ലോകത്തെ പകുതിയോളം കുട്ടികള്‍ അരക്ഷിതാവസ്ഥയില്‍: പഠനം

Posted on: June 1, 2018 6:06 am | Last updated: May 31, 2018 at 11:00 pm
SHARE

പാരീസ്: ലോകത്തെ പകുതിയോളം കുട്ടികള്‍ സംഘര്‍ഷങ്ങളുടെയും ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും വിവേചനങ്ങളുടെയും ഇരകളാണെന്ന് ബ്രിട്ടന്‍ ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടന സേവ് ദി ചില്‍ഡ്രന്റെ റിപ്പോര്‍ട്ട്. ബുധനാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിവരിക്കുന്നത്. 1.2 ബില്യന്‍ കുട്ടികള്‍ ആഗോളതലത്തില്‍ ഈ ഭീഷണികളില്‍ ഏതെങ്കിലും ഒന്ന് നേരിട്ടുകൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം, സംഘര്‍ഷവും ദാരിദ്ര്യവും വിവേചനവും ഒപ്പം നേരിടേണ്ടിവരുന്ന കുട്ടികളുടെ എണ്ണം 153 മില്യനാണ്. അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഡേക്ക് മുന്നോടിയായാണ് സന്നദ്ധ സംഘം പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

2030ഓടെ ലോകത്തെ എല്ലാ കുട്ടികളും സുരക്ഷിതരും പഠിക്കുന്നവരും അതിജീവനത്തിന് ശേഷിയുള്ളവരും ആയിരിക്കണമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ആവശ്യം. ഒരു ബില്യന്‍ കുട്ടികള്‍ ദാരിദ്ര്യം പടര്‍ന്നുപിടിച്ച രാജ്യങ്ങളിലാണ് ജീവിച്ചു കൊണ്ടിരിക്കുന്നത്. സംഘര്‍ഷം വ്യാപകമായ രാജ്യങ്ങളില്‍ ജീവിക്കുന്ന കുട്ടികളുടെ എണ്ണം 240 മില്യന്‍ കവിയും. അതേസമയം, ലോകത്താകെ 575 മില്യന്‍ പെണ്‍കുട്ടികള്‍ ലിംഗവിവേചനത്തിന് വിധേയമാകുന്നതായും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here