Connect with us

National

തിരിച്ചടികളില്‍ ഞെട്ടി ബി ജെ പി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്താകെ ബി ജെ പിയുടെ ഗ്രാഫ് കുത്തനെ താഴോട്ടെന്ന് വ്യക്തമാക്കി ഉപതിരഞ്ഞെടുപ്പ് ഫലം. പൊതു തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ ബി ജെ പിയുടെ ആത്മവിശ്വാസം ഇടിയുന്നുവെന്നും മോദി പ്രഭാവം മ ങ്ങുന്നുവെന്നുമാണ് ഈ ഫലം വ്യക്തമാക്കുന്നത്. കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കണ്ട പ്രതിപക്ഷ ഐക്യം കൂടുതല്‍ ശക്തിയോടെയും ഇഴയടുപ്പത്തോടെയും മുന്നോട്ട് കൊണ്ടുപോകാനുള്ള ആത്മവിശ്വാസം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഈ ഫലം നല്‍കുകയും ചെയ്യുന്നു. സ്വന്തം കൈയിലുണ്ടായിരുന്ന രണ്ട് ലോക്‌സഭാ മണ്ഡലങ്ങള്‍ ബി ജെ പിക്ക് നഷ്ടമായി. 10 നിയമസഭാ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ 10 ഇടത്തും ബി ജെ പി തോറ്റു.

ഉത്തര്‍ പ്രദേശിലെ കൈരാന അടക്കമുള്ള ലോക്‌സഭാ മണ്ഡലങ്ങളില്‍ ബി ജെ പിയെ നേരിട്ടത് സഖ്യപരീക്ഷണങ്ങളോടെയായിരുന്നുവെന്നത് പ്രതിപക്ഷ ഐക്യം ഒരു യാഥാര്‍ഥ്യമായി മാറുകയാണെന്ന് വ്യക്തമാക്കുന്നുണ്ട്. നേരത്തെ ഗോരഖ്പൂരും ഫൂല്‍പൂരും എസ് പി- ബി എസ് പി കൂട്ടുകെട്ടില്‍ ബി ജെപിയെ കൈവിട്ടിരുന്നു. അതേസമയം, മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ വിജയം ആവര്‍ത്തിക്കാന്‍ സാധിച്ചത് ബി ജെ പിക്ക് ആശ്വാസമായി. അവിടെ ശിവസേന സഖ്യം വിട്ടിട്ടും സീറ്റ് നിലനിര്‍ത്താനായത് ചെറിയ കാര്യമല്ല.

മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമ സഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഒന്നൊഴികെ എല്ലാം ബി ജെ പിക്ക് നഷ്ടപ്പെട്ടു. കേരളത്തിലാകട്ടെ ഇരു മുന്നണികള്‍ക്കും ഭീഷണിയാകുമെന്ന അവകാശവാദത്തിന്റെ കാറ്റുപോകുന്ന നിലയിലേക്ക് പ്രകടനം ദയനീയമായി. പെട്രോള്‍ ഉത്പന്നങ്ങളുടെ വില വര്‍ധനയും ജി എസ് ടി നടപ്പാക്കിയപ്പോഴുള്ള വിലക്കയറ്റവും നോട്ട് നിരോധനത്തോടനുബന്ധിച്ചുള്ള പ്രതിസന്ധികളുമാണ് പ്രധാനമായും ബി ജെ പിയില്‍ നിന്ന് വോട്ടര്‍മാരെ അകറ്റിയത്.

തിരഞ്ഞെടുപ്പ് വിഷയങ്ങള്‍ പ്രാദേശികമായിരുന്നുവെന്നും വ്യത്യസ്ത ഘടകങ്ങളാണ് പ്രതിഫലിച്ചതെന്നും പറയുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പി പ്രസിഡന്റ് അമിത് ഷാക്കും വെല്ലുവിളിയുയര്‍ത്തുന്നതാണ് ഫലം. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് ഊര്‍ജം പകരുകയും ചെയ്യുന്നു.

പ്രാദേശിക കക്ഷികള്‍ ശക്തിസംഭരിക്കുന്നത് ഒരര്‍ഥത്തില്‍ കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നുണ്ടെങ്കിലും ബി ജെ പിയെ തടയിടാവുന്ന കൂട്ടുകെട്ടുകള്‍ക്ക് അവസരമൊരുങ്ങുന്നുവെന്ന് പാര്‍ട്ടിക്ക് ആശ്വസിക്കാനാകും.

രാഷ്ട്രീയ ലോക്ദളിന്റെ തിരിച്ചുവരവാണ് ഈ ഫലത്തിലെ മറ്റൊരു കാഴ്ച. എസ് പിയുമായി ചേര്‍ന്ന് കൈരാന പിടിച്ചതോടെ മുസ്‌ലിം- ജാട്ട് സഖ്യത്തിന്റെ തിരിച്ചുവരവാണ് അടയാളപ്പെടുത്തുന്നത്. രാഷ്ട്രീയ ലോക്ദളില്‍ അജിത് സിംഗില്‍ നിന്ന് ജയന്ത് ചൗധരിയിലേക്ക് തലമുറ മാറ്റം സംഭവിക്കുകയും ചെയ്യുന്നു. പിതാവ് ലാലു പ്രസാദ് യാദവ് ജയിലിലായിരിക്കെ ആര്‍ ജെ ഡിയെ നയിച്ച മകന്‍ തേജസ്വി യാദവിന് വലിയ ആത്മവിശ്വാസമാണ് ജോകിഹട്ട് നിയമസഭാ മണ്ഡലത്തിലെ വിജയം സമ്മാനിക്കുന്നത്. സഖ്യം പൊളിച്ചു പോയ ജനതാദള്‍ യുനൈറ്റഡിന് വ്യക്തമായ സന്ദേശവും. അരാരിയയിലെ വിജയത്തിന് പിറകേ ജോകിഹട്ടിലും വിജയം ആവര്‍ത്തിച്ചതോടെ ആര്‍ ജെ ഡിയെ തള്ളിക്കളയാന്‍ സമയമായില്ലെന്ന് തെളിയുകയാണ്. കൈരാനയില്‍ അഖിലേഷും ചൗധരിയും കൈകോര്‍ത്തപ്പോള്‍ പരോക്ഷ പിന്തുണ നല്‍കുകയായിരുന്നു മായാവതി. എന്നുവെച്ചാല്‍, മായാവതി- അഖിലേഷ് സഖ്യം ഒരു പരീക്ഷണം കൂടി വിജയിച്ചിരിക്കുന്നു. ഉദ്ധവ് താക്കറേക്കാണ് കനത്ത നഷ്ടമുണ്ടായത്. ബി ജെ പിയെ മറയില്ലാതെ കടന്നാക്രമിച്ച് തുടങ്ങിയ അദ്ദേഹത്തിന്റെ വിലപേശല്‍ ശേഷി ഇടിയുന്നുവെന്ന് വേണം വിലയിരുത്താന്‍.

