Connect with us

Articles

ഈ ജയം ആധികാരികം

Published

|

Last Updated

ചെങ്ങന്നൂരില്‍ ആധികാരിക വിജയമാണ് ഇടത് മുന്നണി നേടിയിരിക്കുന്നത്. കണക്കുകൂട്ടലുകളെല്ലാം അപ്രസക്തമാക്കിയ ജനവിധി. യു ഡി എഫിന്റെയും ബി ജെ പിയുടെയും നെഞ്ചില്‍ തറക്കുന്ന വിധിയെഴുത്താണിത്. സജി ചെറിയാന്‍ നേടിയ 20,956 വോട്ടിന്റെ ഭൂരിപക്ഷം ഏറെനാള്‍ കോണ്‍ഗ്രസിനെയും ബി ജെ പിയെയും വേട്ടയാടും. യു ഡി എഫിന്റെ ശക്തികേന്ദ്രമായിരുന്നു ചെങ്ങന്നൂര്‍. രണ്ടു പതിറ്റാണ്ട് കാലം യു ഡി എഫിനെ മാത്രം പിന്തുണച്ച മണ്ഡലം. മുനിസിപ്പാലിറ്റിയും ഭൂരിഭാഗം പഞ്ചായത്തുകളും ഭരിക്കുന്നത് യു ഡി എഫ്. ബി ജെ പിക്കും ചെറുതല്ലാത്ത സ്വാധീനം. രാഷ്ട്രീയവും ഭൂമി ശാസ്ത്രപരവുമായ ഈ പ്രത്യേകതകളാണ് ചെങ്ങന്നൂരില്‍ ത്രികോണമത്സരത്തിന്റെ പ്രതീതിയുണ്ടാക്കിയത്. ഫലം വരുമ്പോള്‍ മത്സരം ത്രികോണമല്ല, ഏകപക്ഷീയമായിരുന്നുവെന്ന വിലയിരുത്തലിനാണ് പ്രസക്തി. കാരണം, സജി ചെറിയാന്‍ നേടിയ ഭൂരിപക്ഷം റെക്കോര്‍ഡുകള്‍ ഭേദിച്ചിരിക്കുന്നു.

രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ ഇടത് മുന്നണി സര്‍ക്കാറിന് ജനങ്ങള്‍ നല്‍കുന്ന പിന്തുണയാണ് തിരഞ്ഞെടുപ്പ് ഫലമെന്നതില്‍ തര്‍ക്കമില്ല. വിവാദങ്ങളുടെ മലവെള്ളപാച്ചിലിലും ആധികാരികമായി തന്നെ പിടിച്ച് നില്‍ക്കാന്‍ ഇടത് മുന്നണിക്ക് കഴിഞ്ഞു. ഈ നേട്ടത്തിന്റെ ആദ്യഗുണഭോക്താവ് കേരളം ഭരിക്കുന്ന സര്‍ക്കാറും അതിനെ നയിക്കുന്ന പിണറായി വിജയനുമാണ്. സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം അന്തരീക്ഷത്തില്‍ ശക്തമായിരുന്നിട്ട് കൂടി അഭിമാനിക്കാവുന്ന വിജയമാണ് നേടിയത്. വിജയം വന്ന വഴിയെങ്ങിനെയെന്ന ചോദ്യത്തിന് ഉത്തരങ്ങളേറെയുണ്ട്. അധികാരത്തിലിരിക്കുന്ന മുന്നണിയും പാര്‍ട്ടിയുമെന്ന ആനുകൂല്യം. രണ്ടുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍. എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച സംഘടനാസംവിധാനം. പഴുതടച്ചുള്ള പ്രചാരണം. അടിയൊഴുക്കുകള്‍ അനുകൂലമാക്കാന്‍ നടത്തിയ കരുനീക്കങ്ങള്‍. ഒപ്പം സജി ചെറിയാന്‍ എന്ന സ്ഥാനാര്‍ഥിയുടെ മിടുക്കും. ഇതെല്ലാം ത്രസിപ്പിക്കുന്ന വിജയം ഇടത് മുന്നണിക്ക് സമ്മാനിച്ചു.

