Connect with us

Articles

'പട്ടിയും പൂച്ചയും' ഒരുമിക്കുമ്പോള്‍

Published

|

Last Updated

“മോദി വെള്ളപ്പൊക്കത്തെ ഭയന്ന് കീരിയും പാമ്പും പട്ടിയും പൂച്ചയും ഒരുമിക്കുകയാണ്, തിരഞ്ഞെടുപ്പിനെ നേരിടാന്‍. ഞങ്ങള്‍ക്കതിനെ ഭയമില്ല. പ്രതിപക്ഷ ഐക്യം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരാഘാതവും ഉണ്ടാക്കില്ല” – ബി ജെ പിയുടെ അഖിലേന്ത്യ പ്രസിഡന്റ് അമിത് ഷാ അടുത്തിടെ പറഞ്ഞതാണിത്. കീരി, പാമ്പ്, പട്ടി, പൂച്ച തുടങ്ങിയ വിശേഷണങ്ങള്‍ക്ക് പിന്നീട് അദ്ദേഹം ഔപചാരികമായി ക്ഷമ ചോദിച്ചു. ആര്‍ക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന്. പാമ്പും കീരിയും പട്ടിയും പൂച്ചയുമൊക്കെ ഈ ഭൂമിയുടെ അവകാശികളാണെന്ന് അമിത് ഷായ്ക്കും (സംഘത്തിനും) ഇപ്പോള്‍ മനസ്സിലായിട്ടുണ്ടാകുമോ? വഴിയില്ല. വര്‍ഗീയ വിഷം വമിപ്പിച്ച് ഹിന്ദുത്വവാദികളല്ലാത്ത ചരാചരങ്ങളെയാകെ ഇല്ലാതാക്കാന്‍ തുനിഞ്ഞിറങ്ങുന്നവര്‍ക്ക് അത് മനസ്സിലാകില്ല തന്നെ.

നരേന്ദ്ര മോദിയെന്ന ഊതിവീര്‍പ്പിച്ച വ്യക്തിത്വത്തിന്റെ ബലത്തിലും ഗുജറാത്ത് വംശഹത്യാശ്രമത്തിന് അധ്യക്ഷതവഹിച്ചയാളെന്ന ആരോപണം പോലും പ്രചാരണായുധമായി വിനിയോഗിക്കുന്നതില്‍ വിജയിച്ചതിന്റെ അടിസ്ഥാനത്തിലും 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി നേടിയ വിജയം നല്‍കിയ ഉത്തേജനം 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പ്രതിഫലിച്ചിരുന്നു. നേമത്ത് ഒ രാജഗോപാല്‍ നേടിയ വിജയവും ചെങ്ങന്നൂരില്‍ പി എസ് ശ്രീധരന്‍ പിള്ള നേടിയ 42,000ത്തിലധികം വോട്ടുകളും അതിന്റെ ഫലമായിരുന്നു. ഇക്കുറി ചെങ്ങന്നൂരില്‍ പോളിംഗ് ശതമാനം 1.9 ശതമാനം വര്‍ധിച്ചപ്പോള്‍ ശ്രീധരന്‍ പിള്ളക്ക് വോട്ട് കുറഞ്ഞു. കേരളത്തെ സംബന്ധിച്ച് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ഫലം പ്രധാനമാണ്. പക്ഷേ, അതിനേക്കാള്‍ പ്രധാനം രാജ്യത്ത് വിവിധയിടങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളിലെ ഫലമാണ്. ഈ വര്‍ഷം അവസാനത്തില്‍ നടക്കാനിരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കും വിരല്‍ ചൂണ്ടുന്നുവെന്നതാണ് ഈ ഫലങ്ങളുടെ പ്രത്യേകത.

