Connect with us

International

കിം യോംഗ് ചോള്‍ യു എസ് വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കയിലെത്തിയ ഉത്തര കൊറിയയുടെ മുതിര്‍ന്ന നേതാവും മുന്‍ രഹസ്യാന്വേഷണ മേധാവിയുമായിരുന്ന കിം യോംഗ് ചോള്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും മാന്‍ഹാട്ടനിലെ ഒരു സ്വകാര്യ കേന്ദ്രത്തില്‍ വെച്ച് 90 മിനിറ്റ് പരസ്പരം കൂടിക്കാഴ്ച നടത്തിയതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. അടുത്ത മാസം 12ന് സിംഗപ്പൂരില്‍ വെച്ച് നടക്കാനിരിക്കുന്ന ട്രംപ്- ഉന്‍ കൂടിക്കാഴ്ചയുടെ മുന്നോടിയായാണ് കിം യോംഗ് ചോള്‍ അമേരിക്കയിലെത്തിയത്. ഇതിന് മുമ്പ് അദ്ദേഹം ബീജിംഗിലെത്തി ചൈനീസ് നേതാക്കളുമായി സംസാരിച്ചിരുന്നു. ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നിന്റെ ഏറ്റവും വിശ്വസ്തനായ ആളായി അറിയപ്പെടുന്ന വ്യക്തിയാണ് കിം യോംഗ് ചോള്‍.

അതേസമയം, ഇരുവരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച് വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇന്നലെ വൈകിട്ട് വീണ്ടും രണ്ട് കൂടിക്കാഴ്ച ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കിം യോംഗ് ചോളുമായി നല്ല ഡിന്നറായിരുന്നുവെന്ന് മാത്രമാണ് മൈക് പോംപിയോ ഇതുസംബന്ധിച്ച് ട്വിറ്ററില്‍ പ്രതികരിച്ചത്.

ഉത്തര കൊറിയ ആണവായുധങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കുക എന്ന ലക്ഷ്യത്തിലാണ് അമേരിക്ക ഇപ്പോള്‍ ചര്‍ച്ചകള്‍ക്കൊരുങ്ങിയിരിക്കുന്നത്. ആണവായുധങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നില്ലെങ്കില്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറുമെന്നും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതിനിടെ, ചര്‍ച്ചകള്‍ക്കായി ഉത്തര കൊറിയയിലെത്തിയ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് കിം ജോംഗ് ഉന്നുമായി കൂടിക്കാഴ്ച നടത്തി. ആണവനിരായുധീകരണം ഒറ്റയടിക്ക് സംഭവിക്കുന്നതല്ലെന്നും മറിച്ച് ഘട്ടംഘട്ടമായാണ് അത് ഉണ്ടാവുകയെന്നും ലാവ്‌റോവ് പറഞ്ഞു. ആണവനിരായുധീകരണം സംഭവിച്ചാല്‍ എല്ലാ സാമ്പത്തിക ഉപരോധങ്ങളും പിന്‍വലിക്കുമെന്നും അദ്ദേഹം ഉത്തര കൊറിയക്ക് ഉറപ്പ് നല്‍കി.