എല്ലാപഞ്ചായത്തിലും സജി ചെറിയാന്‍ ലീഡ് നേടി. എതിര്‍ സ്ഥാനാര്‍ഥി വിജയകുമാറിന്റെ ബൂത്തില്‍ പോലും സജിക്ക് മുന്‍തൂക്കം. ചെന്നിത്തലയുടെ സ്വന്തം വാര്‍ഡിലും ഉമ്മന്‍ ചാണ്ടിയുടെ കുടുംബ വീട് നില്‍ക്കുന്ന വള്ളക്കാല്‍ ബൂത്തിലുമെല്ലാം ലീഡ് എല്‍ ഡി എഫിന് തന്നെ. മുന്നണിക്ക് ലഭിച്ച സ്വീകാര്യതക്കൊപ്പം സ്ഥാനാര്‍ഥിയുടെ മിടുക്കും ഈ നേട്ടത്തിന് പിന്നിലുണ്ട്. 2011ലെ തിരഞ്ഞെടുപ്പില്‍ പി സി വിഷ്ണുനാഥിനോട് പരാജയപ്പെട്ട സജി ചെറിയാന്‍ അവിടംകൊണ്ട് അവസാനിപ്പിച്ചില്ല സ്വന്തംതട്ടകത്തിലെ രാഷ്ട്രീയ പ്രവര്‍ത്തനം. 2016ലെ തിരഞ്ഞെടുപ്പില്‍ കെ കെ രാമചന്ദ്രന്‍നായരെ വിജയിപ്പിക്കുന്നതിലും സജിയുടെ നിര്‍ണായക പങ്കുണ്ടായിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപ്പെട്ടതിനൊപ്പം പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പുതിയ മാതൃകകള്‍ സൃഷ്ടിച്ചു.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തന്നെ കോണ്‍ഗ്രസിന് പാളി. 2016ല്‍ ചോര്‍ന്ന് പോയത് ഭൂരിപക്ഷ സമുദായ വോട്ടാണെന്നും അത് തിരിച്ചുപിടിക്കാനുള്ള പോംവഴി ആ സമുദായത്തിലുള്ള എന്‍ എസ് എസിന് കൂടി താത്പര്യമുള്ള ഒരാളെ സ്ഥാനാര്‍ഥിയാക്കുകയാണ് പോംവഴിയെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടി. അങ്ങനെയാണ് കപ്പിനും ചുണ്ടിനുമിടയില്‍ പലവട്ടം സ്ഥാനാര്‍ഥിത്വം നഷ്ടപ്പെട്ട അയ്യപ്പസേവസംഘത്തിന്റെ പ്രസിഡന്റ് കൂടിയായ ഡി വിജയകുമാറിനെ കളത്തിലിറക്കുന്നത്. ശ്രീധരന്‍പിള്ളയിലൂടെ ബി ജെ പിയിലേക്ക് ചോര്‍ന്ന് പോകുന്ന വോട്ടുകള്‍ തടയുകയെന്ന ലക്ഷ്യം കൂടി ഈ നീക്കത്തിന് പിന്നിലുണ്ടായിരുന്നു. എന്നാല്‍, ഇതെല്ലാം അമ്പേപരാജയപ്പെടുകയായിരുന്നു.

സജി ചെറിയാന്റെ വിജയത്തിന് പിന്നില്‍ വര്‍ഗീയതയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ക്രൈസ്തവ സമുദായത്തിന്റെ ധ്രുവീകരണമുണ്ടായെന്നാണ് ഉന്നയിക്കുന്നത്. ഇത് ശരിയാണെന്ന് സമ്മതിച്ചാല്‍ തന്നെ യു ഡി എഫ് അനുകൂല നിലപാട് സ്വീകരിക്കുന്ന ക്രൈസ്തവ വിഭാഗം ഇടത്പക്ഷത്തോട് അടുക്കുന്നുവെന്ന് കോണ്‍ഗ്രസും യു ഡി എഫും അംഗീകരിക്കേണ്ടി വരും. എല്ലാകാലത്തും ന്യൂനപക്ഷ പിന്തുണയാണ് യു ഡി എഫിന്റെ കരുത്തായി വിലയിരുത്താറുള്ളത്. ആ വിഭാഗം ചോര്‍ന്ന് പോകുന്നുവെന്ന് സമ്മതിക്കലാണ് വര്‍ഗീയ കാര്‍ഡ് ആരോപണം.

മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടുതല്‍ ശക്തനാകുന്നുവെന്നതാണ് തിരഞ്ഞെടുപ്പിന്റെ പ്രധാന ബാക്കി പത്രം. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയെ വിമര്‍ശിച്ചവര്‍ക്കും ഭരണം പരാജയമാണെന്ന് സമര്‍ഥിച്ചവര്‍ക്കും ചെങ്ങന്നൂരില്‍ നിന്ന് കൃത്യമായ മറുപടിയുണ്ട്. ഫലം വന്ന ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി തന്നെ ഇക്കാര്യങ്ങളെല്ലാം പരാമര്‍ശിച്ചു.

