2011ല്‍ ഇറാനെ ആക്രമിക്കാന്‍ ഇസ്‌റാഈല്‍ ഉദ്ദേശിച്ചിരുന്നതായി വെളിപ്പെടുത്തല്‍

Posted on: June 1, 2018 6:06 am | Last updated: May 31, 2018 at 10:40 pm
SHARE

ജറൂസലം: 2011ല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ ഇസ്‌റാഈല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവ് നല്‍കിയിരുന്നതായി ഇസ്‌റാഈല്‍ രഹസ്യാന്വേഷണ സംഘടന മൊസാദിന്റെ മുന്‍ മേധാവി താമിര്‍ പാര്‍ദോ വെളിപ്പെടുത്തി. പതിനഞ്ച് ദിവസത്തിനുള്ളില്‍ ആക്രമണം നടത്താനായിരുന്നു അന്നത്തെ ഉദ്ദേശ്യമെന്നും ഒരു ടിവി ഷോക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. വെളിപ്പെടുത്തല്‍ സംബന്ധിച്ച് നെതന്യാഹുവിന്റെ ഓഫീസ് ഒന്നും പ്രതികരിച്ചിട്ടില്ല. 2011ല്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ പ്രതിരോധ മന്ത്രിയായിരുന്ന യഹൂദ് ബറാകും സമാനമായ വെളിപ്പെടുത്തല്‍ മുമ്പ് നടത്തിയിരുന്നു. 2010ലും 2011ലും ഇറാനില്‍ ബോംബിടണമെന്ന് നെതന്യാഹു ഉത്തരവിട്ടതായി യഹൂദ് ബറാക് വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുതിര്‍ന്ന ഇസ്‌റാഈല്‍ ഉദ്യോഗസ്ഥര്‍ ഇതിനെ എതിര്‍ത്തതിനാലാണ് ഇത് സംഭവിക്കാതിരുന്നതെന്നും അന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

നെതന്യാഹുവിന്റെ ഉത്തരവ് വന്ന ശേഷം മൊസാദിന്റെ നിയമവിദഗ്ധരുമായി ഇക്കാര്യം ചര്‍ച്ച നടത്തിയെന്ന് വ്യക്തമാക്കിയ താമിര്‍ പാര്‍ദോ, എന്നാല്‍ പിന്നീട് എന്ത് സംഭവിച്ചുവെന്ന് അഭിമുഖത്തില്‍ വ്യക്തമാക്കിയില്ല. ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നു എന്ന ഭയം ഏറ്റവും കൂടുതല്‍ വേട്ടയാടുന്ന രാജ്യങ്ങളിലൊന്നാണ് ഇസ്‌റാഈല്‍. അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മേല്‍ 2015ലെ ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്മാറാന്‍ സമ്മര്‍ദം ചെലുത്തിയതും ഇസ്‌റാഈലായിരുന്നു.