Connect with us

Kerala

കെവിന്റെ മരണം: എല്ലാം പോലീസിന്റെ അറിവോടെ; ഐജിയുടെ റിപ്പോര്‍ട്ട് പുറത്ത്

Published

|

Last Updated

കോട്ടയം: കെവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ ഗാന്ധിനഗര്‍ എസ്‌ഐ ഷിബുവും എഎസ്‌ഐ ബിജുവും പ്രതികളായേക്കും. കെവിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കി കൊച്ചി റേഞ്ച് ഐജി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. കെവിനെ തട്ടിക്കൊണ്ടുപോയത് പോലീസിന്റെ അറിവോടെയാണെന്നും എഎസ്‌ഐ ബിജുവിന് ഇതെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്‍മേല്‍ ഡിജിപി നടപടിക്ക് ഉടന്‍ ശിപാര്‍ശ ചെയ്യും.

പ്രതികളുമായി ഒന്നിലേറെ തവണ എഎസ്‌ഐ സംസാരിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ അറിഞ്ഞു. ശനിയാഴ്ച ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത് എഎസ്‌ഐ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുലര്‍ച്ചെ സംഭവ സ്ഥലത്ത് എ.എസ്.ഐ എത്തിയിരുന്നു. അവിടെ വെച്ച് കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോ, മകന്‍ ഷാനു എന്നിവരുമായി എഎസ്‌ഐ ഫോണില്‍ രണ്ടു തവണ സംസാരിച്ചു.

കെവിന്‍ തങ്ങളുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ട കാര്യം അപ്പോള്‍ ഷാനു എ.എസ്.ഐയോട് പറഞ്ഞു. എവിടെ വച്ചാണ് രക്ഷപ്പെട്ടതെന്ന ചോദ്യത്തിന് തനിക്കറിയില്ലെന്ന് ഷാനു മറുപടി നല്‍കി. താന്‍ വേറെ വണ്ടിയിലാണ് വന്നതെന്നും കെവിനൊപ്പം തട്ടിക്കൊണ്ടു പോയ ബന്ധു അനീഷിന് അറിയാമെന്നും പറഞ്ഞു. തുടര്‍ന്ന് അനീഷിനെ സുരക്ഷിതമായി പോലീസിന്റെ കൈയില്‍ എത്തിക്കാമെന്നും പറഞ്ഞു. അനീഷിന്റെ വീട്ടില്‍ നശിപ്പിച്ച സാധനങ്ങളുടെ നഷ്ടപരിഹാരം നല്‍കാമെന്നും തന്റെ സഹോദരിയെ തിരിച്ചു വേണമെന്നും ഷാനു എഎസ്‌ഐയോട് പറഞ്ഞു. അതേസമയം തന്നെ എസ്.ഐ ഷിബുവിനെ വിളിക്കാന്‍ എ.എസ്.ഐ ശ്രമിച്ചെങ്കിലും എസ്.ഐ ഫോണ്‍ എടുത്തില്ല.

രാവിലെ ഒമ്പതിന് സ്‌റ്റേഷനില്‍ എത്തുമ്പോഴാണ് എസ്.ഐ വിവരം അറിയുന്നത്. കെവിനെ കാണാതായെന്ന ഭാര്യ നീനുവിന്റേയും പിതാവ് ജോസഫിന്റേയും പരാതിയില്‍ നടപടി എടുക്കാതെ കേവലം കുടുംബപ്രശ്‌നമായി മാത്രം പൊലീസ് വ്യാഖ്യാനിക്കുകയായിരുന്നു. അതാണ് കെവിന്റെ കൊലയില്‍ കലാശിച്ചത്. കെവിന്‍ താമസിച്ചിരുന്ന വീട് കാണിച്ചു കൊടുത്തത് എ.എസ്.ഐ ബിജുവാണെന്നും ആരോപണമുണ്ട്.

Latest