യു പിയിലെ കൈരാന ബി ജെ പിയുടെ സിറ്റിംഗ് സീറ്റായിരുന്നു. ഇവിടെ സമാജ്‌വാദി പാര്‍ട്ടി, രാഷ്ട്രീയ ലോക്ദള്‍ സഖ്യത്തിന്റെ സംയുക്ത സ്ഥാനാര്‍ഥി തബസ്സും ഹസ്സനാണ് വിജയിച്ചത്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബി ജെ പിയിലെ ഗാവിത് രാജേന്ദ്ര വിജയിച്ചു. ഇവിടെ ഭണ്ഡാര ഗോണ്ടിയയില്‍ കോണ്‍ഗ്രസ്- എന്‍ സി പി സഖ്യത്തിനാണ് വിജയം. നാഗാലാന്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ഏക മണ്ഡലത്തില്‍ ബി ജെ പി പിന്തുണയുള്ള എന്‍ ഡി പി പിക്കാണ് വിജയം.

ലോക്‌സഭയില്‍ ഭൂരിപക്ഷം ചുരുങ്ങി

ഒറ്റക്ക് സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ഭൂരിപക്ഷം നേടി 2014ല്‍ അധികാരത്തിലെത്തിയ ബി ജെ പിയുടെ ആത്മവിശ്വാസം തകര്‍ക്കുന്നതാണ് അതിന് ശേഷം നടന്ന പാര്‍ലിമെന്റ് ഉപതിരഞ്ഞെടുപ്പുകള്‍. ഭരിക്കാനുള്ള കേവല ഭൂരിപക്ഷം 272 ആണെന്നിരിക്കെ 282 സീറ്റുകളാണ് അന്ന് ബി ജെ പി ഒറ്റക്ക് നേടിയത്. അതാണ് 2018 മെയ് 31ല്‍ എത്തുമ്പോള്‍ 272 (സ്പീക്കര്‍ ഉള്‍പ്പെടില്ല) ആയി ചുരുങ്ങിയത്.

രത്‌ലം (മധ്യപ്രദേശ്), ഗുരുദാസ്പൂര്‍ (പഞ്ചാബ്), ആള്‍വാര്‍, അജ്മീര്‍ (രാജസ്ഥാന്‍), ഫൂല്‍പൂര്‍, ഗുരുദാസ്പൂര്‍, കൈരാന (ഉത്തര്‍ പ്രദേശ്), അരാരിയ (ബിഹാര്‍) എന്നീ ലോക്‌സഭാ സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പ് പരാജയമാണ് ബി ജെ പിക്ക് തിരിച്ചടിയായത്. കര്‍ണാടകയില്‍ നിന്നുള്ള ബി ജെ പി. എം പിമാരായ ബി എസ് യെദ്യൂരപ്പയും ബി ശ്രീരാമലുവും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ പാര്‍ലിമെന്റ് അംഗത്വം രാജിവെച്ചതോടെ ഈ ഇടിവ് പത്തായി വര്‍ധിച്ചു. ബി ജെ പിയില്‍ നിന്നുള്ള ഒരംഗം (സുമിത്ര മഹാജന്‍) സ്പീക്കറായതിനാല്‍ അംഗബലത്തില്‍ കൂട്ടാന്‍ സാധിക്കുകയില്ല.

പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന എം പിമാരായ ശത്രുഘ്‌നന്‍ സിന്‍ഹയെയും കീര്‍ത്തി ആസാദിനെയും കൂടി തട്ടിക്കിഴിക്കുമ്പോള്‍ ബി ജെ പിക്ക് യഥാര്‍ഥത്തില്‍ 270 അംഗങ്ങള്‍ മാത്രമാണ് സ്വന്തമായുള്ളത്. അതായത് കേവല ഭൂരിപക്ഷത്തിലും താഴെ. 12 സഖ്യകക്ഷികളുമായി ചേര്‍ന്നുള്ള എന്‍ ഡി എയാണ് സര്‍ക്കാര്‍ രൂപവത്കരിച്ചത് എന്നതിനാല്‍ ഭരണത്തിന് ഭീഷണിയില്ല. പക്ഷേ, ചോര്‍ന്ന് പോകുന്നത് ബി ജെ പിയുടെ ആത്മവിശ്വാസമാണ്. 18 സീറ്റുകളുള്ള ശിവസേന ഇടഞ്ഞുനില്‍ക്കുന്നത് എന്‍ ഡി എ സംവിധാനത്തിലും വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്.