1, 2018 6:12 am | Last updated: May 31, 2018 at 11:35 pm

തിരുവനന്തപുരം: സര്‍ക്കാറിനുള്ള ജന്മദിന സമ്മാനമായി ചെങ്ങന്നൂരിലെ ചരിത്രവിജയം. വിവാദങ്ങളുടെ മലവെള്ളപ്പാച്ചിലിലും ജനങ്ങള്‍ മാര്‍ക്കിട്ടത് ഭരണ നേട്ടങ്ങള്‍ക്കാണെന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. ജയിച്ചത് സജി ചെറിയാനാണെങ്കിലും ഇതിന്റെ നേരവകാശി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ. പാര്‍ട്ടിയിലും ഭരണത്തിലും ചോദ്യം ചെയ്യപ്പെടാത്ത നേതാവെന്ന നില തുടരാന്‍ ഈ വിജയം പിണറായിയെ തുണക്കും. വീഴ്ചകളുടെ പേരില്‍ സര്‍ക്കാര്‍ നിരന്തരം ആക്രമിക്കപ്പെടുന്ന വേളയിലാണ് റെക്കോര്‍ഡ് ഭൂരിപക്ഷവുമായി സജിചെറിയാന്‍ നിയമസഭയിലേക്കെത്തുന്നത്. ഭരണം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് ജനം നല്‍കിയ അംഗീകാരം കൂടിയായി ഈ ഫലം വ്യാഖ്യാനിക്കാം.

തിരഞ്ഞെടുപ്പ് രംഗത്ത് എല്‍ ഡി എഫിന് വെല്ലുവിളികളേറെയുണ്ടായിരുന്നു. ഭരണവീഴ്ചകളെന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട വിവാദങ്ങള്‍ കേരളത്തില്‍ കത്തിപ്പടര്‍ന്നു. പോലീസിന്റെ നിരന്തര വീഴ്ച്ചകള്‍ സര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും ആക്രമിക്കാനുള്ള അവസരമാക്കി. രാഷ്ട്രീയ കൊലപാതകം, കസ്റ്റഡിമരണം, കേസെടുക്കുന്നതിലെ വീഴ്ചകള്‍, ഏറ്റവുമൊടുവില്‍ തിരഞ്ഞെടുപ്പ് ദിവസം സംഭവിച്ച ദുരഭിമാനകൊലവരെ സര്‍ക്കാറിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആയുധമായി. ഭൂരിഭാഗം മാധ്യമങ്ങളും സര്‍ക്കാറിനെതിരെ തിരിഞ്ഞപ്പോള്‍ എല്‍ ഡി എഫ് പലപ്പോഴും പ്രതിരോധത്തിലായി. വരാപ്പുഴ മുതല്‍ കീഴാറ്റൂര്‍ വരെ വിവാദങ്ങളുടെ കൊടുങ്കാറ്റുയര്‍ത്തി. ഭരണം രണ്ട് വര്‍ഷം പൂര്‍ത്തിയാകും മുമ്പ് മൂന്ന് മന്ത്രിമാര്‍ക്ക് രാജിവെക്കേണ്ടി വന്നു.

ഈ വെല്ലുവിളികളെയെല്ലാം അസാമാന്യമെയ്‌വഴക്കത്തോടെ നേരിട്ടാണ് എല്‍ ഡി എഫ് ചെങ്ങന്നൂരില്‍ ത്രസിപ്പിക്കുന്ന വിജയം നേടിയിരിക്കുന്നത്. ജനങ്ങള്‍ സര്‍ക്കാറിനൊപ്പമാണെന്ന സന്ദേശമാണ് ഫലം നല്‍കുന്നതെന്ന് സി പി എമ്മിന് ആത്മവിശ്വാസത്തോടെ പറയാം.

ഭരണത്തിലെ തടസ്സങ്ങള്‍ നീക്കി മുഖ്യമന്ത്രിക്കും സര്‍ക്കാറിനും കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകാന്‍ ഈ ജയം ആത്മവിശ്വാസം നല്‍കും. ദേശീയപാത വികസനം, ഗെയില്‍ പൈപ്പ് ലൈന്‍ തുടങ്ങി ചിലയിടങ്ങളില്‍ എതിര്‍പ്പ് നേരിട്ട പദ്ധതികള്‍ പോലും ഇനി സുഗമമായി മുന്നോട്ടുകൊണ്ടു പോകാം.

തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് കൂടുതല്‍ കരുത്തനാകുന്നത്. ഭരണത്തിലോ പാര്‍ട്ടിയിലോ അടുത്തൊന്നും ഒരുവെല്ലുവിളിയും പിണറായിക്ക് നേരിടേണ്ടി വരില്ല. പിണറായി നേരിട്ടുനയിച്ച തിരഞ്ഞെടുപ്പെന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു ചെങ്ങന്നൂരില്‍. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ ഓരോ ഘട്ടത്തിലും പിണറായിയും കോടിയേരിയും ഒരുമിച്ച് ഇടപെട്ടു.

തിരഞ്ഞെടുപ്പിലെ സ്റ്റാര്‍ ക്യാമ്പയിനര്‍ വി എസ് അച്യുതാനന്ദനായിരുന്ന കാലവും മാറി. വി എസ് ചെങ്ങന്നൂരിലെത്തിയെങ്കിലും നിയന്ത്രണം പിണറായി വിജയനിലാണ് കേന്ദ്രീകരിച്ചിരുന്നത്.

സര്‍ക്കാറിന്റെ ആത്മവിശ്വാസം കൂടുന്നതിനൊപ്പം ഈ വിജയം മന്ത്രിസഭയുടെ കരുത്തും വര്‍ധിക്കും. മുന്നണിയുടെ അടിത്തറ വിപുലപ്പെടുന്നതിനൊപ്പം പ്രതിപക്ഷം ദുര്‍ബലമാകുന്നുവെന്ന ആശ്വാസവും എല്‍ ഡി എഫിനുണ്ട്.

ജൂണ്‍ നാലിന് ആരംഭിക്കുന്ന നിയമസഭാസമ്മേളനത്തില്‍ സര്‍ക്കാറിനെ കടന്നാക്രമിക്കാനൊരുങ്ങുകയായിരുന്നു പ്രതിപക്ഷം. കേരളത്തിലെ ബി ജെ പിയുടെ മുന്നേറ്റം തടയാന്‍ ഇടത് മുന്നണിക്കാണ് കഴിയുകയെന്ന സി പി എം നിലപാടിനുള്ള അംഗീകാരമായും ചെങ്ങന്നൂര്‍ ഫലത്തെ ഇടത് മുന്നണിക്ക് വ്യാഖ്യാനിക്കാന്‍ അവസരം നല്‍കും.