2014ലെ തിരഞ്ഞെടുപ്പില്‍ ലോക്‌സഭയില്‍ ബി ജെ പിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമ്പോള്‍ രാജ്യത്താകെ അവര്‍ക്ക് ലഭിച്ചത്, ആകെ പോള്‍ ചെയ്ത വോട്ടിന്റെ 31 ശതമാനം മാത്രമായിരുന്നു. ബാക്കി 69 ശതമാനം വോട്ട് കരസ്ഥമാക്കിയ പാര്‍ട്ടികള്‍ ഒരിക്കലും യോജിച്ച് നില്‍ക്കില്ലെന്ന തികഞ്ഞ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പിന്നീടങ്ങോട്ട് നടന്ന തിരഞ്ഞെടുപ്പുകളെയൊക്കെ ബി ജെ പി നേരിട്ടത്. ബിഹാറിലൊഴികെ മറ്റിടങ്ങളിലെല്ലാം (ഡല്‍ഹിയില്‍ എ എ പിയും പഞ്ചാബില്‍ കോണ്‍ഗ്രസും വിജയിച്ചത് ഒറ്റക്കാണ്) അവരുടെ കണക്കുകൂട്ടലുകള്‍ ഏറെക്കുറെ വിജയിച്ചു. ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യത്തില്‍ മത്സരിച്ചിട്ടും ബി ജെ പി വലിയ വിജയം നേടുന്നതിനെ തടയാന്‍ സാധിച്ചില്ല. അത്തരം സാഹചര്യങ്ങളില്‍ നിന്നുള്ള മാറ്റത്തിന് സാക്ഷിയാവുകയാണ് ഇന്ത്യന്‍ യൂണിയന്‍. ഒറ്റക്കൊറ്റക്ക് മത്സരിച്ച് ബി ജെ പിക്ക് വിജയമൊരുക്കുന്നത്, സ്വന്തം സ്വാധീനം ഇല്ലാതാക്കുക മാത്രമേയുള്ളൂവെന്ന് ഏതാണ്ടെല്ലാ പാര്‍ട്ടികളും ഏറെക്കുറെ തിരിച്ചറിഞ്ഞിരിക്കുന്നു. ബി ജെ പിയുമായി സഖ്യമുണ്ടാക്കുന്നത്, സ്വയം അവര്‍ക്കുള്ള വളമായി മാറാന്‍ മാത്രമേ സഹായിക്കൂവെന്ന് മറ്റ് ചിലരും മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു.

ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ വലിയ തോല്‍വിക്ക് ശേഷം, സമാജ് വാദി പാര്‍ട്ടിയും (എസ് പി) ബഹുജന്‍ സമാജ് പാര്‍ട്ടിയു (ബി എസ് പി) മാണ് പ്രതിപക്ഷഐക്യത്തിന് അടിത്തറയിട്ടത്. ഉപതിരഞ്ഞെടുപ്പുകളില്‍ മത്സരിക്കേണ്ടെന്ന തീരുമാനം മുമ്പ് തന്നെ എടുത്തിട്ടുള്ള ബി എസ് പി, ഉപതിരഞ്ഞെടുപ്പ് നടന്ന ഗോരഖ്പൂരിലും ഫൂല്‍പൂരിലും സമാജ്‌വാദി പാര്‍ട്ടിയെ പിന്തുണക്കാന്‍ തീരുമാനിച്ചു. അങ്ങനെ തീരുമാനിക്കുമ്പോഴും അതെത്രത്തോളം പ്രായോഗികമാകും, ദീര്‍ഘകാലമായി ശത്രുസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്ക് വേണ്ടി ബി എസ് പി അണികള്‍ പ്രവര്‍ത്തിക്കുമോ വോട്ട് ചെയ്യുമോ എന്നൊക്കെയുള്ള സംശയങ്ങള്‍ അന്നുയര്‍ന്നിരുന്നു. ഇതിനെയൊക്കെ അപ്രസക്തമാക്കും വിധത്തിലാണ് രണ്ട് മണ്ഡലങ്ങളിലും ബി എസ് പിയുടെ നേതാക്കളും പ്രവര്‍ത്തകരും എസ് പി സ്ഥാനാര്‍ത്ഥിയുടെ ജയത്തിനായി യത്‌നിച്ചത്. രണ്ടിടത്തും ബി ജെ പി പരാജയപ്പെടുകയും ചെയ്തു. പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് ഇപ്പോള്‍ വാചാലരാകുന്ന കോണ്‍ഗ്രസ് രണ്ടിടത്തും മത്സരിക്കുകയും കെട്ടിവെച്ച കാശ് നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു.

