കുര്‍ദുകള്‍ക്കെതിരെ സൈനിക ശക്തി ഉപയോഗിക്കും: യു എസിന് സിറിയയുടെ മുന്നറിയിപ്പ്

Posted on: June 1, 2018 6:01 am | Last updated: May 31, 2018 at 10:25 pm
SHARE

ദമസ്‌കസ്: ഇറാഖില്‍ നിന്ന് അമേരിക്ക പാഠം പഠിക്കണമെന്നും സിറിയയില്‍ നിന്ന് ഉടന്‍ സൈന്യത്തെ പിന്‍വലിക്കണമെന്നും അമേരിക്കക്ക് സിറിയയുടെ മുന്നറിയിപ്പ്. റഷ്യയിലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍അസദ് വ്യക്തമായ മുന്നറിയിപ്പ് നല്‍കി രംഗത്തെത്തിയത്. യു എസ് പിന്തുണയോടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കുര്‍ദുകള്‍ രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗം കൈയടക്കി വെച്ചിരിക്കുകയാണെന്നും ഇവരില്‍ നിന്ന് ഈ പ്രദേശങ്ങള്‍ മോചിപ്പിക്കാന്‍ സൈന്യത്തെ ഉപയോഗിക്കുന്നതിന് മടിക്കില്ലെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. കുര്‍ദുകള്‍ നേതൃത്വം നല്‍കുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സാണ് ഏക പ്രശ്‌നമായി നില്‍ക്കുന്നത്. രണ്ട് രീതിയില്‍ ഈ സംഘവുമായി ഇടപെടേണ്ടിവരും. ആദ്യത്തേത് ചര്‍ച്ചകളുടെ വാതിലുകള്‍ ഇവര്‍ക്ക് മുന്നില്‍ തുറന്നിടുക എന്നതാണ്. കാരണം അവരില്‍ ഭൂരിഭാഗവും സിറിയക്കാരാണ്. അവര്‍ അവരുടെ രാജ്യത്തെ സ്‌നേഹിക്കുന്നവരാണ്. ഏതെങ്കിലും വിദേശികളുടെ പട്ടിക്കുഞ്ഞുങ്ങളായി നില്‍ക്കാന്‍ അവര്‍ താത്പര്യപ്പെടുന്നില്ല. ഇതിന് സാധ്യതയില്ലെങ്കില്‍ രണ്ടാമത്തെ മാര്‍ഗം ആലോചിക്കും. സൈന്യത്തെ ഉപയോഗിച്ച് അവരെ നേരിടുക മാത്രമാണ് പിന്നെയുള്ള മാര്‍ഗം. അവരുടെ നിയന്ത്രണത്തില്‍ നിന്ന് രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗം സ്വതന്ത്രമാക്കുക എന്നത് തങ്ങളുടെ കടമയാണ്. അതുപോലെ അമേരിക്കന്‍ സൈന്യം രാജ്യം വിടുക എന്നതും അനിവാര്യമാണ്. വേറെ എവിടെ വേണമെങ്കിലും അവര്‍ക്ക് പോകാമെന്നും അസദ് കൂട്ടിച്ചേര്‍ത്തു.

അമേരിക്കക്കാര്‍ ഇറാഖിലേക്ക് വന്നത് എന്തെങ്കിലും നിയമപ രമായ പിന്തുണയോടെ ആയിരുന്നില്ല. ഇപ്പോള്‍ അവര്‍ക്കെന്ത് സംഭവിച്ചുവെന്ന് ആലോചിക്കണം. സിറിയയും ഇതില്‍ നിന്ന് വിഭിന്നമല്ല. ഇനിയും ഈ പ്രദേശങ്ങളില്‍ വിദേശികളുടെ സാന്നിധ്യം സിറിയന്‍ ജനത സഹിക്കില്ലെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സും റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സൈന്യവും വ്യത്യസ്ത നിലയില്‍ ഇസില്‍ ഭീകരവാദികള്‍ക്കെതിരെ ഇപ്പോള്‍ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. സിറിയയെ ചൊല്ലി അമേരിക്കയും റഷ്യയും ഏറ്റുമുട്ടാനൊരുങ്ങിയതായിരുന്നു. ഭാഗ്യവശാല്‍, റഷ്യയുടെ ഇടപെടല്‍ മൂലം അത് സംഭവിച്ചില്ലെന്നും അസദ് വ്യക്തമാക്കി.

അടുത്തിടെ അസദിനെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ‘അനിമല്‍ അസദ്’ എന്ന് വിളിച്ചിരുന്നു. ഇതിനോട് പ്രതികരിക്കവെ, താങ്കള്‍ എന്താണോ പറഞ്ഞത് അത് താങ്കളിലുണ്ടെന്നും ട്രംപിന് അസദ് മറുപടി നല്‍കി.