വെടിനിര്‍ത്തലിന് ഇസ്‌റാഈലും ഹമാസും ധാരണയായി

  • മാസങ്ങള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്ക് താത്കാലിക വിരാമം
  • മേഖല ഒരു യുദ്ധസാഹചര്യത്തിലേക്ക് നീങ്ങുന്നതിനോട്ത ങ്ങള്‍ക്ക് താത്പര്യമില്ലെന്ന് ഇസ്‌റാഈല്‍
  • മധ്യവര്‍ത്തിയായി ഈജിപ്ത്
Posted on: May 31, 2018 6:05 am | Last updated: May 31, 2018 at 12:38 am

ഗാസ സിറ്റി: ഇസ്‌റാഈല്‍- ഫലസ്തീന്‍ സംഘര്‍ഷം രൂക്ഷമായതോടെ ഇരു വിഭാഗവും വെടിനിര്‍ത്തല്‍ കരാറിന് സന്നദ്ധത അറിയിച്ചു. 2014ലെ ഗാസ യുദ്ധത്തിന് ശേഷം ഉണ്ടായ ഏറ്റവും വലിയ സംഘര്‍ഷ ദിനങ്ങള്‍ക്കാണ് കഴിഞ്ഞ ഒരു മാസത്തോളമായി മേഖല സാക്ഷ്യം വഹിച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ ദിവസം ഹമാസിന്റെ ഒരു കേന്ദ്രവും മറ്റു നാല് കേന്ദ്രങ്ങളും ഇസ്‌റാഈല്‍ സൈന്യം ആക്രമിച്ചിരുന്നു.

ഗാസ മുനമ്പിലെ സായുധ സംഘം ഇസ്‌റാഈലുമായി വെടിനിര്‍ത്തല്‍ കരാറിന് തയ്യാറാണെന്ന് അറിയിച്ചതായി ഹമാസ് വ്യക്തമാക്കി. എന്നാല്‍ ഇതിനോട് ഇസ്‌റാഈല്‍ ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല. ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ കരാറിന് തയ്യാറാകുന്ന കാലത്തോളം തങ്ങളും വെടിനിര്‍ത്തുമെന്ന് സായുധ സംഘം അറിയിച്ചതായി ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യ പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മധ്യവര്‍ത്തികളുടെ സഹായത്തോടെ വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള ഒരുക്കത്തിലായിരുന്നുവെന്നും ഇതുസംബന്ധിച്ച ഏകദേശം ഒരു ധാരണയിലെത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് നേരത്തെ ഇസ്‌റാഈല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ, ഈജിപ്ത് ഇടപെട്ടാണ് ഇപ്പോള്‍ വെടിനിര്‍ത്തല്‍ കരാറിലെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിനിര്‍ത്തല്‍ കരാര്‍ ഇന്നലെ പ്രദേശിക സമയം രാവിലെ നാല് മുതല്‍ ആരംഭിച്ചതായും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ കരാറിന് തയ്യാറായോ എന്ന ചോദ്യത്തോട് ഇസ്‌റാഈല്‍ ഇന്റലിജന്‍സ് മന്ത്രി പ്രതികരിച്ചില്ല. അതേസമയം, മേഖല ഒരു യുദ്ധസാഹര്യത്തിലേക്ക് നീങ്ങുന്നതിനോട് തങ്ങള്‍ക്ക് താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാം ഹമാസിന്റെ പ്രവൃത്തികളെ ആശ്രയിച്ചായിരിക്കും നിലനില്‍ക്കുക. അവര്‍ ആക്രമം തുടങ്ങിയാല്‍ പിന്നീട് എന്ത്് സംഭവിക്കുമെന്നതിനെ കുറിച്ച് ഒരു വ്യക്തതയും പറയാനാകില്ലെന്നും അദ്ദേഹം അറിയിച്ചു.