ഗോരഖ്പൂരിലും ഫൂല്‍പൂരിലും നേടിയ വിജയമാണ് ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടന്ന കൈരാന ലോക് സഭാ മണ്ഡലത്തിലും നൂര്‍പുര്‍ നിയമസഭാ മണ്ഡലത്തിലും ബി ജെ പിയെ ഒറ്റക്കെട്ടായി നേരിടാന്‍ എസ് പി – ബി എസ് പി സഖ്യത്തെ പ്രേരിപ്പിച്ചത്. അതിലേക്ക് അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്ദളിനെക്കൂടി കൊണ്ടുവരുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. കൈരാന മണ്ഡലം ആര്‍ എല്‍ ഡിക്ക് നല്‍കി, അവരെ വിശ്വാസത്തിലെടുക്കാന്‍ എസ് പി നേതാവ് അഖിലേഷ് യാദവ് മുന്‍കൈ എടുക്കുകയും ചെയ്തു. അവിടെ വിജയിച്ച തബാസും ബീഗം, സമാജ്‌വാദി പാര്‍ട്ടിയുടെ നേതാവായിരുന്നു. ആര്‍ എല്‍ ഡി ചിഹ്നത്തില്‍ മത്സരിക്കാന്‍ അവര്‍ക്കോ, തങ്ങളുടെ ചിഹ്നത്തില്‍ അവരെ മത്സരിപ്പിക്കാന്‍ ആര്‍ എല്‍ ഡിക്കോ മടിയുണ്ടായിരുന്നില്ല. ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലമാക്കുന്ന, ഭരണഘടന വാഗ്ദാനംചെയ്യുന്ന മതനിരപേക്ഷ ജനാധിപത്യത്തെ ഇല്ലാതാക്കുന്ന, വെറുപ്പിന്റെ വിത്തുവിതക്കുന്ന സംഘ്പരിവാര്‍ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ അവര്‍ക്ക് പ്രധാനമായുണ്ടായിരുന്നുള്ളൂ. ആ വികാരം, നേതാക്കളേക്കാള്‍ ആര്‍ജവത്തോടെ ആ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍, മതനിരപേക്ഷ ജനാധിപത്യം നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്ന സാധാരണജനങ്ങള്‍ ഏറ്റെടുത്തുവെന്നതിന്റെ തെളിവാണ് രണ്ടിടത്തെയും ഫലങ്ങള്‍.

2013ല്‍ “ലവ് ജിഹാദെ”ന്ന വ്യാജം പ്രചരിപ്പിച്ച് മുസഫര്‍ നഗറില്‍ വര്‍ഗീയ കലാപം സൃഷ്ടിച്ചത്, 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാന്‍ ബി ജെ പിയെ സഹായിച്ചിരുന്നു. ചരണ്‍ സിംഗിനും മകന്‍ അജിത് സിംഗിനുമൊപ്പം അടിയുറച്ചുനിന്ന ജാട്ട് വിഭാഗങ്ങളെ അടര്‍ത്തിയെടുക്കുകയും മുസ്‌ലിം – ജാട്ട് ഐക്യം പിളര്‍ത്തുകയുമാണ് ആ വര്‍ഗീയ കലാപത്തിലൂടെ സംഘ്പരിവാരം ചെയ്തത്. അതില്‍ നിന്നൊരു തിരിച്ചുവരവിന് കളമൊരുക്കുക കൂടിയാണ് എസ് പി – ബി എസ് പി – ആര്‍ എല്‍ ഡി സഖ്യം കൈരാനയില്‍ നേടിയ വിജയത്തിലൂടെ സംഭവിക്കുന്നത്. പ്രതിപക്ഷഐക്യത്തിന്റെ വിജയത്തിനൊപ്പം പ്രധാനമാണ് ഇതും.