ഭരണവീഴ്ചകളായി ചൂണ്ടിയതിലേറെയും പോലീസുമായി ബന്ധപ്പെട്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിമര്‍ശങ്ങള്‍ കേന്ദ്രീകരിച്ചത് മുഖ്യമന്ത്രി പിണറായി വിജയനിലും. വരാപ്പുഴ കസ്റ്റഡി മരണവും ഏറ്റവുമൊടുവില്‍ കെവിന്റെ കൊലപാതകത്തിലുമെല്ലാം മുഖ്യമന്ത്രി നന്നായി പഴിക്കേട്ടതാണ്. വിവാദങ്ങളില്‍ കാര്യമില്ലെന്നും സര്‍ക്കാറിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങളും വികസനവും ജനം അംഗീകരിച്ചെന്നും ഇനി എളുപ്പത്തില്‍ സ്ഥാപിക്കാന്‍ ചെങ്ങന്നൂര്‍ സി പി എമ്മിനെ സഹായിക്കും. മന്ത്രിമാരുടെ പ്രവര്‍ത്തനം പോരെന്ന പാര്‍ട്ടിക്കുള്ളിലെ ഉയര്‍ന്ന വിമര്‍ശത്തിന്റെ മുനയൊടിക്കും.

മുന്നണിയില്‍ സി പി എമ്മിന്റെ അപ്രമാദിത്വം നിരന്തരം ചോദ്യം ചെയ്യുന്ന സി പി ഐയെ അടക്കിയിരുത്താനും ഈ ഫലം പാര്‍ട്ടിയെ സഹായിക്കും. കോണ്‍ഗ്രസിനെ സംബന്ധിച്ച് തിരിച്ചടിയുടെ ആഴം വളരെ വലുതാണ്. സാഹചര്യങ്ങള്‍ യു ഡി എഫിന് അനുകൂലമാണെന്ന പ്രതിതീയുണ്ടായിട്ട് പോലും അത് വോട്ടാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. പാര്‍ട്ടിയുടെ താഴെ തട്ടിലെ സംഘടനാസംവിധാനം അമ്പേപരാജയപ്പെട്ടെന്ന് നേതാക്കളെല്ലാം സമ്മതിക്കുന്നു. ബൂത്ത് തലത്തിലെ പ്രവര്‍ത്തനം പൂര്‍ണപരാജയമായിരുന്നുവെന്ന് വിലയിരുത്താതെ തരമില്ല. സ്ലിപ്പ് കൊടുക്കാന്‍ ആളില്ലായിരുന്നുവെന്നും തന്റെ വീട്ടില്‍ പോലും ആരും നോട്ടീസ് എത്തിച്ചില്ലെന്ന് ഫലം വരും മുമ്പെ സ്ഥാനാര്‍ഥി പരാതിപ്പെട്ടു കഴിഞ്ഞു.

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ്, ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് തുടക്കത്തില്‍ പറയാന്‍ സി പി എമ്മിന് പോലും പേടിയുണ്ടായിരുന്നു. ആ ഘട്ടത്തില്‍ യു ഡി എഫ് നേതാക്കളാണ് ഇക്കാര്യം ആദ്യം പറഞ്ഞത്. സര്‍ക്കാറിനൊപ്പം പ്രതിപക്ഷത്തിന്റെ കൂടി വിലയിരുത്തലാകുമെന്നാണ് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. ഫലം വന്നിരിക്കുന്നു. ജനം മാര്‍ക്കിട്ടിരിക്കുന്നത് സര്‍ക്കാറിനാണ്. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തിയില്ലെന്നാണ് ജനവിധി. ഇനി അറിയേണ്ടത് ഇതിന്റെ പ്രതിഫലനം കോണ്‍ഗ്രസിലും യു ഡി എഫിലുമുണ്ടാകുമോയെന്നാണ്.

പ്രതിപക്ഷ നേതൃപദവിയില്‍ മാറ്റം വേണമെന്ന മുറവിളി കോണ്‍ഗ്രസില്‍ ഒരുവേള ഉയര്‍ന്നതാണ്. പ്രവര്‍ത്തനം പോരെന്ന അഭിപ്രായം എം എല്‍ എമാര്‍ തന്നെ പങ്കുവെച്ചു. കോണ്‍ഗ്രസില്‍ ഇതൊന്ന് കൂടി ശക്തമാകാനിടയുണ്ട്. ഉമ്മന്‍ചാണ്ടിയെ എ ഐ സി സി ജനറല്‍സെക്രട്ടറിയാക്കിയതാണ് തടസ്സം. ആന്ധ്രയുടെ ചുമതലയും നല്‍കിയിരിക്കുന്നതിനാല്‍ പ്രതിപക്ഷനേതൃപദവി ഏറ്റെടുക്കാന്‍ നിലവിലെ സാഹചര്യം അനുവദിക്കില്ല. കെ പി സി സിയില്‍ അഴിച്ചുപണി നേരത്തെ തീരുമാനിച്ചതാണ്. ചെങ്ങന്നൂരിന് ശേഷം പുതിയ പ്രസിഡന്റ് വരുമെന്ന് നേരത്തെ പ്രഖ്യാപിച്ചതുമാണ്. ഈ തലത്തിലെ ചര്‍ച്ചക്ക് ഇനി വേഗം കൂടും.

ബി ജെ പിയുടെ സ്ഥിതിയും ദയനീയമാണ്. ത്രിപുര വഴി കേരളവും പിടിക്കുമെന്നായിരുന്നു പ്രചാരണം. ഇതിനായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവിനെ തന്നെ ചെങ്ങന്നൂരിലിറക്കി. കേന്ദ്രമന്ത്രിമാരടക്കം ദേശീയ നേതാക്കള്‍ ചെങ്ങന്നൂരില്‍ തമ്പടിച്ചു. ആര്‍ എസ് എസിന്റെ മുഴുവന്‍ മെഷിനറിയും അവിടെ കേന്ദ്രീകരിച്ചു. ഫലം വന്നപ്പോള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ ഏഴായിരത്തിലധികം വോട്ടിന്റെ കുറവ്. കേരളത്തിന്റെ മതേതര മനസ്സ് ബി ജെ പിയെ തടഞ്ഞ് നിര്‍ത്തുമെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുകയാണ് ചെങ്ങന്നൂര്‍. അടവുകള്‍ പലതും പയറ്റിയിരുന്നു ബി ജെ പി ചെങ്ങന്നൂരില്‍. കേന്ദ്രസര്‍ക്കാറിന്റെ വിവിധ സ്‌കീമുകള്‍ ചെങ്ങന്നൂരില്‍ നേരിട്ടെത്തിച്ചു. കേന്ദ്രമന്ത്രാലയങ്ങള്‍ക്ക് കീഴില്‍ ബി ജെ പി നേരിട്ട് തൊഴില്‍മേളകള്‍ നടത്തി. കേരളത്തെ പരിഗണിക്കുന്നുവെന്ന് വരുത്താന്‍ വി മുരളീധരനെ മഹാരാഷ്ട്ര വഴി രാജ്യസഭയിലെത്തിച്ചു. കുമ്മനത്തിന്റെ ഗവര്‍ണര്‍ പദവി പോലും രാഷ്ട്രീയനേട്ടമായി അവതരിപ്പിക്കാനാണ് ശ്രമിച്ചത്. ഫലം വന്നപ്പോള്‍ ബി ജെ പിയുടെ കണക്കുകളെല്ലാം പിഴച്ചിരിക്കുന്നു.

രണ്ട് ചേരിയായി നില്‍ക്കുന്ന ബി ജെ പി തലപ്പത്തെ പോര് മുറുകാന്‍ ഈ ഫലം വഴിവെക്കുമെന്നുറപ്പ്. കുമ്മനം മിസോറാമില്‍ ചുമതലയേറ്റെങ്കിലും പകരം പ്രസിഡന്റിനെ ഇനിയും നിയോഗിച്ചിട്ടില്ല. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ബി ജെ പിയുടെ സാന്നിധ്യം കേരളത്തില്‍ ശക്തമാകുന്നുവെന്ന പ്രതീതിയാണ് ഉണ്ടാക്കിയിരുന്നത്. ഈ വിലയിരുത്തലിനും തടയിടുകയാണ് ചെങ്ങന്നൂര്‍.

കേരള രാഷ്ട്രീയത്തിലെ കെ എം മാണിയുടെ ഇടം കൂടി ഈ തിരഞ്ഞെടുപ്പ് ഫലം അടയാളപ്പെടുത്തുന്നുണ്ട്. യു ഡി എഫില്‍ നിന്ന് വിട്ടുനിന്ന് എല്‍ ഡി എഫിലേക്ക് ചേക്കേറാനാണ് മാണി ശ്രമിച്ചിരുന്നത്. എല്‍ ഡി എഫിന്റെ വാതില്‍ തുറക്കാതെ വന്നതോടെ ഒടുവില്‍ യു ഡി എഫിനെ പിന്തുണക്കാന്‍ തീരുമാനിച്ചു. ഇനി ഇടത്തേക്കൊരു വരവ് മാണിക്ക് ആലോചിക്കാന്‍ പോലുമാകില്ല. മാണി പിന്തുണച്ചിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോറ്റതോടെ മാണിയുടെ വിലപേശല്‍ ശക്തിയും കുറയും. യു ഡി എഫിന്റെ ഭാഗമാകാന്‍ പുതിയ ഉപാധികള്‍ വെക്കാനൊന്നും ഇനി മാണിക്ക് കഴിയില്ല. മാണിയെ മുന്നണിയിലെത്തിക്കാന്‍ പണിയെടുത്ത ലീഗിനും ഫലം കൈപ്പേറിയതായി.