കിം യോംഗ് ഇന്ന് യു എസ് വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തും

Posted on: May 31, 2018 6:09 am | Last updated: May 31, 2018 at 1:26 pm

ന്യൂയോര്‍ക്ക്: ഉത്തര കൊറിയയുടെ മുന്‍ രഹസ്യാന്വേഷണ മേധാവിയും കിം ജോംഗ് ഉന്നിന്റെ അടുത്ത ആളായും അറിയപ്പെടുന്ന കിം യോംഗ് ചോള്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ട്രംപ്- ഉന്‍ കൂടിക്കാഴ്ചയുടെ മുന്നോടിയായാണ് ഈ ചര്‍ച്ച. കഴിഞ്ഞ ദിവസം കിം യോംഗ് ചോള്‍ ചൈനയിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത മാസം 12ന് നടക്കാനിരിക്കുന്ന ഉന്‍- ട്രംപ് കൂടിക്കാഴ്ചയുടെ മുന്നോടിയായി ഇരു രാജ്യങ്ങളുടെയും ഉന്നത നേതാക്കള്‍ ഉന്നതതല കൂടിക്കാഴ്ച നടത്തിവരികയാണ്. അമേരിക്കയില്‍ നിന്നുള്ള ഉന്നതതല സംഘം ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തര കൊറിയയിലും സന്ദര്‍ശനം നടത്തിയിരുന്നു. കൂടിക്കാഴ്ചയുടെ മുന്നോടിയായി കിം യോംഗ് ചോള്‍ ഇത് മൂന്നാം തവണയാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയുമായി മുഖാമുഖം നടത്തുന്നത്. കഴിഞ്ഞ ചില ആഴ്ചകള്‍ക്കിടെ മൈക് പോംപിയോ രണ്ട് തവണ ഉത്തര കൊറിയയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

അതിനിടെ, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും ഉത്തര കൊറിയയില്‍ സന്ദര്‍ശനം നടത്തും. അദ്ദേഹം ഇന്ന് ഉത്തര കൊറിയയിലേക്ക് തിരിക്കുമെന്നാണ് വിവരം. കൊറിയന്‍ മേഖലയിലെ നിലവിലെ സാഹചര്യങ്ങള്‍ ഉത്തര കൊറിയന്‍ വിദേശകാര്യ നേതാക്കളുമായി അദ്ദേഹം ചര്‍ച്ച ചെയ്യും.

അമേരിക്കയും ഉത്തര കൊറിയയും തമ്മില്‍ മാസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന രൂക്ഷമായ തര്‍ക്കങ്ങള്‍ മേഖലയെ വീണ്ടും യുദ്ധത്തിലേക്ക് തള്ളിവിടുമോയെന്ന് ഭയപ്പെട്ടിരുന്നു. ഇതിനിടയിലാണ്, അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും കൂടിക്കാഴ്ച നടത്താന്‍ തീരുമാനമായത്. എന്നാല്‍ അവിചാരിതമായി ട്രംപ് കൂടിക്കാഴ്ചയില്‍ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ഒരു ദിവസത്തിന് ശേഷം വീണ്ടും അദ്ദേഹം കൂടിക്കാഴ്ചക്ക് സന്നദ്ധത അറിയിച്ച് രംഗത്തെത്തുകയായിരുന്നു.