ബി ജെ പിയെ പരാജയപ്പെടുത്താന്‍ രൂപവത്കരിച്ച മഹാസഖ്യത്തെ പാതിയില്‍ ഉപേക്ഷിച്ച്, ജെ ഡി (യു) യെ സംഘപാളയത്തിലെത്തിച്ചു നിതീഷ് കുമാര്‍. അതിന് ശേഷം ബിഹാറിലെ അറാറിയ ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി – ജെ ഡി (യു) സഖ്യത്തെ പരാജയപ്പെടുത്തി ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ (ആര്‍ ജെ ഡി) – കോണ്‍ഗ്രസ് സഖ്യം, ഇക്കുറി ജോകിഹാട്ട് നിയമസഭാ മണ്ഡലം മുപ്പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജെ ഡി (യു) യില്‍ നിന്ന് പിടിച്ചെടുത്ത് മതനിരപേക്ഷ ജനാധിപത്യ സഖ്യത്തിന്റെ കരുത്ത് വീണ്ടും തെളിയിച്ചു. രാജ്യത്തിനി നരേന്ദ്ര മോദിയേ നേതാവായുള്ളൂവെന്ന് കരുതി, സംഘ്പാളയത്തിലേക്ക് തിരികെപ്പോയ നിതീഷ് കുമാറിന് സ്വന്തം വിഡ്ഢിത്തം ബോധ്യപ്പെട്ടുതുടങ്ങിയിട്ടുണ്ടാകണം. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് നിരോധിച്ച നരേന്ദ്ര മോദിയുടെ നടപടിയെ അക്കാലത്ത് മുക്തകണ്ഠം പ്രശംസിച്ചിരുന്ന നിതീഷ് കുമാര്‍, ഇപ്പോള്‍ അതിനെ വിമര്‍ശിച്ച് തുടങ്ങുന്നത് ആ ബോധ്യപ്പെടലിന്റെ അടിസ്ഥാനത്തിലാകണം. നിതീഷ് കുമാറിനെ ഇനി ആരെങ്കിലും വിശ്വസിക്കുമോ എന്ന് സംശയം. നിലവില്‍ ജെ ഡി (യു)ക്കൊപ്പം നില്‍ക്കുന്ന നേതാക്കളിലും പ്രവര്‍ത്തകരിലും ഈ സംശയം ബലപ്പെടാന്‍ ജോകിഹാട്ടിലെ ഫലം കാരണമായേക്കും. അങ്ങനെ വന്നാല്‍ അത് ആര്‍ ജെ ഡി – കോണ്‍ഗ്രസ് സഖ്യത്തിന് കരുത്തേറ്റും.

മഹാരാഷ്ട്രയിലെ ഭണ്ഡാര ഗോണ്ടിയ മണ്ഡലം ബി ജെ പിയില്‍ നിന്ന് കോണ്‍ഗ്രസ് – എന്‍ സി പി സഖ്യം പിടിച്ചെടുത്തു. ഇവിടെ ശിവസേന മത്സരിച്ചിരുന്നില്ല. ഏറെക്കാലത്തിന് ശേഷമാണ് കോണ്‍ഗ്രസും എന്‍ സി പിയും ഇത്രയും യോജിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ശിവസേന മത്സരിച്ചില്ല എന്നതിനേക്കാള്‍ കോണ്‍ഗ്രസ് – എന്‍ സി പി സഖ്യത്തിന്റെ ദൃഢതയാണ് ഭണ്ഡാര ഗോണ്ടിയയില്‍ ബി ജെ പിയെ പരാജയപ്പെടുത്തുന്നതില്‍ പ്രധാനമായത്. പല്‍ഘര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ നേടിയ വിജയം ബി ജെ പിക്ക് ആശ്വാസമേകുന്നുണ്ട്. പക്ഷേ അവിടെ ശിവസേനക്കും ബഹുജന്‍ വികാസ് അഗാദി പാര്‍ട്ടിക്കും കോണ്‍ഗ്രസിനുമിടയില്‍ വോട്ടുകള്‍ ഭിന്നിച്ചതുകൊണ്ടു മാത്രമാണ് ഈ ആശ്വാസമെന്നത് പ്രത്യേകം ഓര്‍ക്കണം. നാല് ലോക്‌സഭാ മണ്ഡലങ്ങളിലും പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബി ജെ പിക്ക് ആധികാരികമായി വിജയം അവകാശപ്പെടാന്‍ സാധിക്കുക ഉത്തരാഖണ്ഡിലെ തരാലിയില്‍ മാത്രമാണ്. പഞ്ചാബില്‍ ബി ജെ പിയുടെ സഖ്യകക്ഷിയായ ശിരോമണി അകാലിദളിന് ഷാക്കോട്ടില്‍ അവരുടെ സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസിനോട് പരാജയപ്പെടേണ്ടിവന്നതും ശ്രദ്ധേയമാണ്. കേന്ദ്ര ഭരണം കൈയാളുന്ന ബി ജെ പിയുടെ നയങ്ങള്‍ അവരുമായി കൈകോര്‍ക്കുന്നവരുടെ കൂടി ജനപ്രിയത നഷ്ടമാക്കുന്നുവെന്ന് വേണമെങ്കില്‍ പറയാം. കേന്ദ്ര നയങ്ങള്‍ കര്‍ഷകര്‍, തൊഴിലാളികള്‍, അസംഘടിത മേഖലയിലെ ജനവിഭാഗങ്ങള്‍ എന്നിവരെയൊക്കെ ഏറെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇന്ധന വില കുത്തനെ ഉയരുന്നത് സൃഷ്ടിക്കുന്ന വിലക്കയറ്റവും ജനത്തെ വലയ്ക്കുന്നു. അതിന്റെയൊക്കെ പ്രതികാരമാകാം ശിരോമണി അകാലിദളിനോട് ഷാക്കോട്ടിലെ ജനങ്ങള്‍ തീര്‍ത്തത്. ബി ജെ പിയോടൊപ്പം നില്‍ക്കുന്നത് സ്വന്തം അസ്തിത്വം ഇല്ലാതാക്കുമെന്ന് ആന്ധ്രാ പ്രദേശിലെ തെലുഗു ദേശം പാര്‍ട്ടി തിരിച്ചറിഞ്ഞതുപോലെ ശിരോമണി അകാലിദളും വൈകാതെ തിരിച്ചറിഞ്ഞേക്കാമെന്ന് ചുരുക്കം.

പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പൊതുവില്‍ ആവേശം പകരുന്നതാണ് ഉപതിരഞ്ഞെടുപ്പിന്റെ ഫലം. മതനിരപേക്ഷ പാര്‍ട്ടികളുടെ ഐക്യത്തെ അത് കുറേക്കൂടി ബലപ്പെടുത്തിയേക്കും. കര്‍ണാടകയില്‍ ജനതാദളി(എസ്)ന് പിന്തുണ നല്‍കിക്കൊണ്ട് ബി ജെ പിയെ അധികാരത്തിന് പുറത്തിരുത്താന്‍ മുന്‍കൈ എടുത്തതിലൂടെ, ദേശീയ പാര്‍ട്ടിക്കാണ് എപ്പോഴും നേതൃത്വമെന്ന അഹങ്കാരം ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന സന്ദേശം കോണ്‍ഗ്രസ് നല്‍കിയിരുന്നു. താന്താങ്ങളുടെ വലുപ്പത്തെക്കുറിച്ചുള്ള ചിന്ത ഉപേക്ഷിച്ച് മതനിരപേക്ഷ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഒന്നിച്ചുനില്‍ക്കാമെന്ന് ആവര്‍ത്തിച്ച് പറയുകയാണ് എസ് പിയും ബി എസ് പിയും ആര്‍ എല്‍ ഡിയും ആര്‍ ജെ ഡിയും എന്‍ സി പിയുമൊക്കെ. പ്രതിപക്ഷ ഐക്യമൊരു വെള്ളപ്പൊക്കമല്ല, അതൊരു ഒഴുക്കാണ്. അഴുക്ക് തുടച്ചു നീക്കുന്ന, വിഷത്തെ ഒഴുക്കിക്കളയുന്ന ഒന്ന്. അവകാശികള്‍ക്കെല്ലാമായി ഇന്ത്യന്‍ യൂണിയനെ തിരികെ നല്‍കാനുള്ള ഗംഗാ പ്രവാഹം. പണ്ട് ഭഗീരഥന്‍ നടത്തിയതുപോലൊരു പ്രയത്‌നം ആ ഒഴുക്കിന് ആവശ്യമുണ്ട്. ആ പ്രയത്‌നത്തിന് തയ്യാറെന്ന് ഈ പാര്‍ട്ടികള്‍ പറയുന്നു. അതിലവര്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രതീക്ഷിക്കാം. ആ പ്രയത്‌നത്തിന് വിഘാതം സൃഷ്ടിക്കാന്‍, ഐക്യത്തിന് ഭംഗമുണ്ടാക്കാന്‍ അവരെത്തുമെന്നുറപ്പ്. അതിനവര്‍ കലാപങ്ങള്‍ തന്നെ സൃഷ്ടിക്കുകയും ചെയ്‌തേക്കാം. അതിനെയൊക്കെ അതിജീവിക്കാനുള്ള കരുത്തും ജാഗ്രതയുമാര്‍ജിക്കുക എന്നത് ഈ പാര്‍ട്ടികള്‍ക്ക് മുന്നിലുള്ള ചെറുതല്ലാത്ത വെല്ലുവിളിയാണ്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest